Image

പ്രോസ്റ്റേറ്റ് ട്യൂമർ വിജയകരമായി നീക്കം ചെയ്തു, ഇപ്പോൾ പൂർണ ആരോഗ്യവാനെന്ന് നെതന്യാഹു

Published on 25 April, 2026
 പ്രോസ്റ്റേറ്റ് ട്യൂമർ വിജയകരമായി നീക്കം ചെയ്തു, ഇപ്പോൾ പൂർണ ആരോഗ്യവാനെന്ന്  നെതന്യാഹു

ടെൽ അവീവ്: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ പ്രോസ്റ്റേറ്റ് ട്യൂമർ നീക്കം ചെയ്തു. കണ്ടെത്തിയ കാൻസർ ട്യൂമർ വിജയകരമായി നീക്കം ചെയ്‌തെന്നും  ഇപ്പോൾ താൻ പൂർണ ആരോഗ്യവാനാണെന്നും നെതന്യാഹു സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച പോസ്റ്റിലൂടെ വ്യക്തമാക്കി. ഈയിടെ നടത്തിയ പരിശോധനയിലാണു പ്രാരംഭാവസ്ഥയിലുള്ള കാൻസർ ട്യൂമർ കണ്ടെത്തിയത്.

താൻ പ്രോസ്റ്റേറ്റ് കാൻസറിന് ചികിത്സയിലായിരുന്നുവെന്നുവെന്നും ഇറാൻ ഈ റിപ്പോർട്ട് പ്രചാരണത്തിനായി ഉപയോഗിക്കരുതെന്ന് ആഗ്രഹിച്ചതിനാലാണ് റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നത് രണ്ട് മാസം വൈകിപ്പിച്ചതെന്ന് 76 കാരനായ നെതന്യാഹു പറഞ്ഞു. "യുദ്ധത്തിന്റെ മൂർദ്ധന്യത്തിൽ ഇറാനിലെ ഭരണകൂടം ഇസ്രായേലിനെതിരെ കൂടുതൽ തെറ്റായ പ്രചാരണം നടത്താൻ അനുവദിക്കാതിരിക്കാൻ തൻ്റെ മെഡിക്കൽ റിപ്പോർട്ട് പ്രസിദ്ധീകരണം രണ്ട് മാസം വൈകിപ്പിക്കാൻ നിർദേശം നൽകിയിരുന്നു" - എന്ന് നെതന്യാഹു പറഞ്ഞു.

"ദൈവത്തിന് നന്ദി, താൻ ആരോഗ്യവാനാണ്," പ്രോസ്റ്റേറ്റിൽ എനിക്ക് ഒരു ചെറിയ മെഡിക്കൽ പ്രശ്‌നമുണ്ടായിരുന്നു, അത് പൂർണ്ണമായും ചികിത്സിച്ചു." - എന്ന് നെതന്യാഹു പറഞ്ഞു. പ്രധാനമന്ത്രി തന്റെ ആരോഗ്യ വിവരങ്ങൾ പുറത്തുവിട്ടെങ്കിലും ചികിത്സ" എപ്പോഴാണ് നടത്തിയതെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. നിലവിൽ പ്രധാനമന്ത്രി ആരോഗ്യവാനാണ്. എല്ലാ രക്തപരിശോധനകളും ശാരീരികക്ഷമതാ പരിശോധനകളും സാധാരണ നിലയിലാണ്.

ഇസ്രായേലിന്റെ ചരിത്രത്തിലെ ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രി പദത്തിൽ തുടരുന്ന നെതന്യാഹു ഒരു വർഷം മുൻപ് പ്രോസ്റ്റേറ്റിന് ശസ്ത്രക്രിയ നടത്തിയിരുന്നു. അടുത്തിടെ നടത്തിയ പരിശോധനയിൽ വ്യാപിക്കാത്ത പ്രാരംഭ ഘട്ടത്തിലുള്ള ട്യൂമർ ഡോക്ടർമാർ കണ്ടെത്തി. ഇതോടെയാണ് ചികിത്സ ആരംഭിക്കുകയും ട്യൂമർ നീക്കം ചെയ്യുകയും ചെയ്തത്.  നെതന്യാഹു ഏകദേശം രണ്ടര മാസം മുൻപ് റേഡിയേഷൻ തെറാപ്പി ആരംഭിച്ചതായും അടുത്തിടെ ചികിത്സ പൂർത്തിയാക്കിയതായും അദ്ദേഹത്തിൻ്റെ ഓഫീസുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക