
പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി കടുത്ത അഭിപ്രായ ഭിന്നത പ്രകടമാക്കിയ ലിയോ പതിനാലാമൻ മാർപാപ്പയുടെ നിലപാടുകൾ അംഗീകരിച്ചു വൈസ് പ്രസിഡന്റ് ജെ ഡി വാൻസ്. അദ്ദേഹവും ട്രംപും തമ്മിലുള്ള ഭിന്നതകൾ കാണുന്നതിലും സങ്കീർണമാണെന്നു വാൻസ് എക്‌സിൽ പറഞ്ഞു.
മാർപാപ്പ പറഞ്ഞതു പോലെ, അദ്ദേഹത്തിന്റെ പങ്കു രാഷ്ട്രീയ നേതൃത്വത്തിൽ നിന്നു വ്യത്യസ്തമാണെന്നു കത്തോലിക്കാ സഭാംഗമായ വാൻസ് കുറിച്ചു. "മാർപാപ്പയ്ക്ക് നന്ദി. പാപ്പാ, അദ്ദേഹത്തിൽ നിന്നു പ്രതീക്ഷിക്കുന്നതു പോലെ, തിരുവചനമാണ് പഠിപ്പിക്കുന്നത്. അതുകൊണ്ടു സമകാലീന ധാർമിക വിഷയങ്ങളിൽ അദ്ദേഹം അഭിപ്രായം പറയുന്നത് സ്വാഭാവികം.
"പ്രസിഡന്റ്റും ഭരണകൂടം ഒന്നാകെയും ആ ധാർമിക തത്വങ്ങൾ സങ്കീർണമായ ഈ ലോകത്തു നടപ്പാക്കാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ യാഥാർഥ്യങ്ങൾ പലപ്പോഴും കാണുന്നതിനേക്കാൾ സങ്കീർണമാണ്. അതു കൊണ്ട് യഥാർഥമായും ഭിന്നതകൾ ഉണ്ടാവാം.
"പാപ്പാ ഞങ്ങളുടെ പ്രാർഥനകളിൽ ഉണ്ടാവും. അദ്ദേഹത്തിന്റെ പ്രാർഥനകളിൽ ഞങ്ങളെയും ഓർക്കുമെന്നു വിശ്വസിക്കുന്നു."
ട്രംപുമായി രാഷ്ട്രീയ വിവാദത്തിനു തയാറില്ലെന്നു പാപ്പാ വ്യക്തമാക്കിയിരുന്നു. ഇറാൻ യുദ്ധത്തെ കുറിച്ചുള്ള പാപ്പയുടെ അഭിപ്രായങ്ങളാണ് ട്രംപിനെ ചൊടിപ്പിച്ചത്.
JD Vance supports Pontiff's remarks