
എഫ് ബി ഐ ഡയറക്റ്റർ കാഷ് പട്ടേൽ അമിതമദ്യപാനിയാണെന്നു ആരോപിക്കുന്ന റിപ്പോർട്ടിന്റെ പേരിൽ 'ദ അറ്റ്ലാന്റിക്' പത്രത്തിനെതിരെ കേസ് കൊടുക്കുമെന്നു പട്ടേൽ താക്കീതു നൽകി. പൂർണമായും അവാസ്തവവും അപകീർത്തിപരവുമാണ് റിപ്പോർട്ടെന്നു പട്ടേൽ ചൂണ്ടിക്കാട്ടി.
അമിതമദ്യപാനിയായ ഡയറക്‌ടർ കൂടെക്കൂടെ അപ്രത്യക്ഷമാവുന്നു എന്നതും ജസ്റ്റിസ് ഡിപ്പാർട്മെന്റിൽ അമ്പരപ്പ് ഉളവാക്കിയിട്ടുണ്ടെന്നു റിപ്പോർട്ടിൽ പറയുന്നു. ഒരിക്കൽ അമിതമായി മദ്യപിച്ച അദ്ദേഹം പൂട്ടിയിട്ട മുറിയിൽ കുടുങ്ങിയെന്നും അതു സെക്യൂരിറ്റിക്കാർക്കു ബലം പ്രയോഗിച്ചു തുറക്കേണ്ടി വന്നുവെന്നും സാറാ ഫിറ്റ്‌സ്പാട്രിക് എഴുതിയ റിപ്പോർട്ടിലുണ്ട്.
"എല്ലാം അച്ചടിച്ചോളൂ, കോടതിയിൽ കാണാം, ചെക്ക് ബുക് കൂടി കൊണ്ടുപോന്നോളൂ," പട്ടേൽ പറഞ്ഞു.
റിപ്പോർട്ടിലെ പരാമർശങ്ങൾ ഒട്ടുമിക്കവാറും 'വ്യാജവും ഉറവിടമില്ലാത്തതും അപകീർത്തിപരവും' ആണെന്നു ചൂണ്ടിക്കാട്ടി സാറാ ഫിറ്റ്‌സ്പാട്രിക്കിനു അയച്ച സന്ദേശം പട്ടേലിന്റെ അഭിഭാഷകൻ ജെസി ബിനാൽ എക്‌സിൽ കയറ്റി. "കോടതിയിൽ കാണാം," അദ്ദേഹം പറഞ്ഞു. റിപ്പോർട്ടിന് ആധാരമായി ആശ്രയിക്കുന്ന ഉറവിടങ്ങൾ വ്യക്തമാക്കുന്നില്ല.
എന്നാൽ റിപ്പോർട്ടിൽ ഉറച്ചു നിൽക്കുന്നുവെന്നു ഫിറ്റ്‌സ്പാട്രിക് എംഎസ് നൗവിൽ വ്യക്തമാക്കി.
Kash Patel to sue 'The Atlantic' over excess drinking report