Image

ഇറാന്റെ കപ്പലുകൾ ലോകത്തു എവിടെയും പിടിച്ചെടുക്കാൻ യുഎസ് ആലോചിക്കുന്നു (പിപിഎം)

Published on 19 April, 2026
ഇറാന്റെ കപ്പലുകൾ ലോകത്തു എവിടെയും പിടിച്ചെടുക്കാൻ യുഎസ് ആലോചിക്കുന്നു (പിപിഎം)

ലോകമൊട്ടാകെ ഇറാനുമായി ബന്ധമുള്ള കപ്പലുകൾ പിടിച്ചെടുക്കാൻ യുഎസ് ആലോചിക്കുന്നു. ചർച്ചകൾ നടക്കുന്നതിനിടയിലും, ഓയിൽ ടാങ്കറുകൾ ഉൾപ്പെടെയുള്ള ഇറാന്റെ വാണിജ്യ കപ്പലുകളിൽ യുഎസ് സേന പ്രവേശിച്ചു പിടിച്ചെടുക്കുക എന്ന നിർദേശമാണ് പരിഗണിക്കുന്നത്.

ഹോർമുസ് കടലിടുക്കിൽ സംഘർഷം വർധിപ്പിച്ചു കൊണ്ട് ഇറാൻ സേന ശനിയാഴ്ച്ച നിരവധി കപ്പലുകൾക്കു നേരെ വെടിവയ്ക്കുകയും ആ കപ്പൽ പാത വിപ്ലവ സേന ഐ ആർ ജി സിയുടെ കർശനമായ നിയന്ത്രണത്തിലാണ് എന്നു പ്രഖ്യാപിക്കയും ചെയ്തിരുന്നു. ഹോർമുസ് തുറന്നിട്ടുവെന്നു ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി പറഞ്ഞത് വെള്ളിയാഴ്ചയാണ്. പ്രസിഡന്റ് ട്രംപ് അതിനെ സ്വാഗതം ചെയ്തിരുന്നു താനും.

അത്തരം വാഗ്‌ദാനങ്ങൾ മുഖവിലയ്ക്ക് എടുക്കാൻ കഴിയാത്ത സാഹചര്യത്തിൽ ഇറാനെ മുട്ടുകുത്തിക്കാൻ ലോകമൊട്ടാകെ അവരുടെ കപ്പലുകളെ ലക്ഷ്യമിടുക എന്ന തന്ത്രം പെന്റഗൺ ആണ് മുന്നോട്ടു വച്ചത്. ഇറാന്റെ സമ്പദ് വ്യവസ്ഥയ്ക്കു മേൽ സമ്മർദം ചെലുത്തുക എന്നതാണ് ലക്‌ഷ്യമെന്നു വോൾ സ്ട്രീറ്റ് ജേർണൽ ചൂണ്ടിക്കാട്ടുന്നു.

ഹോർമുസ് തുറപ്പിക്കുക, ഇറാന്റെ ആണവ പദ്ധതി ഇല്ലാതാക്കുക എന്നീ ലക്ഷ്യങ്ങൾ കണ്ടാണ് യുഎസ് നീക്കങ്ങൾ. ചർച്ചകളിലും പ്രധാന വിഷയങ്ങൾ അവ തന്നെ.

ഇറാനുമായി ബന്ധപ്പെട്ട എല്ലാ കപ്പലുകളും തടയുമെന്നു ജോയിന്റ് ചീഫ്‌സ് ചെയർമാൻ ജനറൽ ഡാൻ കെയ്ൻ വ്യാഴാഴ്ച്ച പറഞ്ഞിരുന്നു. വേഷം മാറി വരുന്ന ഇറാൻ കപ്പലുകളും തടയും.

ഇറാൻ ആവട്ടെ, യുദ്ധത്തിന്റെ അടുത്ത ഘട്ടം ഉണ്ടായാൽ നേരിടാൻ തയാറെടുക്കുന്നുണ്ട്. അവർക്കു ആയിരക്കണക്കിന് മിസൈലുകൾ ഇപ്പോഴും സ്റ്റോക്കുണ്ട്. ഭൂഗർഭ സ്റ്റോറേജിൽ നിന്നു മിസൈൽ ലോഞ്ചറുകളും പുറത്തെടുക്കുന്നുണ്ട്.

യുദ്ധം വീണ്ടും ആരംഭിച്ചാൽ കനത്ത പ്രഹരം ഏല്പിക്കാൻ യുഎസ് തയാറാണെന്നു വാർ സെക്രട്ടറി പീറ്റ് ഹേഗ്സേഥ് പറഞ്ഞു. എന്നാൽ കരയുദ്ധത്തിനു മടിയുണ്ട്. തത്കാലം സാമ്പത്തിക സമ്മർദം മുറുക്കുക എന്നതാണ് ഉദ്ദേശിക്കുന്നത്.

ഇറാൻ ദിവസവും കയറ്റുമതി ചെയ്യുന്നത് 1.6 മില്യൺ ബാരൽ എണ്ണയാണ്. അതിൽ അധികവും പോകുന്നത് ചൈനയിലേക്ക്.

US to target Iran ships worldwide

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക