
പോപ്പ് ലിയോ പതിനാലാമനെതിരെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ വിമർശനത്തിനു പിന്നാലെ പരസ്പരം തള്ളിപ്പറഞ്ഞ് ഉറ്റസുഹൃത്തുക്കളായിരുന്ന ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനിയും ഡൊണാൾഡ് ട്രംപും. മാർപാപ്പയ്ക്കെതിരെ സ്വയം യേശുദേവനായി ചിത്രീകരിച്ച് യുഎസ് പ്രസിഡന്റ് ട്രംപ് ഉയർത്തിയ വിമർശനം അംഗീകരിക്കാവുന്നതല്ലെന്നായിരുന്നു ഇറ്റാലിയൻ പ്രധാനമന്ത്രി മെലോനിയുടെ പ്രതികരണം.
ഇതേസമയം ഇറ്റാലിയൻ പത്രത്തിനു നൽകിയ അഭിമുഖത്തിൽ, മെലോനിയുടെ പ്രതികരണം ഞെട്ടിച്ചെന്നും മെലോനിക്കു ധൈര്യമുണ്ടെന്നാണു താൻ കരുതിയതെന്നും എന്നാൽ തനിക്ക് തെറ്റിയെന്നും ട്രംപ് പ്രതികരിച്ചു.
‘മെലോനിയുടെ നടപടിയാണ് അംഗീകരിക്കാനാവാത്തത്. കാരണം, ഇറാന്റെ കയ്യിൽ ആണവായുധമുണ്ടോ, അവസരം കിട്ടിയാൽ 2 മിനിറ്റു കൊണ്ട് ഇറ്റലിയെ ഇല്ലാതാക്കുമായിരുന്നോ എന്നതൊന്നും മെലോനിയുടെ വിഷയമല്ല’, ട്രംപ് കുറ്റപ്പെടുത്തി
കഴിഞ്ഞ മാസം ഇതേ പത്രത്തിനു നൽകിയ അഭിമുഖത്തിൽ മെലോനി മികച്ച നേതാവാണെന്നായിരുന്നു ട്രംപിന്റെ പ്രതികരണം.
അതേസമയം ട്രംപിന് പിന്തുണ നൽകിയിരുന്നെങ്കിലും ഇറാനുമായി യുദ്ധത്തിന് പോകാനുള്ള നടപടിയെ മെലോനി എതിർത്തിരുന്നു.