
മസാച്യുസെറ്റ്സ് : പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പിന്റെ ഭരണകൂടം കൂടുതല്‍ ഇമിഗ്രേഷന്‍ ജഡ്ജിമാരെ പുറത്താക്കി. ഫലസ്തീന്‍ അനുകൂല പ്രതിഷേധങ്ങളില്‍ പങ്കെടുത്ത വിദേശ വിദ്യാര്‍ത്ഥികളെ നാടുകടത്താനുള്ള സര്‍ക്കാരിന്റെ നീക്കം തടഞ്ഞ രണ്ട് ജഡ്ജിമാരും ഇതില്‍ ഉള്‍പ്പെടുന്നു.
കഴിഞ്ഞ വാരാന്ത്യത്തില്‍ മാത്രം 9 ജഡ്ജിമാരെ പുറത്താക്കി. കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ ഇതുവരെ ആകെ 113 ജഡ്ജിമാരെയാണ് ഇത്തരത്തില്‍ നീക്കം ചെയ്തത്.
മസാച്യുസെറ്റ്സിലെ ജഡ്ജിമാരായ രൂപാല്‍ പട്ടേല്‍, നീന ഫ്രോസ് എന്നിവര്‍ വിദ്യാര്‍ത്ഥികളെ നാടുകടത്തുന്നത് തടഞ്ഞതാണ് പെട്ടെന്നുള്ള പ്രകോപനമായത്. സര്‍ക്കാര്‍ തീരുമാനങ്ങള്‍ക്ക് എതിരെ വിധി പ്രസ്താവിക്കുന്ന ജഡ്ജിമാരെ ട്രംപ് ഭരണകൂടം പരസ്യമായി വിമര്‍ശിച്ചിരുന്നു.
കൃത്യമായ വിശദീകരണമോ നടപടിക്രമങ്ങളോ പാലിക്കാതെയാണ് ഈ പിരിച്ചുവിടലെന്ന് ഇമിഗ്രേഷന്‍ ജഡ്ജിമാരുടെ സംഘടന കുറ്റപ്പെടുത്തി. ഇത് നീതിയുക്തമല്ലെന്നും അവര്‍ പറഞ്ഞു.
ഫലസ്തീന്‍ അനുകൂല പ്രതിഷേധങ്ങളില്‍ പങ്കെടുക്കുന്ന വിദേശ വിദ്യാര്‍ത്ഥികളെ നാടുകടത്താന്‍ ട്രമ്പ് ഭരണകൂടം കര്‍ശന നീക്കങ്ങളാണ് നടത്തുന്നത്. എന്നാല്‍, ഇത് സ്വതന്ത്രമായ അഭിപ്രായപ്രകടനത്തിനുള്ള അവകാശത്തെ തടയുന്നതാണെന്ന് മനുഷ്യാവകാശ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു.