
കൊച്ചി: എറണാകുളം വല്ലാർപാടത്ത് മദ്യലഹരിയിൽ എഴുപത്തിരണ്ടുകാരനായ പിതാവിനെ ക്രൂരമായി തല്ലിച്ചതച്ച മകൻ പ്രവീണിനെ മുളവുകാട് പോലീസ് അറസ്റ്റ് ചെയ്തു. ലോട്ടറി വിൽപനക്കാരനായ പുരുഷൻ എന്ന വയോധികനെ മകൻ മർദിക്കുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് പോലീസ് നടപടി സ്വീകരിച്ചത്. എംഎ ബിരുദധാരിയായ പ്രവീൺ മദ്യപിച്ചെത്തി വീട്ടിൽ പതിവായി ബഹളമുണ്ടാക്കുന്ന സ്വഭാവക്കാരനായിരുന്നു.
മുൻപും പിതാവിനെ മർദിച്ചതുമായി ബന്ധപ്പെട്ട് ആറോളം കേസുകൾ ഇയാൾക്കെതിരെ മുളവുകാട് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ ഓരോ തവണയും പിതാവും സഹോദരിയും ചേർന്ന് പരാതി പിൻവലിച്ച് പ്രവീണിനെ വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു പതിവ്. പിന്നീട് പോലീസ് ഈ വിഷയം ആർഡിഒയുടെ ശ്രദ്ധയിൽപ്പെടുത്തുകയും അദ്ദേഹം നൽകിയ നിർദ്ദേശപ്രകാരം പ്രവീൺ ഡി-അഡിക്ഷൻ സെന്ററിൽ ചികിത്സ തേടുകയും ചെയ്തിരുന്നു.
ചികിത്സയ്ക്ക് ശേഷം മദ്യപാനം നിർത്തിയിരുന്ന പ്രവീണിനെ വീണ്ടും പ്രകോപിപ്പിച്ചത് കുടുംബത്തിലെ സ്വത്ത് തർക്കമാണെന്ന് പറയപ്പെടുന്നു. മൂന്ന് സെന്റ് സ്ഥലത്തിൽ ഒന്നര സെന്റ് പിതാവ് സഹോദരിക്ക് എഴുതി നൽകിയതിൽ പ്രകോപിതനായ പ്രവീൺ വീണ്ടും മദ്യപാനത്തിലേക്ക് കടക്കുകയും പിതാവിനെ ക്രൂരമായി ഉപദ്രവിക്കുകയുമായിരുന്നു. ഞായറാഴ്ച നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് പോലീസ് സ്വമേധയാ കേസെടുത്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.