
നോര്‍ത്ത് കരോലിന: അമേരിക്കയിലെ നോര്‍ത്ത് കരോലിനയില്‍ ഡേകെയറില്‍ വെച്ച് ചെറിയ കുട്ടിയുടെ കാലൊടിച്ച സംഭവത്തില്‍ 24-കാരിയായ അധ്യാപികയ്ക്കെതിരെ ചൈല്‍ഡ് അബ്യൂസ് (കുട്ടികള്‍ക്കെതിരെയുള്ള അതിക്രമം) കുറ്റം ചുമത്തി. റാലിയിലെ കിന്‍ഡര്‍ കെയര്‍ ജീവനക്കാരിയായിരുന്ന ആഷ്ലി നിക്കോള്‍ ടാരിസിനെതിരെയാണ് നടപടി.
2025 ഓഗസ്റ്റ് 22-നായിരുന്നു സംഭവം. നിലത്ത് ഇരിക്കാന്‍ ശ്രമിക്കുന്നതിനിടെ അധ്യാപിക കുട്ടിയെ ബലമായി പിടിച്ചിരുത്തിയപ്പോഴാണ് അപകടമുണ്ടായത്.
കുട്ടിയുടെ കാലിലെ അസ്ഥിക്ക് ഗുരുതരമായ ഒടിവ് സംഭവിച്ചതായി വൈദ്യപരിശോധനയില്‍ കണ്ടെത്തി. കാലുകള്‍ പിണച്ചുവെച്ച് ഇരിക്കാന്‍ നിര്‍ബന്ധിച്ചപ്പോഴാണ് കാലൊടിഞ്ഞതെന്ന് കുട്ടി മൊഴി നല്‍കി.
അന്വേഷണത്തെത്തുടര്‍ന്ന് നവംബറില്‍ ഇവരെ ഡേകെയര്‍ ജോലിയില്‍ നിന്ന് വിലക്കി. നിലവില്‍ ഇവര്‍ കിന്‍ഡര്‍ കെയറിലെ ജോലിയില്‍ നിന്ന് പുറത്തായിട്ടുണ്ട്.
കുട്ടികളുടെ സുരക്ഷയ്ക്കാണ് തങ്ങള്‍ മുന്‍ഗണന നല്‍കുന്നതെന്നും സംഭവം നടന്ന ഉടനെ തന്നെ അധികൃതരെയും രക്ഷിതാക്കളെയും വിവരം അറിയിച്ചിരുന്നതായും കിന്‍ഡര്‍ കെയര്‍ വക്താവ് അറിയിച്ചു.
കുട്ടികള്‍ക്കെതിരെയുള്ള അതിക്രമം, ഗുരുതരമായ ശാരീരിക പരിക്കേല്‍പ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് അധ്യാപികയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്.