
യുഎസ് ഭരണകൂടവുമായി ഏറ്റുമുട്ടാൻ തനിക്കൊരു താത്പര്യവുമില്ലെന്നു അമേരിക്കനായ ലിയോ പതിനാലാമൻ മാർപാപ്പ വ്യക്തമാക്കി. ട്രംപ് ഭരണകൂടത്തെ താൻ ഭയക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രസിഡന്റ് ട്രംപ് ഉയർത്തിയ വിമർശനങ്ങൾക്കു പ്രതികരിച്ച പാപ്പാ അൾജീരിയയിലേക്കുള്ള വിമാനയാത്രയ്ക്കിടയിൽ മാധ്യമങ്ങളോടു പറഞ്ഞു: "എനിക്കു ഡോണൾഡ് ട്രംപുമായി വാഗ്‌വാദം നടത്താൻ താല്പര്യമില്ല. ഞാൻ രാഷ്ട്രീയക്കാരനല്ല.
"നമുക്ക് യുദ്ധങ്ങൾ അവസാനിപ്പിക്കാം, സമാധാനം കണ്ടെത്താം."
തന്റെ സന്ദേശം വിശ്വാസത്തിൽ ഉറച്ചതാണെന്നു പാപ്പാ വ്യക്തമാക്കി. "ഞാൻ തിരുവചനത്തെ കുറിച്ചാണ് സംസാരിക്കുന്നത്. ചില ആളുകൾ ചെയ്യുന്നതു പോലെ തിരുവെഴുത്തുകൾ ദുരുപയോഗം ചെയ്യുന്നത് ശരിയല്ലെന്നു ഞാൻ വിശ്വസിക്കുന്നു."
സഭയുടെ സന്ദേശം തിരുവെഴുത്തുകളുടെ സന്ദേശമാണെന്നു പാപ്പാ പറഞ്ഞു. "ഒട്ടനവധി ആളുകൾ ഈ ലോകത്തു ദുരിതം അനുഭവിക്കുന്നുണ്ട്. സമാധാനം ഉണ്ടാക്കുന്നവർ വാഴ്ത്തപ്പെടട്ടെ."
ബിഷപ്പുമാർ വിമർശിക്കുന്നു
മാർപാപ്പയെ വിമർശിച്ചതിനു യുഎസ് കോൺഫറൻസ് ഓഫ് കാത്തലിക്ക് ബിഷപ്‌സ് ട്രംപിനെതിരെ ആഞ്ഞടിച്ചു. പാപ്പാ ട്രംപിന്റെ എതിരാളിയല്ലെന്നു അവർ ചൂണ്ടിക്കാട്ടി. അദ്ദേഹത്തെ രാഷ്ട്രീയമായി കാണേണ്ടതില്ല.
കോൺഫറൻസ് പ്രസിഡന്റ് ആർച്ച്ബിഷപ് പോൾ എസ്. കോക്‌ലി പറഞ്ഞു: "ട്രംപ് പറയുന്നത് അനുചിതവും വിഭാഗീയവുമാണ്. പരിശുദ്ധ പിതാവ് യേശു ക്രിസ്തുവിന്റെ വികാരിയാണ്. അദ്ദേഹം സംസാരിക്കുന്നത് തിരുവചനത്തിന്റെ സത്യം മാത്രമാണ്."
വൈറ്റ് ഹൗസ് ഇല്ലായിരുന്നെങ്കിൽ ലിയോ പതിനാലാമൻ മാർപ്പാപ്പ ആവുമായിരുന്നില്ലെന്നു വരെ ട്രംപ് പറഞ്ഞു. ഇറാനുമായി സമാധാനം ഉണ്ടാക്കണമെന്ന പാപ്പയുടെ ആഹ്വാനത്തെയും ട്രംപ് പുച്ഛിച്ചു.
Am not afraid of Trump admin: Pope