Image

ഇറാനുമായി നടത്തിയ ചർച്ചകൾ ‘സമയം നഷ്ടപ്പെടുത്തൽ’ മാത്രം: നിക്കി ഹേലി

Published on 13 April, 2026
ഇറാനുമായി നടത്തിയ ചർച്ചകൾ ‘സമയം നഷ്ടപ്പെടുത്തൽ’ മാത്രം: നിക്കി ഹേലി

വാഷിംഗ്ടൺ, ഏപ്രിൽ 13: അമേരിക്കയും ഇറാനും തമ്മിലുള്ള പുതിയ ചർച്ചകൾ സമയം നഷ്ടപ്പെടുത്തലായി മാറിയെന്നാണ് റിപ്പബ്ലിക്കൻ നേതാവും ഇന്ത്യൻ വംശജനുമായ നിക്കി ഹേലി അഭിപ്രായപ്പെട്ടത്. ഇറാന്റെ ആവശ്യങ്ങൾ അംഗീകരിക്കാതെ പിന്മാറിയ അമേരിക്കൻ തീരുമാനത്തെ അവർ പിന്തുണച്ചു. കൂടാതെ ഡൊണാൾഡ് ട്രംപ്പ് മുന്നോട്ടുവച്ച ഹോർമുസ് ഉപരോധിക്കുക എന്ന തന്ത്രത്തെയും അവർ അനുകൂലിച്ചു. ആഗോള സമ്പദ്‌വ്യവസ്ഥയെ ‘ബന്ദിയാക്കാൻ’ ഇറാൻ ഹോർമുസ് കടലിടുക്ക് ഉപയോഗിക്കുന്നുവെന്നും അവർ ആരോപിച്ചു.
 

വാഷിംഗ്ടണും ടെഹ്റാനും തമ്മിലുള്ള ചർച്ചകളിൽ പുരോഗതി ഉണ്ടായില്ലെന്ന് ഹേലി പറഞ്ഞു. അമേരിക്കയുടെ 15 പോയിന്റ് പദ്ധതിയും ഇറാന്റെ 10 പോയിന്റ് പദ്ധതിയും തമ്മിൽ വലിയ അന്തരമുണ്ടെന്നും അവർ വ്യക്തമാക്കി. ഇറാൻ തന്റെ ആണവ നിർമ്മാണ പ്രവർത്തനങ്ങളും തന്ത്രപ്രധാനമായ കടൽപ്പാതയിലെ നിയന്ത്രണവും വിട്ടുകൊടുക്കാൻ തയ്യാറായിരുന്നില്ലെന്നും ഹേലി പറഞ്ഞു.

ചർച്ചകൾ അവസാനിപ്പിക്കാനുള്ള വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ്  എടുത്ത തീരുമാനത്തെയും ഹേലി പിന്തുണച്ചു. ഇറാന് നോവുന്ന നടപടി എടുക്കുമെന്നും അവർ തുറന്നടിച്ചു.

ഇറാനെ സാമ്പത്തികമായി ദുർബലപ്പെടുത്തുന്നതാണ് പ്രധാന ലക്ഷ്യമെന്നും അവർ പറഞ്ഞു. ആഗോള വ്യാപാരത്തിന് ഹോർമുസ് കടലിടുക്ക് തുറന്ന നിലയിൽ തുടരുന്നത് നിർണായകമാണെന്നും അവർ ചൂണ്ടിക്കാട്ടി. അമേരിക്കയെയും ഗൾഫ് രാജ്യങ്ങളെയും കൂടുതൽ സമ്മർദ്ദത്തിലാക്കാൻ ഇറാൻ ശ്രമിക്കുന്നുവെന്നും അവർ വിലയിരുത്തി.

ആഗോളതലത്തിൽ കടൽപ്പാതയുടെ പ്രാധാന്യം വിശദീകരിച്ച ഹേലി, ലോകത്തെ എണ്ണയുടെ 20 ശതമാനം, ലിക്വിഫൈഡ് നാചുറൽ ഗ്യാസിന്റെ 20 ശതമാനം, വളത്തിന്റെ ഏകദേശം മൂന്നിലൊന്ന് എന്നിവ ഈ കടൽപ്പാതയിലൂടെ കടന്നുപോകുന്നുവെന്ന് വ്യക്തമാക്കി. സാധാരണയായി ദിവസേന 135 കപ്പലുകൾ കടന്നുപോകുന്നിടത്ത് ഇപ്പോൾ വളരെ കുറച്ച് കപ്പലുകൾ മാത്രമാണ് സഞ്ചരിക്കുന്നതെന്നും ഏകദേശം 400 കപ്പലുകൾ കാത്തുനിൽക്കുന്ന സാഹചര്യമുണ്ടെന്നും അവർ പറഞ്ഞു. 

ദീർഘകാല യുദ്ധം അമേരിക്കയുടെ ലക്ഷ്യമല്ലെന്നും അവർ വ്യക്തമാക്കി. ഇത് വേഗത്തിൽ അവസാനിപ്പിക്കണമെന്നും കടൽപ്പാത സുരക്ഷിതമാക്കാൻ അമേരിക്കൻ നാവികസേന ഇതിനകം പ്രദേശത്ത് സജ്ജമാണെന്നും പറഞ്ഞു.

ഇറാന്റെ ആണവ പദ്ധതിയെക്കുറിച്ച് സംസാരിച്ച ഹേലി, സമ്പുഷ്ട യൂറേനിയം നീക്കം ചെയ്യാതെ ഈ ദൗത്യം പൂര്‍ത്തിയാകില്ലെന്നും പറഞ്ഞു. ഇറാൻ ആണവായുധം കൈവശം വെക്കരുതെന്നതാണ് ഡൊണാൾഡ് ട്രംപിന്റെ നിലപാടെന്നും ഗൾഫ് സഖ്യരാജ്യങ്ങളും അതിനെ പിന്തുണക്കുന്നതായും അവർ കൂട്ടിച്ചേർത്തു. 

പരിമിതമായ സൈനിക നടപടി ആവശ്യമാകാനിടയുണ്ടെന്നും അവർ സൂചന നൽകി.  ഏകദേശം ഒരു ആഴ്ച മുതൽ 10 ദിവസത്തിനകം പൂർത്തിയാക്കാവുന്ന പ്രത്യേക സേനാ ദൗത്യം ആയാൽപോലും അത് അപകടസാധ്യതയുള്ളതായിരിക്കും എന്നും അവർ പറഞ്ഞു.

ഇറാന്റെ സൈനിക ശേഷി വർധിപ്പിക്കാൻ ചൈനയും റഷ്യയും സഹായിക്കുന്നുവെന്നും ഹേലി ആരോപിച്ചു. ചൈന നൂറുകണക്കിന് ബാലിസ്റ്റിക് മിസൈലുകൾ നൽകിയതായും ഉടൻ അധിക എയർ ഡിഫൻസ് സംവിധാനങ്ങളും നൽകാൻ സാധ്യതയുണ്ടെന്നും അവർ പറഞ്ഞു.

ഈ സാഹചര്യത്തിൽ ജിൻപിങ്ങുമായി  ഉച്ചകോടി നടത്തേണ്ടതുണ്ടോ എന്ന് സംശയമുണ്ടെന്നും ചൈന ഇറാനെ പിന്തുണയ്ക്കുന്നത് നിർത്തിയില്ലെങ്കിൽ അമേരിക്ക കടുത്ത നിലപാട് സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

2024ലെ തിരഞ്ഞെടുപ്പ് പ്രചാരണകാലത്ത് ട്രംപിനെ വിമർശിച്ചിരുന്നെങ്കിലും ഇപ്പോൾ അമേരിക്കയുടെ വൈരികളോട് ശക്തമായ നിലപാടാണ് അദ്ദേഹം സ്വീകരിക്കുന്നതെന്ന് ഹേലി പറഞ്ഞു. എന്നാൽ അദ്ദേഹത്തിന്റെ സമീപനം ചിലപ്പോൾ അസ്ഥിരത സൃഷ്ടിക്കാം എന്നും അവർ കൂട്ടിച്ചേർത്തു.

അതേസമയം ആഭ്യന്തര തലത്തിൽ അമേരിക്കയുടെ സമ്പദ്‌വ്യവസ്ഥയും വർധിച്ചുവരുന്ന കടബാധ്യതയും ഏറ്റവും വലിയ പ്രശ്നങ്ങളാണെന്നും ഏകദേശം 40 ട്രില്യൺ ഡോളറിലേക്കെത്തുന്ന ദേശീയ കടവും സാമൂഹിക ക്ഷേമ പദ്ധതികളിലെ സമ്മർദ്ദവും ആശങ്കയുണ്ടാക്കുന്നതായും ഹേലി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക