
ഇസ്ലാമബാദിൽ യുഎസ്-ഇറാൻ ചർച്ചകൾ തീരുമാനങ്ങളൊന്നുമില്ലാതെ പിരിയുന്നു എന്നു യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് ഞായറാഴ്ച്ച രാവിലെ പത്രസമ്മേളനത്തിൽ പറഞ്ഞു.
"ഞങ്ങൾ 21 മണിക്കൂർ സംസാരിച്ചു," വാൻസ് പറഞ്ഞു. ഇറാനുമായി പ്രാധാന്യമുള്ള ഒട്ടേറെ വിഷയങ്ങൾ സംസാരിച്ചു. അത് നല്ല കാര്യമാണ്.
"നല്ലതല്ലാത്ത വാർത്ത തീരുമാനമൊന്നും ഉണ്ടായില്ല എന്നതാണ്. അതു കൊണ്ട് ഞങ്ങൾ യുഎസിലേക്കു തിരിച്ചു പോകുന്നു."
അണ്വായുധം ഉണ്ടാക്കില്ലെന്ന ഉറപ്പു നൽകാൻ ഇറാൻ വിസമ്മതിച്ചെന്നു വാൻസ് ചൂണ്ടിക്കാട്ടി.
21 മണിക്കൂർ നീണ്ട ചർച്ചകളിൽ തീരുമാനമാകാത്ത ഒരു വിഷയം ഹോർമുസ് ആണെന്നു ഇറാൻ വാർത്താ ഏജൻസികൾ ചൂണ്ടിക്കാട്ടി. ശനിയാഴ്ച്ച രാത്രി വൈകിയും നീണ്ട ചർച്ചകൾ ഞായറാഴ്ച്ച പുലർന്നിട്ടും കഴിഞ്ഞിട്ടില്ല എന്നാണ് പാക്ക് മാധ്യമങ്ങൾ പറയുന്നത്.
എന്നാൽ ചർച്ച തുടരും എന്നു തന്നെയാണ് പാക്കിസ്ഥാൻ പറയുന്നത്. ഇരു പക്ഷത്തും ക്ഷമ നഷ്ടപ്പെട്ട ചൂടുപിടിച്ച വാഗ്‌വാദം ഉണ്ടായി.
യുഎസ് അമിതമായ ആവശ്യങ്ങൾ ഉന്നയിക്കുന്നതാണ് പ്രശ്നമെന്നു ഇറാൻ വിദേശകാര്യ വക്താവ് ഇസ്മയിൽ ബഖായ് പറഞ്ഞു. “ഹോർമുസ്, ആണവ പദ്ധതി, യുദ്ധത്തിലെ നഷ്ടപരിഹാരം, സമ്പൂർണമായ യുദ്ധവിരാമം എന്നീ വിഷയങ്ങൾ ചർച്ച ചെയ്തു.”
യുഎസ് കപ്പലുകൾ ഹോർമുസ് കടന്നു
രണ്ടു യുഎസ് പടക്കപ്പലുകൾ ഹോർമുസ് കടലിടുക്ക് കടന്നു. യുദ്ധം ആരംഭിച്ച ശേഷം ആദ്യമായാണിത്. ഇറാനെ അറിയിച്ച ശേഷമാണു കപ്പലുകൾ കടന്നു പോയത്.
ഹോർമുസിൽ ഇറാൻ വിതറിയ മൈനുകൾ നീക്കം ചെയ്യാൻ അവർക്കു കഴിയാത്തതു കൊണ്ട് കടലിടുക്ക് തുറക്കാൻ കഴിയാതെ വന്നിരുന്നു. എന്നാൽ യുഎസ് കപ്പലുകൾ മൈനുകൾ നീക്കം ചെയ്തെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
യുഎസ്എസ് ഫ്രാങ്ക് പീറ്റേഴ്‌സൻ, യുഎസ്എസ് മൈക്കൽ മർഫി എന്നീ കപ്പലുകൾ ഹോർമുസ് അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിനു തുറന്നു കൊടുക്കാനുള്ള വിശാല ദൗത്യത്തിൽ പങ്കെടുത്തുവെന്നു യുഎസ് സെൻട്രൽ കമാൻഡ് (സെന്റ്‌കോം) അറിയിച്ചു. ഇറാൻ വിപ്ലവ സേന വിതറിയ മൈനുകൾ അവ നീക്കം ചെയ്തു.
"കടലിനടിയിൽ തെരച്ചിൽ നടത്തുന്ന ഡ്രോണുകൾ ഈ ദൗത്യത്തിൽ ഉപയോഗിക്കുന്നുണ്ട്," സെന്റ്‌കോം പറഞ്ഞു. "ഹോർമുസ് കടലിടുക്ക് അന്താരാഷ്ട്ര കപ്പൽ പാതയാണ്. അവശ്യ വ്യാപാര ഇടനാഴിയും."
ഹോർമുസ് തുറക്കാനുള്ള ശ്രമം ആരംഭിച്ചെന്നു പ്രസിഡന്റ് ട്രംപ് നേരത്തെ ട്രൂത് സോഷ്യലിൽ കുറിച്ചിരുന്നു. "ചൈന, ജപ്പാൻ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങൾക്കു യുഎസ് ചെയ്യുന്ന ഉപകാരമാണിത്. അവർക്കു അതു സ്വയം ചെയ്യാനുള്ള കഴിവില്ല."
ചൈനയ്ക്കു താക്കീത്
ഇറാനു ചൈന ആയുധങ്ങൾ നൽകിയാൽ അവർക്കു വലിയ പ്രശ്നങ്ങൾ ഉണ്ടാവുമെന്നു ട്രംപ് അതിനിടെ താക്കീതു നൽകി.
മേയിൽ ട്രംപ് ചൈന സന്ദർശിക്കുന്നുണ്ട്.
Vance says talks end, no agreement