
മിഡിൽ ഈസ്റ്റ് യുദ്ധം അവസാനിപ്പിക്കാൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച വെടിനിർത്തൽ ലെബനനു ബാധകമല്ലെന്ന ഇസ്രയേലിന്റെ നിലപാട് പ്രതിസന്ധി സൃഷ്ടിക്കുന്നു. അവർ വെടിനിർത്തൽ ലംഘിക്കുന്നുവെന്നു ഇറാൻ ആരോപിക്കയും ചെയ്തു.
വെള്ളിയാഴ്ച്ച ഇസ്ലാമബാദിൽ ആരംഭിക്കുന്ന ചാർച്ചകളിൽ ഇറാൻ പങ്കെടുക്കണമെങ്കിൽ ഇസ്രയേൽ യുദ്ധവിരാമ വ്യവസ്ഥകൾ പാലിച്ചേ തീരൂ എന്നു ഇറാൻ സംഘത്തെ നയിക്കുന്ന പാർലമെന്റ് സ്‌പീക്കർ മുഹമ്മദ് ബാഗർ ഗാലിബഫ് പറഞ്ഞു. താത്കാലിക വെടിനിർത്തലിന് ആധാരമായ 10 നിർദേശങ്ങളിൽ മൂന്നെണ്ണം അവർ അവഗണിക്കുന്നു എന്നാണ് അദ്ദേഹത്തിന്റെ ആക്ഷേപം.
ഒന്ന്, ലെബനനിൽ ആക്രമണം തുടരുന്നു. രണ്ട്, ഇറാന്റെ വ്യോമാതിർത്തി ലംഘിക്കുന്നു. മൂന്ന്, യുറേനിയം സമ്പുഷ്ടമാക്കാനുള്ള ഇറാന്റെ അവകാശം തടയാൻ ശ്രമിക്കുന്നു.
അതേ സമയം, താത്കാലിക വെടിനിർത്തൽ കരാറിൽ ലെബനനിലെ ഹിസ്‌ബൊള്ളയുമായുള്ള യുദ്ധം ഉൾപെടുന്നില്ലെന്നു ഇസ്രയേലി പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പറഞ്ഞു. അദ്ദേഹത്തെ യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് പിന്തുണയ്ക്കുകയും ചെയ്‌തു.
"ഞങ്ങൾ ഹിസ്‌ബൊള്ളയെ തുടർന്നും ശക്തമായി ആക്രമിക്കുന്നു," നെതന്യാഹു പറഞ്ഞു. ഇന്നു ഞങ്ങൾ 10 മിനിറ്റിൽ 100 ലക്ഷ്യങ്ങളിൽ അടിച്ചു."
ചർച്ച വിജയിച്ചില്ലെങ്കിൽ ഇറാനെതിരെ ശക്തമായ ആക്രമണം വീണ്ടും ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇറാൻ യുറേനിയം സമ്പുഷ്ടമാക്കാൻ പാടില്ല എന്നത് ഇസ്രയേലിന്റെ ഉറച്ച നിലപാടാണ്. അവർ അണ്വായുധം ഉണ്ടാക്കുന്നത് തടഞ്ഞേ തീരൂ.
"ഞങ്ങൾക്ക് ഇനിയും ലക്ഷ്യങ്ങൾ നേടാനുണ്ട്. അത് ഒത്തുതീർപ്പു വഴിയോ യുദ്ധം വഴിയോ നേടും."
വെടിനിർത്തൽ കരാറിൽ ലെബനൻ ഉൾപെടുന്നില്ലെന്നു ചർച്ചകളിൽ യുഎസിനെ നയിക്കുന്ന ജെ ഡി വാൻസ് പറഞ്ഞു. ഇറാൻ ഹോർമുസ് തുറന്നില്ലെങ്കിൽ പ്രസിഡന്റ് ട്രംപ് വീണ്ടും ആക്രമണത്തിന് ഉത്തരവിടുമെന്നും ഹങ്കറിയിൽ അദ്ദേഹം പറഞ്ഞു.
"ലെബനനിൽ യുദ്ധം നിർത്താമെന്നു ഞങ്ങൾ പറഞ്ഞിട്ടില്ല. അങ്ങിനെ ഉണ്ടെന്നത് ഇറാന്റെ തെറ്റിദ്ധാരണയാണ്."
Stalemate over Lebanon threatens peace deal