Image

'എന്നെ എന്തിനാണ് ഇങ്ങനെ വേട്ടയാടുന്നത്? ഞാനൊരിക്കലും കൊലക്കേസില്‍ പ്രതിയായിട്ടില്ല', അടൂരിലെ ലഘുലേഖ വിവാദത്തില്‍ പൊട്ടിക്കരഞ്ഞ് യുഡിഎഫ് സ്ഥാനാര്‍ഥി

Published on 08 April, 2026
 'എന്നെ എന്തിനാണ് ഇങ്ങനെ വേട്ടയാടുന്നത്? ഞാനൊരിക്കലും കൊലക്കേസില്‍ പ്രതിയായിട്ടില്ല', അടൂരിലെ ലഘുലേഖ വിവാദത്തില്‍ പൊട്ടിക്കരഞ്ഞ് യുഡിഎഫ് സ്ഥാനാര്‍ഥി

പത്തനംതിട്ട: അടൂര്‍ നിയോജക മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് എതിരെ ലഘുലേഖ വിതരണം ചെയ്തതായി പരാതി. യുഡിഎഫ് സ്ഥാനാര്‍ഥി സി വി ശാന്തകുമാര്‍ കൊലക്കേസ് പ്രതിയാണെന്ന് എഴുതിയുള്ള ലഘുലേഖയാണ് വിതരണം ചെയ്തത്. സംഭവത്തില്‍ പരാതി നല്‍കിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ യുഡിഎഫ് സ്ഥാനാര്‍ഥി സി.വി. ശാന്തകുമാര്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞു.

'വിശ്വസിക്കുന്ന കല്ലേലി അപ്പൂപ്പനാണേ സത്യം. എനിക്കെതിരെ ഇങ്ങനെയൊരു കേസില്ല. എനിക്ക് അങ്ങനെയാകാനും കഴിയില്ല'. എന്ന് പറഞ്ഞായിരുന്നു സി വി ശാന്തകുമാര്‍ വികാരാധീനനായത്. വ്യക്തിഹത്യ ചെയ്യാനും ഇല്ലായ്മ ചെയ്യാനുമാണ് ശ്രമിക്കുന്നു. ഞാനൊരിക്കലും കൊലക്കേസില്‍ പ്രതിയായിട്ടില്ല. ജീവന് ഭീഷണിയുണ്ട്. എനിക്ക് ആശ്രയിക്കാവുനുള്ളത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാത്രമാണ്. എന്റെ മൃതദേഹമായിരിക്കും ഇവിടെ നിന്ന് കൊണ്ടുപോകുന്നത്. എന്നെ എന്തിനാണ് ഇങ്ങനെ വേട്ടയാടുന്നത്' എന്ന് പ്രതികരിച്ചു കൊണ്ടായിരുന്നു ശാന്തകുമാര്‍ വിങ്ങിപ്പൊട്ടിയത്.

തനിക്കെതിരെ ക്രിമിനൽ കേസുകൾ ഉണ്ടെന്ന് തെളിയിച്ചാൽ ആ നിമിഷം സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ തയ്യാറാണ്. . തെരഞ്ഞെടുപ്പിന്റെ അവസാന ദിവസം വോട്ടർമാരെ സ്വാധീനിക്കാനായി എൽഡിഎഫ് വ്യാജ നോട്ടീസുകൾ ഇറക്കുകയാണെന്ന് യുഡിഎഫ് ആരോപിച്ചു.

അതേസമയം, യുഡിഎഫ് സ്ഥാനാര്‍ഥി സിവി ശാന്തകുമാറിനെതിരെ കൊലക്കേസ് പ്രതി സ്ഥാനാര്‍ഥി എന്ന തലക്കെട്ടോടെ മണ്ഡലത്തില്‍ ഉടനീളം ലഘുലേഖ വിതരണം ചെയ്ത സംഭവത്തില്‍ സിപിഐ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. വ്യാജ നോട്ടീസ് വിതരണം ചെയ്തു സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിച്ചെന്നും എഫ്ഐആറില്‍ പറയുന്നു. പ്രവര്‍ത്തകരെ വിട്ടുതരണമെന്ന് ആവശ്യപ്പെട്ട് ഗോപകുമാറിന്റെ നേതൃത്വത്തില്‍ സിപിഐ പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷനില്‍ പ്രതിഷേധിച്ചു. എന്നാൽ നോട്ടീസ് ഇറക്കിയതിൽ തങ്ങൾക്ക് പങ്കില്ലെന്നാണ് സിപിഐ ജില്ലാ സെക്രട്ടറി വ്യക്തമാക്കിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക