
കൊച്ചി: എറണാകുളം ശിവക്ഷേത്രത്തിനായി ഭൂമി വാങ്ങുന്നതിന് ഭക്തരിൽ നിന്നും പൊതുജനങ്ങളിൽ നിന്നും സമാഹരിച്ച കോടിക്കണക്കിന് രൂപയ്ക്ക് കൃത്യമായ കണക്കുകളില്ലെന്ന് ഹൈക്കോടതി. 'എറണാകുളത്തപ്പന് ഒരടി മണ്ണ്' എന്ന പദ്ധതിയുടെ ഭാഗമായി സമാഹരിച്ച ഫണ്ടിൽ വലിയ തോതിലുള്ള ക്രമക്കേടുകൾ നടന്നതായാണ് കോടതിയുടെ നിരീക്ഷണം. ക്ഷേത്രക്ഷേമ സമിതിയുടെ പക്കൽ ഇതിനാവശ്യമായ രേഖകളില്ലെന്നും പണവിനിയോഗത്തിൽ സുതാര്യത ഉറപ്പുവരുത്തിയിട്ടില്ലെന്നും ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് ജി. ഗിരീഷ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
ഭൂമി വാങ്ങാനായി സമാഹരിച്ച തുകയുടെ കൃത്യമായ കണക്കുകൾ ഹാജരാക്കാൻ കോടതി നേരത്തെ നിർദ്ദേശിച്ചിരുന്നുവെങ്കിലും സമിതി ഇതിൽ പരാജയപ്പെടുകയായിരുന്നു. 2025 ജനുവരിയിൽ കൊച്ചി ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ ഓഫീസ് കുത്തിത്തുറന്ന് രേഖകൾ കൊണ്ടുപോയെന്ന സമിതിയുടെ വാദം കോടതി തള്ളി. ഇത്തരമൊരു സംഭവം നടന്നിരുന്നെങ്കിൽ എന്തുകൊണ്ട് സമിതി ഉടൻ കോടതിയെ സമീപിച്ചില്ലെന്ന് ചോദിച്ച ബെഞ്ച്, സമിതിയുടെ അവകാശവാദങ്ങളിൽ സംശയം പ്രകടിപ്പിച്ചു. സമാഹരിച്ച പണം എവിടെപ്പോയെന്നും എപ്രകാരം വിനിയോഗിച്ചുവെന്നും കണ്ടെത്താൻ സമഗ്രമായ ഓഡിറ്റിംഗിനും കോടതി ഉത്തരവിട്ടു.
ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ചും കോടതി സുപ്രധാന നിരീക്ഷണം നടത്തി. എറണാകുളത്തപ്പന്റെ പേരിൽ വാങ്ങിയ 1.25 ഏക്കർ ഭൂമിയുടെ പൂർണ്ണ ഉടമസ്ഥാവകാശം പ്രതിഷ്ഠയ്ക്കാണ്. ഇതിൽ ക്ഷേമ സമിതിക്ക് സഹ ഉടമസ്ഥാവകാശം നൽകിയ നടപടി തെറ്റാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഈ ഭൂമിയുടെ പൂർണ്ണമായ ഭരണനിർവഹണ ചുമതല കൊച്ചി ദേവസ്വം ബോർഡിനായിരിക്കുമെന്ന് പ്രഖ്യാപിച്ച കോടതി, നിലവിൽ സമിതിയുടെ കൈവശമുള്ള ഭൂമി ഒഴിയാനും നിർദ്ദേശിച്ചു. ഫണ്ട് വെട്ടിപ്പോ വിശ്വാസവഞ്ചനയോ നടന്നിട്ടുണ്ടെങ്കിൽ കർശന നിയമനടപടികൾ സ്വീകരിക്കാനും ദേവസ്വം ബോർഡിന് കോടതി നിർദ്ദേശം നൽകി.