
തളിപ്പറമ്പ്/ഗുരുവായൂർ: പ്രമുഖ വ്യവസായിയും റിലയൻസ് ഇൻഡസ്ട്രീസ് എക്സിക്യൂട്ടീവ് ഡയറക്ടറുമായ അനന്ത് അംബാനി കേരളത്തിലെ പ്രശസ്ത പുണ്യസങ്കേതങ്ങളായ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലും ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിലും ദർശനം നടത്തി. ഇരു ക്ഷേത്രങ്ങൾക്കുമായി ഭീമമായ തുകയുടെ സംഭാവനയും വികസന പ്രവർത്തനങ്ങൾക്കായി കോടികളുടെ സഹായവാഗ്ദാനവുമാണ് അദ്ദേഹം പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയാണ് അടുത്ത അനുയായികൾക്കൊപ്പം അദ്ദേഹം ക്ഷേത്രങ്ങളിൽ എത്തിയത്.
തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ രാത്രി എട്ടു മണിയോടെ എത്തിയ അനന്ത് അംബാനി പൊന്നുംകുടം സമർപ്പിച്ച് സവിശേഷമായ അശ്വമേധ നമസ്‌കാരം വഴിപാടായി നിർവഹിച്ചു. പട്ട്, താലി, നെയ്യമൃത് തുടങ്ങിയ വഴിപാടുകളും അദ്ദേഹം ഭഗവാന് സമർപ്പിച്ചു. ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി 12 കോടി രൂപയുടെ മാസ്റ്റർ പ്ലാനിന് അദ്ദേഹം പിന്തുണ പ്രഖ്യാപിച്ചു. ഇതിന്റെ ആദ്യഘട്ടമെന്ന നിലയിൽ മൂന്ന് കോടി രൂപയുടെ ചെക്ക് ക്ഷേത്ര ഭാരവാഹികൾക്ക് കൈമാറി. പൗരാണിക പ്രശസ്തിയുള്ള കിഴക്കേ ഗോപുരത്തിന്റെ നവീകരണത്തിനും ഭക്തർക്കായുള്ള അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനുമാണ് ഈ തുക പ്രധാനമായും വിനിയോഗിക്കുക.
ഗുരുവായൂർ ക്ഷേത്രത്തിൽ വൈകുന്നേരം അഞ്ചു മണിയോടെയാണ് അദ്ദേഹം ദർശനത്തിനെത്തിയത്. ക്ഷേത്ര ട്രസ്റ്റിന് മൂന്ന് കോടി രൂപ സംഭാവനയായി നൽകിയ അദ്ദേഹം, ഗുരുവായൂരിലെ ആനകളുടെ ക്ഷേമത്തിനായി വിപ്ലവകരമായ പദ്ധതികളും പ്രഖ്യാപിച്ചു. ആനകൾക്കായി അത്യാധുനിക സൗകര്യങ്ങളുള്ള ആശുപത്രി, ചങ്ങലകളില്ലാത്ത അഭയകേന്ദ്രം ശാസ്ത്രീയ പരിപാലന സംവിധാനങ്ങൾ എന്നിവ ഒരുക്കുന്നതിന് പൂർണ്ണ പിന്തുണ നൽകുമെന്ന് അദ്ദേഹം ഉറപ്പുനൽകി. റിലയൻസിന്റെ 'വന്താര' പദ്ധതിയുടെ ഭാഗമായാകും ഈ മൃഗസംരക്ഷണ പ്രവർത്തനങ്ങൾ നടപ്പിലാക്കുക.
ക്ഷേത്ര സന്ദർശനത്തിനെത്തിയ അദ്ദേഹത്തെ അധികൃതർ പരമ്പരാഗതമായ രീതിയിൽ സ്വീകരിച്ചു. തളിപ്പറമ്പിൽ ടി.ടി.കെ ദേവസ്വം പ്രസിഡന്റ് ടി.പി. വിനോദ്കുമാറും മുഖ്യതന്ത്രി ഇ.പി. കുബേരൻ നമ്പൂതിരിയും ചേർന്നാണ് സ്വീകരിച്ചത്. ഗുരുവായൂരിൽ ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ് ഉൾപ്പെടെയുള്ളവർ ചേർന്ന് അദ്ദേഹത്തിന് സ്മരണികയും പ്രസാദവും നൽകി ആദരിച്ചു. അതീവ സുരക്ഷാ സന്നാഹങ്ങളോടെയായിരുന്നു അംബാനിയുടെ സന്ദർശനം.