
തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് 40 മുതൽ 50 സീറ്റുകളിൽ ഒതുങ്ങുമെന്നും എൽഡിഎഫിന് ഭരണത്തുടർച്ചയ്ക്ക് സാധ്യതയില്ലെന്നും ബിജെപി സംസ്ഥാന പ്രസിഡന്റും നേമം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖർ. കേരളത്തിൽ ത്രികോണ മത്സരം നടക്കുന്ന അവസാന തെരഞ്ഞെടുപ്പായിരിക്കും ഇത്തവണത്തേതെന്നും അദ്ദേഹം പറഞ്ഞു. 'ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ' പ്രീ-പോൾ ചാറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2026-ന് ശേഷം ഒരു വശത്ത് എൻഡിഎയും മറുവശത്ത് ഇൻഡി മുന്നണിയും അണിനിരക്കുന്ന ദ്വിമുഖ പോരാട്ടത്തിനാകും സംസ്ഥാനം സാക്ഷ്യം വഹിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും നിർണായകമായ പോരാട്ടമാണിത്. എൻഡിഎ സംസ്ഥാനത്ത് നിർണായക ശക്തിയായി ഉയർന്നു വരുമെന്ന് രാജീവ് ചന്ദ്രശേഖർ അവകാശപ്പെട്ടു. മുസ്ലിം വോട്ടുകൾ ലഭിക്കുമെന്ന യുഡിഎഫിന്റെ മോഹം നടപ്പിലാകാൻ പോകുന്നില്ല. ഭരണവിരുദ്ധ വോട്ടുകൾ തങ്ങൾക്ക് അനുകൂലമാകുമെന്ന അവരുടെ കണക്കുകൂട്ടലുകൾ തെറ്റും. യുഡിഎഫ് വിജയം ഉറപ്പിച്ചിരുന്നെങ്കിൽ എ ടീം, ബി ടീം തുടങ്ങിയ ആരോപണങ്ങൾ ഉന്നയിക്കേണ്ടി വരില്ലായിരുന്നുവെന്നും അദ്ദേഹം പരിഹസിച്ചു.
സിപിഎം ബിജെപിയുടെ ബി ടീമാണെന്ന വാദം മലയാളി വിശ്വസിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇരുപാർട്ടികളും തമ്മിലുള്ള രാഷ്ട്രീയ അക്രമങ്ങളുടെ ചരിത്രം അതിന് തെളിവാണ്. ബിജെപിയുടെ പ്രഖ്യാപിത ലക്ഷ്യം കോൺഗ്രസിനെ ഇല്ലാതാക്കുക എന്നതാണ്. യഥാർത്ഥത്തിൽ സിപിഎമ്മും കോൺഗ്രസും തമ്മിലാണ് രഹസ്യ ധാരണയുള്ളത്. മുസ്ലിം ലീഗിന്റെയും ജമാഅത്തെ ഇസ്ലാമിയുടെയും വോട്ടുകൾ മാത്രമാണ് കോൺഗ്രസ് ഏകീകരിക്കാൻ ശ്രമിക്കുന്നത്. എന്നാൽ എല്ലാ മുസ്ലിം വിഭാഗങ്ങളും ക്രിസ്ത്യൻ വിഭാഗങ്ങളും കോൺഗ്രസിനൊപ്പമാണെന്ന് കരുതാനാവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മുന്നണികളുടെ ഉറച്ച കോട്ടകളെന്ന് കരുതപ്പെടുന്ന പല മണ്ഡലങ്ങളും ഇത്തവണ നഷ്ടപ്പെടും. ബിജെപി നടത്തിയ സർവേ പ്രകാരം 68 ശതമാനം മലയാളികളും യുഡിഎഫിലും എൽഡിഎഫിലും അതൃപ്തരാണ്. അതേസമയം 62 ശതമാനം പേർ നരേന്ദ്ര മോദിയെ മികച്ച നേതാവായി കണക്കാക്കുന്നു. ഇതോടെ കേരളത്തിൽ കോൺഗ്രസ് അല്ലെങ്കിൽ എൻഡിഎ എന്ന രണ്ട് സാധ്യതകളിലേക്ക് കാര്യങ്ങൾ മാറുകയാണ്. ഇടതുപക്ഷം അടിച്ചമർത്തപ്പെട്ടവരുടെ പക്ഷത്താണെന്ന് അവകാശപ്പെടുമ്പോഴും ആ വിഭാഗത്തിൽപ്പെട്ട മൂന്ന് മുൻ എംഎൽഎമാർ ബിജെപിയിൽ ചേർന്നത് ഇതിന്റെ സൂചനയാണെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെയും രാജീവ് ചന്ദ്രശേഖർ രൂക്ഷവിമർശനം ഉന്നയിച്ചു. പിണറായി വിജയൻ മുതിർന്ന നേതാവാണെങ്കിലും മുഖ്യമന്ത്രി എന്ന നിലയിൽ വൻ പരാജയമാണ്. കേരളത്തിന്റെ 'നഷ്ടപ്പെട്ട ദശകത്തിന്റെ ശില്പി' എന്നാകും അദ്ദേഹം വിശേഷിപ്പിക്കപ്പെടുക. തന്നെ വ്യവസായി എന്ന് വിളിക്കുന്ന വി. ശിവൻകുട്ടി, മുഖ്യമന്ത്രിയുടെ മകളും ഒരു സംരംഭകയാണെന്ന കാര്യം മറക്കരുത്. വി.ഡി സതീശൻ വെറുമൊരു കോൺഗ്രസുകാരൻ മാത്രമാണെന്നും അതിലപ്പുറം ഒന്നും പറയാനില്ലെന്നും അദ്ദേഹം പ്രതികരിച്ചു.