
ആലപ്പുഴ: ഹരിപ്പാട് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയും മുതിർന്ന കോൺഗ്രസ് നേതാവുമായ രമേശ് ചെന്നിത്തലയെ അധിക്ഷേപിക്കുന്ന തരത്തിൽ കൃത്രിമമായി നിർമ്മിച്ച എ.ഐ വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ സൈബർ പോലീസ് കേസെടുത്തു. ചെന്നിത്തലയുടെ ഇലക്ഷൻ കമ്മിറ്റി ചെയർമാൻ അനിൽ ബി. കളത്തിൽ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ പരാതിയെത്തുടർന്നാണ് നടപടി. സംഭവത്തിൽ ആലപ്പുഴ സൈബർ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
മതവികാരത്തെ വ്രണപ്പെടുത്തുന്നതും തെറ്റിദ്ധാരണാജനകവുമായ പ്രസ്താവനകൾ ഉൾപ്പെടുത്തിയാണ് വീഡിയോ നിർമ്മിച്ചിരിക്കുന്നത്. രമേശ് ചെന്നിത്തലയുടെയും എതിർ സ്ഥാനാർത്ഥിയായ ബി.ജെ.പി നേതാവിന്റെയും ദൃശ്യങ്ങൾ എ.ഐ സാങ്കേതികവിദ്യ ഉപയോഗിച്ച് മാറ്റം വരുത്തിയാണ് പ്രചരിപ്പിച്ചത്. ഭാരതീയ ന്യായ സംഹിതയിലെ 192-ാം വകുപ്പ് പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്സ്ആപ്പ്, യൂട്യൂബ് തുടങ്ങിയ പ്ലാറ്റ്ഫോമുകൾ വഴി വീഡിയോ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടതായി പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
പ്രചാരണത്തിന് പിന്നിൽ ബി.ജെ.പി കേന്ദ്രങ്ങളാണെന്ന് യു.ഡി.എഫ് ആരോപിച്ചു. തെരഞ്ഞെടുപ്പ് വേളയിൽ സ്ഥാനാർത്ഥിയുടെ പ്രതിച്ഛായ തകർക്കാൻ ബോധപൂർവമായ ശ്രമമാണ് നടക്കുന്നതെന്നും പരാതിയിൽ പറയുന്നു. വീഡിയോയുടെ ഉറവിടം കണ്ടെത്താൻ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിന്ന് പോലീസ് വിവരങ്ങൾ ശേഖരിച്ചു വരികയാണ്. സാങ്കേതിക വിദ്യ ദുരുപയോഗം ചെയ്ത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.