
പാലക്കാട്: അട്ടപ്പള്ളത്ത് ജാർഖണ്ഡ് സ്വദേശി ആൾക്കൂട്ട മർദനമേറ്റു കൊല്ലപ്പെട്ട കേസിലെ ആറാം പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കിഴക്കേ അട്ടപ്പള്ളം സ്വദേശി വിനോദ് കുമാർ (54) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ വീടിന് സമീപത്തെ പറമ്പിലാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ കഞ്ചിക്കോട് പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
കേസിൽ മണ്ണാർക്കാട് പ്രത്യേക കോടതി നേരത്തെ വിനോദ് കുമാറിന് ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ, ഇരയുടെ ഭാഗം കേൾക്കാതെയാണ് ജാമ്യം നൽകിയതെന്ന് ചൂണ്ടിക്കാട്ടി അന്വേഷണസംഘം ഹൈക്കോടതിയെ സമീപിച്ചു. വിനോദ് കുമാറിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് മരണം സംഭവിച്ചിരിക്കുന്നത്. കേസിൽ ആകെ ഒമ്പത് പ്രതികളാണ് ഉള്ളത്.
കൊല്ലപ്പെട്ട രാം നാരായൺ ഭഗേലിന്റെ ബന്ധുക്കളുടെ പരാതിയെത്തുടർന്ന് ഹൈക്കോടതി ഇടപെടുകയും കേസിലെ മറ്റ് എട്ട് പ്രതികളുടെയും ജാമ്യം ഒരു മാസം മുൻപ് റദ്ദാക്കുകയും ചെയ്തിരുന്നു. ഇവർ നിലവിൽ റിമാൻഡിലാണ്. കഴിഞ്ഞ ദിവസം പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിച്ച മണ്ണാർക്കാട് പ്രത്യേക കോടതി, കേസ് ഈ മാസം 18-ലേക്ക് മാറ്റിയിരിക്കുകയാണ്. കൊല്ലപ്പെട്ട രാം നാരായണിന്റെ ഭാര്യയെ അന്ന് കോടതിയിൽ ഹാജരാക്കാൻ ജഡ്ജി ജോമോൻ ജോൺ ഉത്തരവിട്ടിട്ടുണ്ട്.
കഴിഞ്ഞ ഡിസംബർ 17-നാണ് ജാർഖണ്ഡ് സ്വദേശിയായ രാം നാരായൺ ഭഗേൽ അട്ടപ്പള്ളത്ത് ആൾക്കൂട്ട ആക്രമണത്തിനിരയായി കൊല്ലപ്പെട്ടത്. മോഷണക്കുറ്റം ആരോപിച്ചായിരുന്നു ക്രൂരമായ മർദനം. വിചാരണ നടപടികൾ പുരോഗമിക്കുന്നതിനിടെ പ്രതികളിലൊരാൾ മരിച്ച സാഹചര്യത്തിൽ, മരണത്തിൽ ദുരൂഹതയുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ പോലീസ് പരിശോധിച്ചു വരികയാണ്.