Image

തെരഞ്ഞെടുപ്പ് കലാശക്കൊട്ട് ; കൊല്ലത്ത് യു.ഡി.എഫ് പ്രവർത്തകരുടെ കാറിടിച്ച് രണ്ട് വിദ്യാർത്ഥികൾക്ക് പരിക്ക്

Published on 08 April, 2026
തെരഞ്ഞെടുപ്പ് കലാശക്കൊട്ട് ; കൊല്ലത്ത് യു.ഡി.എഫ് പ്രവർത്തകരുടെ കാറിടിച്ച് രണ്ട് വിദ്യാർത്ഥികൾക്ക് പരിക്ക്

കൊല്ലം: കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിയ കെ.എസ്.യു പ്രവർത്തകർ സഞ്ചരിച്ച കാറിടിച്ച് കായിക താരങ്ങളായ രണ്ട് വിദ്യാർത്ഥികൾക്ക് ഗുരുതരമായി പരിക്കേറ്റു. കൊല്ലം വള്ളിക്കീഴ് ഗവ. എച്ച്.എസ്.എസിലെ എട്ടാം ക്ലാസ് വിദ്യാർത്ഥികളായ ചിന്നുലക്ഷ്മി, ധനലക്ഷ്മി എന്നിവർക്കാണ് പരിക്കേറ്റത്. ബുധനാഴ്ച വൈകിട്ട് 6.30-ഓടെ ആശ്രാമം ലിങ്ക് റോഡിൽ കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്ക് സമീപമായിരുന്നു അപകടം. കാറിടിച്ച ആഘാതത്തിൽ ചിന്നുലക്ഷ്മി അഷ്ടമുടി കായലിലേക്ക് തെറിച്ചുവീണു. ധനലക്ഷ്മി ഫുട്പാത്തിലെ സംരക്ഷണ കമ്പികൾക്കിടയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു.

​ആശ്രാമം ഹോക്കി സ്റ്റേഡിയത്തിലെ സമ്മർ ക്യാമ്പിൽ പങ്കെടുത്ത ശേഷം രക്ഷിതാക്കൾക്കൊപ്പം മടങ്ങുകയായിരുന്നു വിദ്യാർത്ഥികൾ. അമിതവേഗതയിലെത്തിയ കാർ നിയന്ത്രണം വിട്ട് ഫുട്പാത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. നാട്ടുകാരും ഫയർഫോഴ്സും ചേർന്നാണ് കായലിൽ വീണ പെൺകുട്ടിയെ രക്ഷപ്പെടുത്തിയത്. ഇരുവരെയും ആദ്യം ജില്ലാ ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടമുണ്ടാക്കിയ കാർ ഓടിച്ചിരുന്ന നെയ്യാറ്റിൻകര സ്വദേശി ദേവനന്ദിനെ കൊല്ലം ഈസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തു.

​സംഭവം രാഷ്ട്രീയ വിവാദങ്ങൾക്കും വഴിവെച്ചിട്ടുണ്ട്. കോൺഗ്രസ് സ്ഥാനാർത്ഥി ബിന്ദു കൃഷ്ണയുടെ പ്രചാരണ വാഹനമാണ് അപകടമുണ്ടാക്കിയതെന്ന് സി.പി.എം ആരോപിച്ചു. എന്നാൽ കൊട്ടിക്കലാശം കഴിഞ്ഞ് പ്രവർത്തകർ മടങ്ങിയ വാഹനമാണിതെന്നാണ് പ്രാഥമിക വിവരം. അപകടത്തെത്തുടർന്ന് ലിങ്ക് റോഡിൽ നേരിയ സംഘർഷാവസ്ഥ നിലനിന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക