
കൊച്ചി: 2018-ലെ പ്രളയം മനുഷ്യനിര്‍മിതമാണെന്ന് തെളിയിക്കുന്ന ശബ്ദരേഖ വ്യാജമെന്ന് തെളിയിച്ചാല്‍ എം.എല്‍.എ സ്ഥാനം രാജിവയ്ക്കാന്‍ തയ്യാറാണെന്ന് മാത്യു കുഴല്‍നാടന്‍. വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടേതെന്ന പേരില്‍ താന്‍ പുറത്തുവിട്ട ഓഡിയോ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) ഉപയോഗിച്ച് നിര്‍മിച്ചതാകാമെന്ന മന്ത്രിയുടെ വിശദീകരണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ശബ്ദരേഖ വ്യാജമാണെങ്കില്‍ എന്തുകൊണ്ടാണ് ഇതുവരെ പൊലീസില്‍ പരാതി നല്‍കാത്തതെന്നും കുഴല്‍നാടന്‍ ചോദിച്ചു.
തെരഞ്ഞെടുപ്പ് കാലത്ത് ഒരു സിറ്റിങ് മന്ത്രിക്കെതിരെ വ്യാജ ഓഡിയോ നിര്‍മിക്കുന്നത് ഗൗരവകരമായ ക്രിമിനല്‍ കുറ്റമാണെന്ന് കുഴല്‍നാടന്‍ ചൂണ്ടിക്കാട്ടി. പൊലീസ് സംവിധാനം കയ്യിലുണ്ടായിട്ടും മുഖ്യമന്ത്രിയോ മന്ത്രിയോ എന്തുകൊണ്ട് അന്വേഷണത്തിന് ഉത്തരവിടുന്നില്ലെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു. ഈ സര്‍ക്കാരോ വരാനിരിക്കുന്ന സര്‍ക്കാരോ ഇക്കാര്യത്തില്‍ അന്വേഷണം നടത്തട്ടെ എന്നും സത്യം പുറത്തുവരുന്നതാണ് ഉചിതമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്വകാര്യ വൈദ്യുതി കമ്പനികള്‍ക്ക് ലാഭമുണ്ടാക്കാനായി ഡാമുകള്‍ തുറന്നുവിടാന്‍ വൈകിയതാണ് പ്രളയത്തിന് കാരണമായതെന്നാണ് കുഴല്‍നാടന്റെ പ്രധാന ആരോപണം. ഇതിനു പിന്നില്‍ വലിയ അഴിമതിയുണ്ടെന്നും ഇതിന് തെളിവാണ് പുറത്തുവിട്ട ശബ്ദരേഖയെന്നും അദ്ദേഹം അവകാശപ്പെടുന്നു. പ്രളയം സംബന്ധിച്ച രാഷ്ട്രീയ വിവാദങ്ങള്‍ ഇതോടെ പുതിയ തലത്തിലേക്ക് നീങ്ങിയിരിക്കുകയാണ്.