
കേരളത്തിൽ ജനിച്ചവർ ഈ നാടിന്റെ അവകാശികളാണെന്നും ഇവിടെനിന്ന് ആരെയും പുറത്താക്കാൻ ഒരാൾക്കും കഴിയില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കോഴിക്കോട് കടപ്പുറത്ത് നടന്ന തിരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരു വിഭാഗം ആളുകൾ ആശങ്കയിൽ കഴിയാൻ പാടില്ലെന്ന ഉറച്ച നിലപാടിലാണ് സംസ്ഥാന സർക്കാർ നേറ്റിവിറ്റി കാർഡ് കൊണ്ടുവന്നത്. എല്ലാവരും സുരക്ഷിതത്വത്തോടെ ഈ നാടിന്റെ മക്കളായി കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പൗരത്വ ഭേദഗതി നിയമം (CAA) കേരളത്തിൽ നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ചത് ഇടതുപക്ഷം ഭരിക്കുന്നതുകൊണ്ടാണെന്ന് മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. നിയമം നടപ്പാക്കില്ലെന്ന് പറഞ്ഞാൽ അതിനർത്ഥം അത് നടക്കില്ലെന്ന് തന്നെയാണ്. നമ്മുടെ മണ്ണിൽ പിറന്നവരുടെ അവകാശം സംരക്ഷിക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്. "ഞാൻ കേരളത്തിന്റെ സന്തതിയാണ്" എന്ന് തെളിവുസഹിതം പറയാൻ ഓരോരുത്തർക്കും നേറ്റിവിറ്റി കാർഡ് കരുത്തേകും. എന്നാൽ, ബിജെപിയെ ഭയന്നാണോ കോൺഗ്രസും മുസ്ലിം ലീഗും ഇതിനെ സ്വാഗതം ചെയ്യാത്തതെന്ന് അദ്ദേഹം ചോദിച്ചു.
കഴിഞ്ഞ പത്ത് വർഷത്തിനിടെ കേരളം കൈവരിച്ച വികസന നേട്ടങ്ങളിൽ കേന്ദ്ര സർക്കാരിന് ഒരു പങ്കുമില്ലെന്ന് പിണറായി വിജയൻ വിമർശിച്ചു. പ്രളയകാലത്തും വയനാട് ദുരന്തത്തിലും കേരളത്തെ സഹായിക്കാൻ കേന്ദ്രം തയ്യാറായില്ലെന്ന് മാത്രമല്ല, വിദേശ രാജ്യങ്ങളിൽ നിന്നുള്ള സഹായം പോലും തടഞ്ഞു. കേരളം മെച്ചപ്പെടേണ്ട എന്ന നയമാണ് കേന്ദ്രത്തിനുള്ളത്. ബിജെപിയെയും ആർഎസ്എസിനെയും സ്വീകരിക്കാത്തതിലുള്ള പകയാണ് ഈ അവഗണനയ്ക്ക് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.
കേരളം തകരട്ടെ എന്ന കേന്ദ്ര നിലപാടിനെ തള്ളിപ്പറയാൻ യുഡിഎഫും കോൺഗ്രസും തയ്യാറായില്ലെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. പല പ്രതിസന്ധികളെയും നാട് അതിജീവിച്ചത് ലോകത്തെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ജനങ്ങളെ വിശ്വസിച്ചാണ് ഇടതുപക്ഷം ഈ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. തങ്ങളെ ജനങ്ങൾക്കും പൂർണ്ണ വിശ്വാസമാണെന്നും തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് എൽഡിഎഫ് വോട്ട് തേടുന്നതെന്നും അദ്ദേഹം പറഞ്ഞു.