Image

വയനാട് പുനരധിവാസം വെറും പി.ആർ വർക്ക്; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ 778 കോടി എവിടെയെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

Published on 03 April, 2026
വയനാട് പുനരധിവാസം വെറും പി.ആർ വർക്ക്; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ 778 കോടി എവിടെയെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

വയനാട് ദുരന്തബാധിതർക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് എത്തിയ 778 കോടി രൂപ സർക്കാർ എന്ത് ചെയ്തെന്ന ചോദ്യവുമായി പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിൽ രംഗത്ത്. സർക്കാർ കൊട്ടിഘോഷിച്ച് നടത്തിയ ടൗൺഷിപ്പ് ഉദ്ഘാടനം വെറും പി.ആർ വർക്ക് മാത്രമാണെന്നും, അവിടെ കൈമാറിയ 178 വീടുകളിൽ ഒന്നിൽ പോലും നിലവിൽ ആളുകൾക്ക് താമസിക്കാൻ കഴിയില്ലെന്നും രാഹുൽ ആരോപിച്ചു. ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് അദ്ദേഹം സർക്കാരിന്റെ പുനരധിവാസ പ്രവർത്തനങ്ങളിലെ വീഴ്ചകൾ എണ്ണിയെണ്ണി പറഞ്ഞത്.

​ടൗൺഷിപ്പ് നിർമ്മാണത്തിനായി നീക്കിവെച്ച 299 കോടി രൂപ ടെൻഡർ ഇല്ലാതെ ഊരാളുങ്കലിന് നൽകിയതിനെ രാഹുൽ രൂക്ഷമായി വിമർശിച്ചു. ഈ പദ്ധതിക്കായി ഇത്രയധികം തുക ആവശ്യമില്ലെന്നും, ബാക്കി വരുന്ന പണം സി.പി.എം പ്രവർത്തകർ തട്ടിയെടുക്കുകയാണോ എന്ന് സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ടൗൺഷിപ്പുമായി ബന്ധപ്പെട്ട കണക്കുകളിൽ കൃത്യമായ ഓഡിറ്റിംഗ് വേണമെന്നും ഡി.വൈ.എഫ്.ഐ മുഖ്യമന്ത്രിക്ക് നൽകിയ ഫണ്ടിൽ തട്ടിപ്പ് നടന്നതായും അദ്ദേഹം ആരോപിച്ചു. ചെക്ക് കൈമാറി പത്തുമാസം കഴിഞ്ഞാണ് തുക നൽകിയതെന്നും ആ കാലയളവിലെ പലിശ എവിടെപ്പോയെന്നും അദ്ദേഹം ചോദിച്ചു.

​വയനാട് പുനരധിവാസത്തിനായി കോൺഗ്രസും യൂത്ത് കോൺഗ്രസും സമാഹരിച്ച തുകയുടെ കണക്കുകളും രാഹുൽ മാങ്കൂട്ടത്തിൽ വ്യക്തമാക്കി. കെ.പി.സി.സി ആപ്പിലൂടെ സമാഹരിച്ച 4.5 കോടി രൂപയും യൂത്ത് കോൺഗ്രസ് നേരിട്ട് സമാഹരിച്ച 1.05 കോടി രൂപയും കൃത്യമായ ഓഡിറ്റിന് വിധേയമാണെന്ന് അദ്ദേഹം പറഞ്ഞു. യൂത്ത് കോൺഗ്രസ് കൈമാറിയ തുക ഉപയോഗിച്ച് മേപ്പാടിയിൽ ഭൂമി വാങ്ങി വീട് നിർമ്മാണം ആരംഭിച്ചിട്ടുണ്ട്. സാങ്കേതിക കാരണങ്ങളാലാണ് പ്രതിപക്ഷത്തിന്റെ ഭവന നിർമ്മാണത്തിൽ നേരിയ കാലതാമസമുണ്ടായതെന്നും എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകാൻ തങ്ങൾ തയ്യാറാണെന്നും രാഹുൽ കൂട്ടിച്ചേർത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക