
മലയാളത്തിലെ യുവനടിയെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് വീട്ടിലെത്തി ശല്യം ചെയ്ത യുവാവിനെതിരെ പോലീസ് കേസെടുത്തു. കണ്ണൂർ ചപ്പാരപ്പടവ് അമ്മംകുളം സ്വദേശി അഭിലാഷ് ജോർജിനെതിരെയാണ് നടപടി. കഴിഞ്ഞ ബുധനാഴ്ച രാവിലെ പത്ത് മണിയോടെ നടിയുടെ വീട്ടിൽ ഒരു സാരിയുമായെത്തിയ യുവാവ് തന്നെ വിവാഹം കഴിക്കണമെന്ന് നിർബന്ധിക്കുകയായിരുന്നു. അപ്രതീക്ഷിതമായുണ്ടായ ഈ സംഭവത്തിൽ ഭയന്നുപോയ നടിയും മാതാവും ഉടൻതന്നെ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
നടിയുടെ പരാതിയെ തുടർന്ന് കസ്റ്റഡിയിലെടുത്ത യുവാവിനെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. കഴിഞ്ഞ ഡിസംബർ മുതൽ ഇയാൾ നടിയെ ഇൻസ്റ്റാഗ്രാം വഴി ശല്യം ചെയ്യുന്നതായും അശ്ലീല സന്ദേശങ്ങൾ അയക്കുന്നതായും ആക്ഷേപമുണ്ട്. യുവാവ് കടുത്ത ആരാധകനാണെന്നാണ് പോലീസ് പറയുന്നത്. ഇയാളുടെ മാനസികാവസ്ഥ പരിശോധിക്കണമെന്ന് ബന്ധുക്കൾക്ക് നിർദ്ദേശം നൽകിയ പോലീസ്, ഇനി മേലിൽ നടിയെ ശല്യം ചെയ്യുകയോ സോഷ്യൽ മീഡിയ വഴി സന്ദേശങ്ങൾ അയക്കുകയോ ചെയ്യരുതെന്ന് കർശന താക്കീത് നൽകിയാണ് വിട്ടയച്ചത്.