
ആം ആദ്മി പാർട്ടിയിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നതിന്റെ സൂചന നൽകിക്കൊണ്ട് മുതിർന്ന നേതാവ് രാഘവ് ഛദ്ദയെ രാജ്യസഭയിലെ പാർട്ടി ഡെപ്യൂട്ടി ലീഡർ സ്ഥാനത്തുനിന്ന് നീക്കം ചെയ്തു. പകരം പഞ്ചാബിൽ നിന്നുള്ള എംപിയായ അശോക് മിത്തലിനെ പുതിയ ഡെപ്യൂട്ടി ലീഡറായി നിയമിക്കണമെന്ന് ആവശ്യപ്പെട്ട് എഎപി രാജ്യസഭാ സെക്രട്ടേറിയറ്റിന് കത്ത് നൽകി. 2023 മുതൽ രാജ്യസഭയിൽ പാർട്ടിയുടെ ഉപനേതാവായി പ്രവർത്തിച്ചു വരികയായിരുന്നു ഛദ്ദ.
കഴിഞ്ഞ കുറച്ചു കാലങ്ങളായി പാർട്ടി പരിപാടികളിൽ നിന്നും നേതൃത്വത്തിന്റെ പ്രധാന തീരുമാനങ്ങളിൽ നിന്നും രാഘവ് ഛദ്ദ വിട്ടുനിൽക്കുകയായിരുന്നു. ബിജെപിക്കെതിരെ അരവിന്ദ് കെജരിവാൾ ശക്തമായ പ്രതിഷേധം ഉയർത്തിയ ജന്തർമന്തറിലെ ജൻസഭയിലും അദ്ദേഹം പങ്കെടുത്തിരുന്നില്ല. പാർട്ടി വേദികളിലെ ഛദ്ദയുടെ തുടർച്ചയായ മൗനം നേതൃത്വവുമായുള്ള അസ്വാരസ്യങ്ങൾ പരസ്യമാക്കുന്നതായിരുന്നു. പുതിയ നടപടിയോടെ അദ്ദേഹം പാർട്ടി വിട്ടേക്കുമെന്ന അഭ്യൂഹങ്ങളും ശക്തമായിട്ടുണ്ട്.
ഡൽഹി മദ്യനയ അഴിമതിക്കേസിൽ പാർട്ടി അധ്യക്ഷൻ അരവിന്ദ് കെജരിവാളിനെയും മനീഷ് സിസോദിയയെയും കോടതി കുറ്റവിമുക്തരാക്കിയപ്പോൾ പോലും ഛദ്ദ പ്രതികരിക്കാതിരുന്നത് പാർട്ടിക്കുള്ളിൽ വലിയ ചർച്ചയായിരുന്നു. പാർട്ടി നേതാക്കളുടെ മോചനത്തിൽ സന്തോഷം പ്രകടിപ്പിച്ച് സാമൂഹ്യമാധ്യമങ്ങളിൽ ഒരു കുറിപ്പ് പോലും അദ്ദേഹം പങ്കുവെച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് നിർണ്ണായകമായ സ്ഥാനത്തുനിന്ന് അദ്ദേഹത്തെ നീക്കാൻ എഎപി നേതൃത്വം തീരുമാനിച്ചത്.