
എസ്ഐആർ (SIR) നടപടികൾക്കിടെ ജുഡീഷ്യൽ ഓഫീസർമാരെ തടഞ്ഞ സംഭവത്തിൽ പശ്ചിമ ബംഗാൾ സർക്കാരിനെതിരെ സുപ്രീംകോടതി രൂക്ഷമായ വിമർശനം ഉന്നയിച്ചു. സംസ്ഥാനത്ത് നിയമം കൈയ്യിലെടുക്കാൻ ആരെയും അനുവദിക്കില്ലെന്നും നടന്നത് ക്രിമിനൽ കോടതി അലക്ഷ്യത്തിന് തുല്യമായ പ്രവൃത്തിയാണെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നിരീക്ഷിച്ചു. സംഭവസ്ഥലത്ത് കളക്ടറോ എസ്പിയോ എത്തിയില്ല എന്നത് സംസ്ഥാന ഭരണകൂടത്തിന്റെ പൂർണ്ണ പരാജയമാണ് വ്യക്തമാക്കുന്നതെന്നും കോടതി കുറ്റപ്പെടുത്തി.
മാൾഡയിൽ വനിതാ ജഡ്ജിമാരടങ്ങുന്ന സംഘത്തെ ഉച്ചയ്ക്ക് ശേഷം അർദ്ധരാത്രി വരെ തടഞ്ഞുവെച്ചതും അവരുടെ വാഹനങ്ങൾക്ക് നേരെ ആക്രമണമുണ്ടായതും അതീവ ഗൗരവത്തോടെയാണ് കോടതി കാണുന്നത്. ഇത്രയും ധ്രുവീകരിക്കപ്പെട്ട ഒരു സംസ്ഥാനം ഇതിന് മുൻപ് കണ്ടിട്ടില്ലെന്നും അധികാരികളെല്ലാം രാഷ്ട്രീയ ഭാഷയിലാണ് സംസാരിക്കുന്നതെന്നും ബംഗാൾ അഡ്വക്കേറ്റ് ജനറലിനോട് ചീഫ് ജസ്റ്റിസ് പറഞ്ഞു. സംസ്ഥാനത്തെ ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, ഡിജിപി എന്നിവരുടെ പ്രവർത്തനങ്ങൾ പരിതാപകരമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
ജുഡീഷ്യൽ ഓഫീസർമാരുടെ സംരക്ഷണത്തിനായി കേന്ദ്ര സേനയെ ആവശ്യപ്പെടാൻ സുപ്രീംകോടതി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് നിർദ്ദേശം നൽകി. കൊൽക്കത്ത ഹൈക്കോടതി നൽകിയ റിപ്പോർട്ട് പരിശോധിച്ച ശേഷമാണ് കോടതി മമത സർക്കാരിനെതിരെ കർശന നിലപാട് സ്വീകരിച്ചത്. സംഭവത്തിൽ അന്വേഷണം സിബിഐയോ എൻഐഎയോ പോലുള്ള സ്വതന്ത്ര ഏജൻസികളെ ഏൽപ്പിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.