
എസ്ഡിപിഐ പ്രവർത്തകരോട് വോട്ട് ചോദിക്കുന്നത് അവരെ നന്നാക്കാനും മതനിരപേക്ഷമായി ചിന്തിപ്പിക്കാനുമാണെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം എ.കെ. ബാലൻ. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കവെയാണ് എസ്ഡിപിഐ വോട്ട് സംബന്ധിച്ച വിവാദങ്ങളിൽ അദ്ദേഹം പാർട്ടി നിലപാട് വ്യക്തമാക്കിയത്. എസ്ഡിപിഐ നേതാക്കളോടോ സംഘടനയോടോ വോട്ട് ചോദിക്കില്ലെന്നും എന്നാൽ അത്തരം സംഘടനകളിൽ വിശ്വസിക്കുന്ന സാധാരണക്കാരെ രാജ്യവിരുദ്ധരായി ചാപ്പകുത്തുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. തെറ്റായ ആശയങ്ങൾ തലയ്ക്ക് പിടിച്ചവരെ ശുദ്ധീകരിക്കാനുള്ള വേദി കൂടിയാണ് തെരഞ്ഞെടുപ്പുകളെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
എസ്ഡിപിഐയുമായി സിപിഎമ്മിന് യാതൊരുവിധ മുന്നണിയോ ധാരണയോ അഡ്ജസ്റ്റ്മെന്റോ ഇല്ലെന്ന് എ.കെ. ബാലൻ തറപ്പിച്ചു പറഞ്ഞു. അത്തരമൊരു എഗ്രിമെന്റോ സംഭാഷണമോ നടന്നിട്ടില്ല. അഭിമന്യു വധക്കേസ് ഇപ്പോൾ ഉയർത്തിക്കൊണ്ടുവരുന്നത് സിപിഎം-എസ്ഡിപിഐ മുന്നണിയുണ്ടെന്ന് വരുത്തിത്തീർക്കാനുള്ള ബോധപൂർവമായ ശ്രമത്തിന്റെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു. കുഞ്ഞാലി കൊലക്കേസിൽ പ്രതിയായിരുന്ന ആര്യാടൻ മുഹമ്മദിന് പോലും മുൻപ് വോട്ട് ചെയ്തിട്ടുണ്ടെന്നും അതാണ് തങ്ങളുടെ രാഷ്ട്രീയമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
തെറ്റായ വഴിക്ക് നയിക്കുന്ന നേതൃത്വത്തിനെതിരെ അണികളെ ബോധവൽക്കരിക്കുക എന്നത് പാർട്ടിയുടെ ബാധ്യതയാണെന്ന് അദ്ദേഹം വിശദീകരിച്ചു. ജനങ്ങളെ കംപാർട്ടുമെന്റലൈസ് ചെയ്ത് അവർ ഭരണഘടനയ്ക്ക് എതിരാണെന്ന് പറയുന്ന നിലപാട് സിപിഎമ്മിനില്ല. തെരഞ്ഞെടുപ്പ് കാലത്ത് പാർട്ടിയുടെ ആശയങ്ങൾ എല്ലാ വിഭാഗം ജനങ്ങളോടും പറയുന്നതുപോലെ ഇത്തരം സംഘടനകളിൽ പെട്ടുപോയവരോടും പറയും. ഈ പ്രക്രിയ ഇനിയും തുടരുമെന്നും എസ്ഡിപിഐ പ്രവർത്തകരുടെ വോട്ട് ചോദിക്കുന്നത് അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനാണെന്നും എ.കെ. ബാലൻ വ്യക്തമാക്കി.