Image

"ഞാൻ ചെളിക്കുണ്ടിലല്ല, ഉറച്ച മണ്ണിലാണ്"; മുഖ്യമന്ത്രിക്ക് മറുപടിയുമായി ജി. സുധാകരൻ

Published on 02 April, 2026
"ഞാൻ ചെളിക്കുണ്ടിലല്ല, ഉറച്ച മണ്ണിലാണ്"; മുഖ്യമന്ത്രിക്ക് മറുപടിയുമായി ജി. സുധാകരൻ

അവസരവാദികൾ ചരിത്രത്തിന്റെ ചെളിക്കുണ്ടിൽ വീഴുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വിമർശനത്തിന് അമ്പലപ്പുഴയിൽ നിന്നും യുഡിഎഫ് പിന്തുണയോടെ മത്സരിക്കുന്ന ജി. സുധാകരൻ ശക്തമായ മറുപടി നൽകി. താൻ ഒരു ചെളിക്കുണ്ടിലും പോയിട്ടില്ലെന്നും ഇപ്പോഴും ഉറച്ച പ്രതലത്തിലാണ് നിൽക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനുള്ള അടവും തന്ത്രവും തനിക്ക് നന്നായി അറിയാമെന്നും മുഖ്യമന്ത്രിയുടെ ചരിത്രബോധത്തെ ചോദ്യം ചെയ്തുകൊണ്ട് സുധാകരൻ തുറന്നടിച്ചു.

​തനിക്ക് ചരിത്രബോധമില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ രൂക്ഷമായ ഭാഷയിലാണ് അദ്ദേഹം പ്രതികരിച്ചത്. പുന്നപ്ര-വയലാർ സമരകാലത്ത് തെങ്ങിൽ കയറി നടന്നവർ ഇന്ന് വലിയ സ്വാതന്ത്ര്യസമര സേനാനികളായി നടക്കുകയാണെന്ന് അദ്ദേഹം പരിഹസിച്ചു. 75 വയസ്സ് കഴിഞ്ഞവരെ ഇറച്ചിക്കടയിൽ കെട്ടിത്തൂക്കണമെന്ന് പറഞ്ഞവരാണ് ചരിത്രം പഠിക്കേണ്ടതെന്നും, അങ്ങനെയെങ്കിൽ മുഖ്യമന്ത്രിക്ക് ഇപ്പോൾ പ്രായമായില്ലേ എന്നും സുധാകരൻ ചോദിച്ചു. തിരുവനന്തപുരത്ത് ഏറ്റവും പ്രായം കുറഞ്ഞ മേയറെ കൊണ്ടുവന്നിട്ട് എന്ത് മാറ്റമാണ് ഉണ്ടായതെന്നും അദ്ദേഹം വിമർശിച്ചു.

​സിപിഎം നേതാക്കളായ സജി ചെറിയാനെയും മറ്റും ലക്ഷ്യം വെച്ചും സുധാകരൻ വിമർശനങ്ങൾ ഉന്നയിച്ചു. സജി ചെറിയാൻ ഒരു 'കൊച്ചു മുതലാളി'യാണെന്നും അഞ്ച് പഞ്ചായത്തുകൾ ബിജെപിക്ക് വിട്ടുകൊടുത്തുവെന്നും അദ്ദേഹം ആരോപിച്ചു. പാർട്ടിയിൽ ടേം വ്യവസ്ഥ കൊണ്ടുവന്നത് തന്നെപ്പോലുള്ളവരെ മാറ്റാനാണെന്ന് വൈകിയാണെങ്കിലും ബോധ്യപ്പെട്ടുവെന്നും സുധാകരൻ പറഞ്ഞു. താൻ യുഡിഎഫ് സ്വതന്ത്രനല്ലെന്നും, മറിച്ച് യുഡിഎഫ് പിന്തുണയ്ക്കുന്ന സ്വതന്ത്ര സ്ഥാനാർത്ഥിയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക