
ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ സിബിഐ അന്വേഷണം നടത്തുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പ്രഖ്യാപിച്ചു. എറണാകുളം പറവൂരിൽ നടന്ന എൻഡിഎ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കവെയാണ് മന്ത്രി നിർണ്ണായകമായ ഈ പ്രഖ്യാപനം നടത്തിയത്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ബിജെപി പുറത്തിറക്കിയ പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്നാണ് ശബരിമല വിഷയത്തിലെ സിബിഐ അന്വേഷണം.
യേശുവിനെ മുപ്പത് വെള്ളിക്കാശിന് ഒറ്റിക്കൊടുത്ത യൂദാസിനെപ്പോലെയാണ് കേരളത്തിലെ സർക്കാർ പ്രവർത്തിക്കുന്നതെന്ന് രാജ്‌നാഥ് സിംഗ് വിമർശിച്ചു. ദൈവത്തിന്റെ സ്വന്തം നാട്ടിൽ ദൈവം പോലും സുരക്ഷിതനല്ലെന്നും, കുറച്ചു സ്വർണ്ണത്തിന് വേണ്ടി എൽഡിഎഫ് അയ്യപ്പനെ ഒറ്റിക്കൊടുത്തുവെന്നും അദ്ദേഹം ആരോപിച്ചു. അയ്യപ്പനെ മറയാക്കി സ്വർണ്ണം കട്ടെടുത്ത ഒരു ഭരണകൂടമാണ് ഇവിടെയുള്ളതെന്നും മന്ത്രി തന്റെ പ്രസംഗത്തിൽ പരിഹസിച്ചു.
സ്വർണ്ണക്കൊള്ളയിൽ എൽഡിഎഫിനെപ്പോലെ തന്നെ യുഡിഎഫിനും പങ്കുണ്ടെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എൽഡിഎഫ് സ്വർണ്ണം മോഷ്ടിച്ചപ്പോൾ അത് വിൽക്കാൻ യുഡിഎഫ് സഹായിക്കുകയായിരുന്നുവെന്നും, സ്വർണ്ണം കട്ടവർക്കൊപ്പം പ്രമുഖ കോൺഗ്രസ് നേതാവ് നിൽക്കുന്ന ചിത്രം ഇതിന് തെളിവാണെന്നും സോണിയാ ഗാന്ധിയെ ലക്ഷ്യം വെച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. എസ്ഡിപിഐ, ജമാഅത്തെ ഇസ്‌ലാമി തുടങ്ങിയ സംഘടനകളിൽ നിന്നും കേരളത്തെ രക്ഷിക്കാൻ ബിജെപിക്ക് മാത്രമേ സാധിക്കൂ എന്നും രാജ്‌നാഥ് സിംഗ് കൂട്ടിച്ചേർത്തു.