
ന്യൂ ഡൽഹി: പശ്ചിമേഷ്യയിൽ സംഘർഷം മൂർച്ഛിച്ചതോടെ എയർ ഇന്ത്യക്ക് പിന്നാലെ രാജ്യത്തെ ഏറ്റവും വലിയ വിമാന കമ്പനി ഇൻഡിഗോയും യാത്രാക്കൂലിക്കൊപ്പം ഇന്ധന സർചാർജും പ്രഖ്യാപിച്ചു. ഇതോടെ വിമാനക്കൂലി കൂടും.
നിരക്കുകൾ സംബന്ധിച്ച പൂർണവിവരങ്ങൾ ഇൻഡിഗോ പുറത്തുവിട്ടു. ഇന്ന് അർധരാത്രി മുതൽ നിരക്കുകൾ പ്രാബല്യത്തിൽ വരും.
പശ്ചിമേഷ്യൻ സംഘർഷം മൂലം ഇന്ധന വിലയിൽ ഉണ്ടായ വർധനവ് കാരണമാണ് ഈ നീക്കം എന്നാണ് ഇൻഡിഗോയുടെ വിശദീകരണം. ഇന്ത്യക്കുള്ളിൽ 425 രൂപ, ഇന്ത്യൻ ഉപഭൂഖണ്ഡത്തിനുള്ളിലും 425 രൂപ, പശ്ചിമേഷ്യ 900 രൂപ, ദക്ഷിണ-കിഴക്കൻ ഏഷ്യ & ചൈന - 1800 രൂപ, ആഫ്രിക്ക & പടിഞ്ഞാറൻ ഏഷ്യ 1800 രൂപ, യൂറോപ്പ് 2300 രൂപ എന്നിങ്ങനെയാണ് ഇന്ധന സർചാർജ് നിരക്കുകൾ.
സാഹചര്യം മൂലമാണ് ഈ വർധനവെന്നും യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ ഖേദം പ്രകടിപ്പിക്കുന്നതായും ഇൻഡിഗോ പറഞ്ഞു.