Image

ആരോഗ്യമന്ത്രിക്ക് ആയുധം കൊണ്ട് പരിക്കില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്: വധശ്രമക്കേസിലെ കെഎസ്‌യു പ്രവര്‍ത്തകര്‍ ജയില്‍ മോചിതരായി

Published on 13 March, 2026
ആരോഗ്യമന്ത്രിക്ക് ആയുധം കൊണ്ട് പരിക്കില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്:  വധശ്രമക്കേസിലെ കെഎസ്‌യു പ്രവര്‍ത്തകര്‍ ജയില്‍ മോചിതരായി

കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ മന്ത്രി വീണാ ജോര്‍ജിനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ജാമ്യം ലഭിച്ച കെ എസ് യു പ്രവര്‍ത്തകര്‍ ജയില്‍ മോചിതരായി. ഇവര്‍ക്ക് ജയിലിനുപുറത്ത് വലിയ സ്വീകരണം നല്‍കിയാണ് കെ എസ് യു സ്വീകരിച്ചത്. ഇന്നലെ തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചെങ്കിലും ഉച്ചകഴിഞ്ഞാണ് ഉത്തരവ് ജയില്‍ അധികൃതര്‍ക്ക് കൈമാറി പ്രവര്‍ത്തകരെ പുറത്തിറക്കാനായത്. 

മന്ത്രിക്കെതിരായി നടന്ന പ്രതിഷേധത്തില്‍ ആയുധം ഉപയോഗിച്ചതിന് തെളിവില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഈ അഞ്ച് കെ എസ് യു പ്രവര്‍ത്തകര്‍ക്കും ജാമ്യം അനുവദിച്ചത്.

'സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ തിരക്കഥയില്‍, ഗണ്‍മാന്റെ സംവിധാനത്തില്‍ മന്ത്രി നിറഞ്ഞാടിയ സിനിമ പൊട്ടിപ്പാളീസായെന്ന് കെ എസ് യു ജില്ലാ പ്രസിഡന്റ് എം സി അതുല്‍ ജയിലിനു പുറത്തിറങ്ങിയ ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു. 

'റെയില്‍വേ സ്റ്റേഷനിലെ കരിങ്കൊടി പ്രതിഷേധത്തിന്റെ ദൃശ്യങ്ങള്‍ എല്ലാവരും കണ്ടതാണ്. എന്നാല്‍ മന്ത്രിയെ കൊല്ലാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് ഞങ്ങളെ ജയിലിലടച്ചു. സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് ഓഫിസുകള്‍, കോണ്‍ഗ്രസിന്റെയും കെഎസ്യുവിന്റെയും പതാകകള്‍ തുടങ്ങിയവ നശിപ്പിച്ചു. കരിങ്കൊടി പ്രതിഷേധവുമായാണ് കെഎസ്യു പ്രവര്‍ത്തകര്‍ വന്നതെന്ന് പൊലീസ് എസ്‌ഐ തന്നെ മൊഴി നല്‍കി. 

ഭരണകൂട വേട്ടയാണ് നടത്തുന്നത്. കേന്ദ്രത്തില്‍ മോദി എങ്ങനെയാണോ പ്രതിഷേധത്തെ അടിച്ചമര്‍ത്തുന്നത് അതേ രീതിയിലാണ് ഇടതുപക്ഷ സര്‍ക്കാരും പ്രതിഷേധത്തെ അടിച്ചമര്‍ത്തുന്നത്. ജയിലറകള്‍ ഏറെ കണ്ടതാണ്. പ്രതിഷേധവുമായി കെഎസ്യു രംഗത്തുണ്ടാകും' അതുല്‍ പറഞ്ഞു.അതുലിനൊപ്പം വി വി അക്ഷയ്, സി എച്ച് മുബാസ്, ബിതുല്‍ ബാലന്‍, അഹമ്മദ് യാസിന്‍ എന്നിവരും ജയില്‍ മോചിതരായി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക