
രണ്ടു പതിറ്റാണ്ടോളം അഡോബ് ചീഫ് എക്സിക്യൂട്ടീവ് ആയി പ്രവർത്തിച്ച ഇന്ത്യൻ അമേരിക്കൻ ശന്തനു നാരായൺ ചുമതല ഒഴിയുന്നു. പിൻഗാമിയെ കമ്പനി കണ്ടെത്തിയാൽ അദ്ദേഹം പിരിയുമെന്നു അഡോബ് അറിയിച്ചു.
അദ്ദേഹം തത്കാലം ബോർഡ് ചെയർ ആയി തുടരും. പുതിയ സി ഇ ഓയെ കണ്ടെത്താൻ ബോർഡ് ഒരു കമ്മിറ്റിയെ നിയമിച്ചു. പുറത്തു നിന്നുള്ളവരെയും പരിഗണിക്കും.
അഡോബ് ലീഡ് ഇൻഡിപെൻഡന്റ് ഡയറക്ടർ ഫ്രാങ്ക് കാൽഡെറോണി പറഞ്ഞു: "ശന്തനു സി ഇ ഓ എന്ന നിലയിൽ നൽകിയ സംഭാവനകൾ ബോർഡിന്റെ പേരിൽ എടുത്തുപറയാൻ ഞാൻ ആഗ്രഹിക്കുന്നു. കഴിഞ്ഞ 18 വർഷം കൊണ്ട് അഡോബിനു ഉണ്ടായ പരിണാമത്തിന്റെ ശില്പി ആയിരുന്നു അദ്ദേഹം. എ ഐ കാലഘട്ടത്തിലേക്കു പ്രവേശിക്കാൻ അദ്ദേഹം അഡോബിനെ സജ്ജമാക്കി നിർത്തുകയും ചെയ്തു."
കമ്പനിയിൽ ജീവനക്കാർക്കു മാത്രമായുള്ള അറിയിപ്പിലാണ് പിരിയുന്ന കാര്യം നാരായൺ വെളിപ്പെടുത്തിയത്. ബോർഡ് ചെയറായി കമ്പനിക്കു തുടർന്നും പിന്തുണ നൽകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
രണ്ടു പതിറ്റാണ്ടിൽ അഡോബ് 3,000 ജീവനക്കാരിൽ നിന്നു 30,000 ആയി വളർന്നുവെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. "അഡോബ് നാടകീയമായി വളർന്നു. ബില്യൺ കണക്കിനാളുകൾക്കു നമ്മുടെ സാങ്കേതിക വിദ്യ പ്രയോജനപ്പെട്ടു. നമ്മുടെ വരുമാനം $1 ബില്യണിൽ നിന്നു $25 ബില്യനായി വളർന്നു."
Adobe CEO Shantanu Narayen to step down