Image

സുരക്ഷാ കാരണങ്ങൾ: മോജ്തബ ഖമനേയിയുടെ പുതിയ ചിത്രം പുറത്തുവിടാതെ ഇറാൻ

Published on 13 March, 2026
സുരക്ഷാ കാരണങ്ങൾ: മോജ്തബ ഖമനേയിയുടെ പുതിയ ചിത്രം പുറത്തുവിടാതെ  ഇറാൻ

ന്യൂഡൽഹി: ഇറാന്റെ പുതിയ പരമോന്നത നേതാവ് മോജ്തബ ഖമനേയിയുടെ എക്സ് അക്കൗണ്ടും അവയിലെ ഫോട്ടോയും ചർച്ചയാവുകയാണ്. മോജ്തബയുടെ ചിത്രം യഥാര്‍ത്ഥമാണോ എന്ന സംശയമാണ് ഉന്നയിക്കപ്പെടുന്നത്. @Rahbarenghelab എന്ന എക്സ് ഹാൻഡിലിൽ നൽകിയിരിക്കുന്ന പ്രൊഫൈൽ ചിത്രത്തിൽ എന്തോ കൃത്രിമം നടന്നിരിക്കുന്നതായി സോഷ്യൽ മീഡിയയിൽ ചർച്ചകൾ നടക്കുന്നു. ഈ ചിത്രം എഐ നിർമിതമാണെന്നാണ് പലരും സംശയിക്കുന്നത്.

മാർച്ച് 12 മുതൽക്ക് മോജ്തബ ഖമനേയി എക്സിൽ വളരെ സജീവമാണ്. തുടർച്ചയായി പോസ്റ്റുകൾ വന്നു കൊണ്ടിരിക്കുന്നുണ്ട്. പേർഷ്യൻ ഭാഷയിലാണ് പോസ്റ്റുകളെല്ലാം. ഈ അക്കൗണ്ട് ഫോളോ ചെയ്യുന്ന മറ്റ് ഏഴ് അക്കൗണ്ടുകൾ കൂടി മോജ്തബ ഖമനേയിയുടെ പേരിലുണ്ട്. ഇവയിൽ വിവിധ ഭാഷകളിൽ ഖമനേയിയുടെ പോസ്റ്റുകൾ കാണാം. ഇംഗ്ലീഷിൽ പോസ്റ്റിടുന്ന ഒരു അക്കൗണ്ടും കൂട്ടത്തിലുണ്ട്. ഇവയിലെല്ലാം ഒരേ പ്രൊഫൈൽ ചിത്രമാണ് ഉപയോഗിച്ചിരിക്കുന്നത്.

 എഐ നിർമിത ചിത്രം പ്രൊഫൈൽ ചിത്രമായി ഉപയോഗിക്കുന്നതിനു പിന്നിൽ സുരക്ഷാ കാരണങ്ങളാണെന്നാണ് അനുമാനിക്കപ്പെടുന്നത്. പുതിയ പരമോന്നത നേതാവിനെ വകവരുത്താൻ ഇസ്രയേലും യുഎസ്സും ശ്രമിക്കാനിടയുണ്ടെന്ന  സാഹചര്യം കൂടി മുന്നിൽക്കണ്ടാണ്  ഈ നീക്കം . മോജ്തബയുടെ പുതിയ ചിത്രങ്ങളൊന്നും ശത്രുവിന്റെ കൈകളിലെത്താതിരിക്കാനാണ്  ഈ നീക്കമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

മോജ്തബയുടേതായി മാധ്യമങ്ങളിൽ വന്ന ഒരു ഫോട്ടോയിൽ നിന്ന് എഐ സാങ്കേതികത ഉപയോഗിച്ച് നിർമിച്ചെടുത്തതാണ് പുതിയ ഫോട്ടോ എന്നാണ് ചിലർ വിശകലനം ചെയ്ത് പറയുന്നത്. ഈ ഒറിജിനൽ ഫോട്ടോ വർഷങ്ങൾക്കു മുമ്പത്തേതാണ്. പുതിയ ചിത്രം ഉപയോഗിക്കാതെ പഴയൊരു ചിത്രം റഫറൻസ് നൽകി എഐയിലൂടെ സൃഷ്ടിച്ചെടുത്തിരിക്കുകയാണ്.

നിലവിൽ മോജ്തബ എവിടെയാണെന്ന് ആർക്കുമറിയില്ല. ആയത്തൊള്ള അലി   കൊല്ലപ്പെട്ട ആക്രമണത്തിൽ മോജ്തബയ്ക്ക് ഗുരുതരമായ പരിക്കേറ്റെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ഇദ്ദേഹം സംഭവസമയത്ത് സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്നാണ് പുതിയ വിവരം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക