Image

വിസ, ഇന്‍ഷ്വറന്‍സ് തട്ടിപ്പ്: ഇന്ത്യന്‍ വംശജരായ സഹോദരങ്ങള്‍ക്ക് 420 വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ച് യു.എസ് കോടതി

Published on 13 March, 2026
വിസ, ഇന്‍ഷ്വറന്‍സ് തട്ടിപ്പ്: ഇന്ത്യന്‍ വംശജരായ സഹോദരങ്ങള്‍ക്ക് 420 വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ച് യു.എസ് കോടതി

ഫിലാഡൽഫിയ: വീസ തട്ടിപ്പിലും വൻതോതിലുള്ള ആരോഗ്യ ഇൻഷുറൻസ് തട്ടിപ്പിലും കുറ്റക്കാരാണെന്ന് കണ്ടെത്തിയ ഇന്ത്യൻ വംശജരായ രണ്ട് സഹോദരങ്ങൾക്ക് അമേരിക്കൻ കോടതി നൂറ്റാണ്ടുകൾ നീളുന്ന തടവുശിക്ഷ വിധിച്ചു. പെൻസിൽവേനിയയിൽ സവാനി ഗ്രൂപ്പ് എന്ന പേരിൽ ദന്തചികിത്സാ ശൃംഖല നടത്തിവന്നിരുന്ന ഭാസ്‌കർ സവാനി (60), അരുൺ സവാനി (58) എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്. ഭാസ്‌കർ സവാനിക്ക് 420 വർഷവും അരുൺ സവാനിക്ക് 415 വർഷവും തടവുശിക്ഷയാണ് കോടതി വിധിച്ചത്. ഇവരുടെ സഹായിയായ അലക്‌സാൻഡ്ര റഡാമിയാക്കിനും 40 വർഷം വരെ തടവുശിക്ഷ ലഭിക്കാം. ഇന്ത്യയിൽ നിന്നുള്ള ഉദ്യോഗാർത്ഥികളെ വീസ വാഗ്ദാനം ചെയ്ത് ചൂഷണം ചെയ്യുകയും വ്യാജ രേഖകൾ ഉപയോഗിച്ച് വീസ സംഘടിപ്പിച്ചു നൽകുകയും ചെയ്തതായി കോടതി കണ്ടെത്തി. ജോലിയിൽ പ്രവേശിച്ചവരിൽ നിന്ന് ഭീഷണിപ്പെടുത്തി ശമ്പളത്തിന്റെ വിഹിതം തിരികെ വാങ്ങുകയും ചെയ്തിരുന്നു.

അമേരിക്കൻ സർക്കാരിന്റെ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിക്കെയ്ഡിൽ നിന്ന് ഏകദേശം 260 കോടി രൂപ ഇവർ തട്ടിയെടുത്തു. യോഗ്യതയില്ലാത്ത ഡോക്ടർമാരെക്കൊണ്ട് ചികിത്സ നടത്തിച്ച് ഇൻഷുറൻസ് ക്ലെയിം ചെയ്യുകയായിരുന്നു ഇവരുടെ രീതി. മനുഷ്യരിൽ ഉപയോഗിക്കാൻ അനുമതിയില്ലാത്ത ഇംപ്ലാന്റുകൾ രോഗികൾ അറിയാതെ അവരുടെ ശരീരത്തിൽ വെച്ചുപിടിപ്പിച്ചതായും പ്രോസിക്യൂഷൻ കണ്ടെത്തി. ഇത് ഗുരുതരമായ ആരോഗ്യ ലംഘനമായാണ് കോടതി കണ്ടത്. കള്ളപ്പണം വെളുപ്പിക്കൽ, നികുതി വെട്ടിപ്പ്, അന്വേഷണം തടസ്സപ്പെടുത്തൽ തുടങ്ങി 42 ഓളം കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരുന്നത്.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക