Image

സ്ഥാനാര്‍ത്ഥി നിർണ്ണയത്തിൽ ഇടഞ്ഞു ; തെരഞ്ഞെടുപ്പ് സ്‌ക്രീനിങ് കമ്മിറ്റിയിലും പാർലമെന്റ് സമ്മേളനത്തിലും പങ്കെടുക്കാതെ നാട്ടിലേക്ക് മടങ്ങി കെ സുധാകരന്‍

Published on 13 March, 2026
സ്ഥാനാര്‍ത്ഥി നിർണ്ണയത്തിൽ ഇടഞ്ഞു ; തെരഞ്ഞെടുപ്പ് സ്‌ക്രീനിങ് കമ്മിറ്റിയിലും പാർലമെന്റ് സമ്മേളനത്തിലും പങ്കെടുക്കാതെ നാട്ടിലേക്ക് മടങ്ങി കെ സുധാകരന്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ചര്‍ച്ചകളില്‍ ഇടഞ്ഞ് മുതിര്‍ന്ന നേതാവ് കെ സുധാകരന്‍ ഡല്‍ഹിയില്‍ നിന്നും മടങ്ങി. ഡല്‍ഹിയില്‍ നടക്കുന്ന സ്‌ക്രീനിങ് കമ്മിറ്റി ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ നില്‍ക്കാതെയാണ് സുധാകരന്‍ നാട്ടിലേക്ക് മടങ്ങിയത്. സ്ഥാനാര്‍ത്ഥി ചര്‍ച്ചകളിലെ തന്റെ അതൃപ്തി കെ സുധാകരന്‍ സംസ്ഥാന നേതാക്കളെ അറിയിച്ചതായാണ് സൂചന. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ ഇന്നും തുടരും. 

കണ്ണൂര്‍ മണ്ഡലത്തില്‍ മത്സരിക്കാന്‍ താല്‍പ്പര്യം സുധാകരന്‍ നേതാക്കളെ അറിയിച്ചിരുന്നു. എന്നാല്‍ നിലവിലെ എംപിമാര്‍ നിയമസഭയിലേക്ക് മത്സരിക്കുന്നതിനെ കേരളത്തിലെ നേതാക്കള്‍ എതിര്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍ എംപിമാരെ സ്ഥാനാര്‍ത്ഥികളായി പരിഗണിക്കേണ്ട എന്നാണ് പാര്‍ട്ടിയിലെ പൊതു വികാരം. മത്സര താല്‍പ്പര്യം അറിയിച്ച എംപിമാരുമായി കോണ്‍ഗ്രസ് നേതാക്കള്‍ ഡല്‍ഹിയില്‍ ചര്‍ച്ച നടത്തി വരികയായിരുന്നു.

കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ക്കായി ഡല്‍ഹിയിലുണ്ട്. കെ സുധാകരന്‍ അടക്കമുള്ള എംപിമാരുമായി ഇന്നും ആശയവിനിമയം നടത്താന്‍ തീരുമാനിച്ചിരിക്കുകയായിരുന്നു. ഇതിനിടെയാണ്, സ്ഥാനാര്‍ത്ഥി ചര്‍ച്ചകളില്‍ അതൃപ്തി പ്രകടിപ്പിച്ച്, പാര്‍ലമെന്റ് സമ്മേളനത്തിലും പങ്കെടുക്കാതെ സുധാകരന്‍ നാട്ടിലേക്ക് മടങ്ങിയത്.

അസമില്‍ ഗൗരവ് ഗോഗോയ് എംപി നിയമസഭയിലേക്ക് മത്സരിക്കുന്നതാണ്, കേരളത്തില്‍ മത്സരിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ച എംപിമാര്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ അസമിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് ഗോഗോയിയെ മത്സരിപ്പിക്കുന്നതെന്നും, കേരളത്തില്‍ അത്തരം പ്രത്യേക സാഹചര്യം ഇല്ലെന്നും ഹൈക്കമാന്‍ഡ് ചൂണ്ടിക്കാട്ടുന്നു. അതേസമയം കെ സുധാകരന് അതൃപ്തി ഇല്ലെന്നും, പിണങ്ങിപ്പോയതല്ലെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. മണ്ഡലത്തില്‍ പരിപാടി ഉള്ളതുകൊണ്ടാണ് സുധാകരന്‍ നാട്ടില്‍ പോയതെന്നും സണ്ണി ജോസഫ് പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക