Image

സോഹ്രാൻ മംദാനിയും മഹ്മൂദ് ഖലീലും ഒരുമിച്ച് ഇഫ്താർ വിരുന്നിൽ പങ്കെടുത്തതിനെച്ചൊല്ലി വിവാദം

Published on 13 March, 2026
 സോഹ്രാൻ മംദാനിയും മഹ്മൂദ് ഖലീലും ഒരുമിച്ച് ഇഫ്താർ വിരുന്നിൽ പങ്കെടുത്തതിനെച്ചൊല്ലി  വിവാദം

ന്യൂയോർക്ക്: സിറ്റി മേയർ സോഹ്രാൻ മംദാനി ഔദ്യോഗിക വസതിയിൽ ഒരുക്കിയ റമദാൻ ഇഫ്താർ വിരുന്നിൽ പലസ്തീൻ അനുകൂല പ്രവർത്തകനായ മഹ്മൂദ് ഖലീൽ പങ്കെടുത്തതു വിവാദമായി.

റമദാൻ മാസത്തിലെ നോമ്പുതുറ വിരുന്നായ ഇഫ്തർ ഗ്രേസി മാൻഷനിൽ ഞായറാഴ്ച സംഘടിപ്പിച്ചിരുന്നു. മംദാനിയും ഭാര്യ റാമ ദുവാജിയും, ഖലീലും ഭാര്യ ഡോ. നൂർ അബ്ദല്ലയും അവരുടെ മകനായ ദീനും ഇതിൽ പങ്കെടുത്തു. കുടിയേറ്റക്കാരെ വേട്ടയാടുന്ന ഐസ് ഖലീലിനെ അറസ്റ്റ് ചെയ്തു ഒരു വർഷമാകുമ്പോഴാണ് ഈ വിരുന്ന് നടന്നത്. ശക്തമായ നിയമപോരാട്ടത്തിൽ ഖലീൽ മോചിതനായിരുന്നു.

ഇഫ്താർ വിരുന്നിന്റെ ചിത്രം മംദാനി സോഷ്യൽ മീഡിയയിൽ പങ്കു വച്ച മാംദാനി, കഴിഞ്ഞ ഒരു വർഷം മഹ്മൂദ് ഖലീലിന് വലിയ കഷ്ടതകൾ നിറഞ്ഞ കാലമായിരുന്നുവെന്നു ചൂണ്ടിക്കാട്ടി.

2025-ൽ കൊളംബിയ സർവകലാശാലയിൽ നടന്ന പലസ്തീൻ അനുകൂല പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് ട്രംപ് ഭരണകൂടത്തിന്റെ നടപടികൾക്കിടെ ഖലീലിനെ അറസ്റ്റ് ചെയ്തിരുന്നു. ഇഫ്തർ വിരുന്നിൽ നിന്ന് മടങ്ങുന്നതിനിടെയാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ലൂയിസിയാനയിലെ ഒരു ഐസ് കേന്ദ്രത്തിലേക്ക് മാറ്റിയത്. തുടർന്ന് മാസങ്ങളോളം തടവിൽ കഴിഞ്ഞതിനാൽ മകന്റെ ജനനം പോലും ഖലീലിന് കാണാനായില്ലെന്നു മാംദാനി ചൂണ്ടിക്കാട്ടി.

മംദാനിയും ഖലീലും മുമ്പും ഒരുമിച്ച് വിവിധ പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്. കഴിഞ്ഞ ജൂലൈയിൽ നടന്ന ഒരു കോമഡി ഷോയിലും ഇരുവരും ഒരുമിച്ച് പങ്കെടുത്തിരുന്നു. മംദാനിയുടെ തെരഞ്ഞെടുപ്പ് വിജയാഘോഷത്തിലും പുതുവത്സര ദിനത്തിലെ സ്ഥാനാരോഹണ ചടങ്ങിലും ഖലീൽ പങ്കെടുത്തിരുന്നു.

അന്ന് ഒരു മാധ്യമത്തോട് സംസാരിക്കുമ്പോൾ തന്റെ കാര്യത്തിൽ തുറന്ന് സംസാരിച്ച ആദ്യ തെരഞ്ഞെടുക്കപ്പെട്ട നേതാവ് മംദാനിയാണെന്ന് ഖലീൽ പറഞ്ഞിരുന്നു.

മുസ്ലിം മതവിശ്വാസികളായതും കുടിയേറ്റ പശ്ചാത്തലമുള്ളവരായതും ഇരുവരുടെയും സാമ്യമാണെന്ന് നിരീക്ഷകർ പറയുന്നു. ഖലീൽ സിറിയയിൽ ജനിച്ച അൾജീരിയൻ–പലസ്തീൻ വംശജനാണ്. 2013-ൽ സർക്കാരിന്റെ അടിച്ചമർത്തലിനെ തുടർന്ന് അദ്ദേഹം അവിടെ നിന്ന് ഒഴിഞ്ഞുമാറി. മംദാനി യുഗാണ്ടയിൽ ജനിച്ച ഇന്ത്യൻ വംശജനായ അമേരിക്കക്കാരനാണ്.

അതേസമയം അമേരിക്കൻ വിരുദ്ധ തീവ്രവാദ  പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വ്യക്തി എന്നാണ് വൈറ്റ് ഹൗസ് വക്താവ് അന്ന കെല്ലി പ്രസ്താവനയിൽ ഖലീലിനെ വിശേഷിപ്പിച്ചത്.

മംദാനി ഖലീലിനെ പിന്തുണച്ചത് രാഷ്ട്രീയപരമായ സന്ദേശമാണെന്ന് ചില രാഷ്ട്രീയ നിരീക്ഷകർ പറയുന്നു. സമ്പന്നർക്കുള്ള അധിക നികുതി പോലുള്ള നയങ്ങൾ മുന്നോട്ട് വയ്ക്കുന്നതിനിടയിൽ തന്റെ പിന്തുണക്കാർക്ക് താൻ നിൽക്കുന്ന നിലപാട് ഓർമ്മപ്പെടുത്താനുള്ള നീക്കമാണിതെന്ന് അവർ വിലയിരുത്തുന്നു.

അതേസമയം, ഖലീലിന് നേരിട്ട അനീതിക്കെതിരെ നിലകൊള്ളാനുള്ള മാനുഷിക സമീപനമാണ് മംദാനിയുടെ നടപടിയെന്ന് ന്യൂയോർക്ക് ഇമിഗ്രേഷൻ കൊയലിഷൻ പ്രസിഡന്റായ മുരാദ് അവാവ്ദെ അഭിപ്രായപ്പെട്ടു.

സോഷ്യൽ മീഡിയയിൽ ഈ സംഭവത്തെക്കുറിച്ചുള്ള പ്രതികരണങ്ങൾ രാഷ്ട്രീയ നിലപാടുകൾ അനുസരിച്ച് വിഭജിക്കപ്പെട്ടതായി റിപ്പോർട്ടുകൾ പറയുന്നു. റിപ്പബ്ലിക്കൻ ജ്യൂയിഷ് കോലിഷൻ ഉൾപ്പെടെയുള്ള ചില സംഘടനകൾ മംദാനി ഖലീലിനെ സ്വീകരിച്ചതിനെ വിമർശിച്ചപ്പോൾ, മറ്റു ചിലർ അതിനെ മനുഷ്യാവകാശ നിലപാടായി പിന്തുണച്ചു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക