Image

മിഷിഗണിൽ യഹൂദ സ്കൂളിൽ ബോംബാക്രമണം നടത്താനുള്ള ശ്രമം തടഞ്ഞു, അക്രമിയെ വെടിവച്ചു കൊന്നു (പിപിഎം)

Published on 13 March, 2026
 മിഷിഗണിൽ യഹൂദ സ്കൂളിൽ ബോംബാക്രമണം നടത്താനുള്ള ശ്രമം തടഞ്ഞു, അക്രമിയെ വെടിവച്ചു കൊന്നു (പിപിഎം)

മിഷിഗണിൽ യഹൂദ ആരാധനാലയത്തോടു ചേർന്നുള്ള പ്രീസ്കൂളിൽ ബോംബ് വച്ച കാർ ഓടിച്ചു കയറ്റിയ ആൾ വെടിയേറ്റു മരിച്ചു. യഹൂദരെ ലക്‌ഷ്യം വച്ചുള്ള ആക്രമണം തന്നെ ആയിരുന്നുവെന്നു അന്വേഷണ സംഘം പറഞ്ഞു.

ലെബനീസ് വംശജനായ ഒരാളുടെ പേരിൽ റജിസ്റ്റർ ചെയ്തതാണ് കാറെന്നു അവർ വെളിപ്പെടുത്തി. അക്രമിയെ കുറിച്ചു കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

വെസ്റ്റ് ബ്ലൂംഫീൽഡിൽ ടെമ്പിൾ ഇസ്രയേൽ എന്ന സിനഗോഗിൽ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ആക്രമണം ഉണ്ടായത്. സ്കൂൾ കെട്ടിടത്തിൽ 140 കുട്ടികളാണ് പതിവായി പഠിക്കുന്നത്.

ബോംബ് നിറച്ച കാർ അതിവേഗത്തിൽ പാഞ്ഞു വരുമ്പോൾ സെക്യൂരിറ്റി ഗാർഡുകൾ വെടിവച്ചെന്നു ഓൿലൻഡ്‌ ഷെരിഫ് മൈക്ക് ബൗച്ചാർഡ് പറഞ്ഞു. കാറോടിച്ച അക്രമി തൽക്ഷണം മരിച്ചു.

എല്ലാ കുട്ടികളെയും അധ്യാപകരെയും സുരക്ഷിതമായി ഒഴിപ്പിച്ചെന്നു അദ്ദേഹം പറഞ്ഞതായി 'ന്യൂ യോർക്ക് പോസ്റ്റ്' റിപ്പോർട്ട് ചെയ്യുന്നു. ഒരു സെക്യൂരിറ്റി ഗാർഡിനു പരുക്കേറ്റു.

തീ പിടിച്ച കാറിനുള്ളിൽ കണ്ടെത്തിയ ജഡം തിരിച്ചറിയാൻ കഴിയാത്ത നിലയിൽ ആയിരുന്നു. കൈയ്യിൽ റൈഫിൾ ഉണ്ടായിരുന്നു. കാറിന്റെ പിന്നിൽ നിന്നു മോർട്ടാർ ഷെല്ലുകൾ കണ്ടെടുത്തു.

മിഷിഗൺ ഡിയർബോർണിൽ ജീവിക്കുന്ന നാച്ചുറലൈസ് ചെയ്ത ലെബനീസ് വംശജന്റെ പേരിലാണ് കാറിന്റെ റജിസ്‌ട്രേഷൻ എന്നു പോലീസ് ഫോക്സ് ന്യൂസിനോടു പറഞ്ഞു.

സെക്യൂരിറ്റി ഗാർഡുകളെ സിനഗോഗ് അധികൃതർ ഹീറോകളെന്നു വിളിച്ചു.

സിനഗോഗിനു നേരെ ആക്രമണം ഉണ്ടാവുമെന്ന ആശങ്ക ഉണ്ടായിരുന്നുവെന്നു ബൗച്ചാർഡ് പറഞ്ഞു. അതിനെ നേരിടാനുള്ള ഒരുക്കങ്ങൾ ഫെഡറൽ അധികൃതരുടെ സഹായത്തോടെ ചെയ്തിരുന്നു.

യഹൂദരെ ലക്‌ഷ്യം വച്ചുള്ള ആക്രമണം എന്നു തന്നെയാണ് അന്വേഷണം നയിക്കുന്ന എഫ് ബി ഐ ഇതിനെ രേഖപ്പെടുത്തിയത്.

പരിസരത്തുള്ള പല സ്കൂളുകളും ഉടൻ അടച്ചു.

പ്രസിഡന്റ് ട്രംപിനെ കാര്യങ്ങൾ ധരിപ്പിച്ചെന്നു വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോളിൻ ലെവിറ്റ് അറിയിച്ചു. യഹൂദ സമൂഹത്തെ സ്നേഹം അറിയിക്കാൻ അദ്ദേഹം നിർദേശിച്ചു.

"ഇതൊരു ഭീകര സംഭവമാണ്," ട്രംപ് പറഞ്ഞു. "നമ്മൾ അതിന്റെ വസ്തുതകൾ കണ്ടെത്തും."

ന്യൂ യോർക്കിനു പുറത്തു യുഎസിൽ ഏറ്റവുമധികം യഹൂദർ ജീവിക്കുന്ന ഒരു മേഖലയാണ് മിഷിഗൻറെ ഓൿലൻഡ് കൗണ്ടിയിലുള്ള ഡിട്രോയിറ്റ്‌ പ്രാന്തപ്രദേശങ്ങൾ. യുഎസിൽ ഏറ്റവുമധികം അറബ്, മുസ്ലിം ജനസംഖ്യയുള്ള ഡിയർബോണിൽ നിന്നു 20 മൈൽ അകലെയാണ് സ്ഥലം.

ന്യൂ യോർക്കിൽ യഹൂദ സ്ഥാപനങ്ങൾക്കും വീടുകൾക്കും പോലീസ് സുരക്ഷ വർധിപ്പിക്കാൻ മേയർ സോഹ്രാൻ മാംദാനി ഉത്തരവിട്ടു. "മിഷിഗൺ വെസ്റ്റ് ബ്ലൂംഫീൽഡിൽ ഉണ്ടായ ആക്രമണം ഭീകരമാണ്," അദ്ദേഹം എക്‌സിൽ പറഞ്ഞു.

Bid to bomb Michigan Jewish school foiled

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക