Image

ഹോർമുസ് കടലിടുക്ക് കടന്ന് ആദ്യ കപ്പൽ മുംബൈ തീരത്ത് എത്തി

Published on 12 March, 2026
ഹോർമുസ് കടലിടുക്ക് കടന്ന് ആദ്യ കപ്പൽ മുംബൈ തീരത്ത് എത്തി

മുംബൈ : പശ്ചിമേഷ്യയിൽ സംഘർഷങ്ങൾ ആരംഭിച്ചതിനുശേഷം ആദ്യമായി ഹോർമുസ് കടലിടുക്ക് കടന്ന എണ്ണ കപ്പൽ മുംബൈ തീരത്ത് എത്തി. ഇന്ത്യയിലേക്കുള്ള എണ്ണ ടാങ്കറുകൾക്ക് ഹോർമുസ് കടലിടുക്ക് കടന്നു പോകാൻ ഇറാൻ അനുമതി നൽകിയതിനെ തുടർന്നാണ് കപ്പൽ ഇന്ന് ഇന്ത്യൻ തീരത്ത് എത്തിയത്. വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഘിയും തമ്മിലുള്ള നയതന്ത്ര ചർച്ചകൾക്ക് ശേഷമാണ് ഹോർമുസ് കടലിടുക്കിലൂടെ ഇന്ത്യൻ എണ്ണ ടാങ്കറുകൾ കടന്നുപോകാൻ ഇറാൻ അനുമതി നൽകിയത്. 

പശ്ചിമേഷ്യയിൽ രൂക്ഷമായ യുദ്ധം നടക്കുമ്പോൾ ഇന്ത്യയുടെ ഊർജ്ജ ഇറക്കുമതി സംരക്ഷിക്കുക എന്നതാണ് ഈ നീക്കത്തിന്റെ ലക്ഷ്യം. 1,35,335 മെട്രിക് ടൺ ക്രൂഡ് ഓയിൽ ആണ് കപ്പലിൽ ഉള്ളത്.

സൗദി അറേബ്യയിൽ നിന്നുള്ള ക്രൂഡ് ഓയിലാണ് ഇപ്പോൾ മുംബൈ തീരത്ത് എത്തിയിരിക്കുന്ന എണ്ണ ടാങ്കർ കപ്പലിൽ ഉള്ളത്. ലൈബീരിയൻ പതാകയുള്ള ഷെൻലോങ് സൂയസ്മാക്സ് എന്ന് പേരിട്ടിരിക്കുന്ന കപ്പൽ ആണ് സൗദി അറേബ്യയിൽ നിന്നുള്ള ക്രൂഡ് ഓയിലുമായി ഇന്ത്യയിലേക്ക് എത്തിയിട്ടുള്ളത്. സൗദി അറേബ്യയിലെ റാസ് തനുര തുറമുഖത്ത് നിന്ന് പുറപ്പെട്ടിരുന്ന കപ്പൽ ദിവസങ്ങളായി ഹോർമുസ് കടലിടുക്കിൽ മറ്റ് വിവിധ രാജ്യങ്ങളുടെ കപ്പലുകൾക്കൊപ്പം പെട്ടു കിടക്കുകയായിരുന്നു. ടാങ്കർ ബുധനാഴ്ച മുംബൈ തുറമുഖത്ത് എത്തിയതായി മുംബൈ പോർട്ട് ട്രസ്റ്റ് അധികൃതർ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക