
കൊച്ചി: പ്രയാഗ്‌രാജ് കുംഭമേളയിലൂടെ ശ്രദ്ധേയയായ മൊണാലിസയും മഹാരാഷ്ട്ര സ്വദേശി മുഹമ്മദ് ഫർമാനും തമ്മിലുള്ള വിവാഹം വിവാദത്തിലേക്ക്. മൊണാലിസയ്ക്ക് 17 വയസ് മാത്രമേ പ്രായമുള്ളൂവെന്ന് മാതാവ് സ്ഥിരീകരിച്ചതോടെയാണ് വിവാദം ശക്തമായത്.
ഇതേത്തുടർന്ന്, വിവാഹത്തിന് കാർമികത്വം വഹിച്ചവർക്കും പങ്കെടുത്തവർക്കുമെതിരെ നടപടി ആവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പൊലീസ് മേധാവിക്കും പൂവാർ എസ്എച്ച്ഒയ്ക്കും പരാതി നൽകി. മന്ത്രി വി. ശിവൻകുട്ടി, എ.എ. റഹിം എം.പി, എം.വി. ഗോവിന്ദൻ മാസ്റ്റർ, കുട്ടിയുടെ ഭർത്താവ് മുഹമ്മദ് ഫർഹാൻ, വിവാഹം നടന്ന ക്ഷേത്രത്തിലെ ഭാരവാഹികൾ എന്നിവർക്കെതിരെ കേസെടുക്കണമെന്നാണ് പരാതിയിലെ ആവശ്യം.
ശൈശവ വിവാഹ നിരോധന നിയമം, പോക്സോ നിയമം എന്നിവ പ്രകാരം നടപടി സ്വീകരിക്കണമെന്നും വിശ്വഹിന്ദു പരിഷത്ത് ഭാരവാഹികൾ ഇ-മെയിൽ വഴി അയച്ച പരാതിയിൽ ആവശ്യപ്പെട്ടു. പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന വിവരം പുറത്തുവന്നതോടെ നിയമവിരുദ്ധമായി വിവാഹം നടത്തിയവർക്കും അതിന് ഒത്താശ ചെയ്ത പ്രമുഖർക്കുമെതിരേ കർശന നടപടി വേണമെന്ന നിലപാടിലാണ് പരാതിക്കാർ.
ഇരുവരുടെയും വിവാഹം തിരുവനന്തപുരം പൂവാറിനടുത്ത് അരുമാനൂർ നൈനാർ ക്ഷേത്രത്തിൽ ബുധനാഴ്ചയാണ് നടന്നത്. ഫെയ്സ്ബുക്ക് വഴിയുള്ള ആറുമാസത്തെ പ്രണയത്തിനൊടുവിലാണ് മോണാലിസയും ഫർമാനും വിവാഹിതരായത്.
മൊണാലിസയുടെയും,ഫർമാൻ ഖാന്റെയും വിവാഹത്തിന് ചുക്കാൻ പിടിച്ചത് സിപിഎം നേതാക്കളായിരുന്നുവെന്നാണ് സൂചന . രണ്ട് സ്വതന്ത്ര വ്യക്തികൾ എന്ന നിലയിൽ അവർ വിവാഹിതരാകുന്നുവെന്നാണ് എം വി ഗോവിന്ദൻ പറഞ്ഞത്. ‘മഹാരാഷ്‌ട്ര സ്വദേശിയായ യുവാവും മധ്യപ്രദേശിലുള്ള യുവതിയും വിവാഹിതരാകാൻ തീരുമാനിച്ചു. അങ്ങനെ തീരുമാനിച്ചപ്പോൾ അവർ തെരഞ്ഞെടുക്കാൻ പറ്റുന്ന ഇന്ത്യയിലെ സ്ഥലം ഏതാണ് എന്ന് സംബന്ധിച്ച് അവർ തന്നെ വ്യക്തമാക്കുന്നുണ്ട്. അത് കേരളമാണ്. അങ്ങനെ അവർ കേരളത്തിൽ വന്നു. ശ്രീനാരായണ ഗുരു സ്ഥാപിച്ച പ്രതിഷ്ഠ നടത്തിയ ക്ഷേത്രമാണിത്.’ മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്നതാണല്ലോ ശ്രീനാരായണ ഗുരുവിന്റെ ആപ്തവാക്യമെന്നും എം വി ഗോവിന്ദൻ മാധ്യമങ്ങളോട് സംസാരിക്കവേ അഭിപ്രായപ്പെട്ടു.
യഥാർത്ഥ കേരള സ്റ്റോറി എന്ന് പറയുന്നത് ഈ കല്യാണമാണെന്നാണ് മന്ത്രി വി ശിവൻകുട്ടി പ്രതികരിച്ചത്. കേരളത്തിലെ ജനങ്ങൾക്ക് അഭിമാനിക്കാം. ലോകത്തിന്റെ മുന്നിൽ. മതേതരത്വത്തിനും മനുഷ്യ സ്നേഹത്തിനും പേര് കേട്ട നാടാണ് കേരളമെന്ന് നമുക്ക് അഭിമാനിക്കാമെന്നായിരുന്നു വി ശിവൻകുട്ടിയുടെ പ്രതികരണം.
ഇതിനിടെ മോണാലിസ അഭിനയിച്ച സിനിമയുടെ സംവിധായകൻ സനോജ് മിശ്ര ഇത് ലവ് ജിഹാദ് ആണെന്ന് അവകാശപ്പെട്ട് രംഗത്തെത്തി. ഇതിന് പിന്നാലെ നവദമ്പതികൾ ഒരു പത്രസമ്മേളനം നടത്തി ചോദ്യങ്ങൾക്ക് ഉത്തരം നൽകിയിരിക്കുകയാണ്.
തങ്ങൾ ഷൂട്ടിംഗിനായി കേരളത്തിലെത്തിയതാണെന്ന് ഫർമാൻ ഖാനും മൊണാലിസയും പറഞ്ഞു. ഷൂട്ടിംഗ് തുടരുകയാണ്. 20 ദിവസം കൂടി ഇത് തുടരും.
'മൊണാലിസ എന്നോട് വിവാഹാഭ്യർത്ഥന നടത്തിയിരുന്നു, പക്ഷേ ഞാൻ അത് നിരസിച്ചിരുന്നു' ഫർഹാൻ പറഞ്ഞു . പക്ഷേ, എന്റെ വിവാഹം 2-3 ദിവസത്തിനുള്ളിൽ നടക്കുമെന്ന് അവൾ പറഞ്ഞു. എന്റെ വീട്ടുകാർ വിവാഹത്തിന് നിർബന്ധിക്കുന്നു. എന്തെങ്കിലും മോശം സംഭവിക്കുമെന്നും അവൾ ആത്മഹത്യ ചെയ്യുമെന്നും ഭീഷണി മുഴക്കിയിരുന്നു. അപ്പോൾ ഞാൻ ചിന്തിച്ചു, ഒരാളുടെ ജീവിതം നശിപ്പിക്കുന്നതിനേക്കാൾ നല്ലത് വിവാഹം കഴിക്കുന്നതാണ് എന്ന്. ഫർമാൻ പറഞ്ഞു.
എല്ലാ മതങ്ങളും തനിക്ക് ഒരുപോലെയാണ്. മൊണാലിസ അവളുടെ മതത്തിൽ തന്നെ തുടരും. ഞാൻ എന്റെ മതത്തിൽ തുടരും. ഞാൻ അമ്പലത്തിൽ പോകുകയും ചെയ്യും. ഇത് ലവ് ജിഹാദ് ആണെന്നും സംസാരമുണ്ട്, പക്ഷേ അങ്ങനെയല്ല. പല നടിമാരും മുസ്ലീം പുരുഷന്മാരെ വിവാഹം കഴിച്ചിട്ടുണ്ട്. ഹിന്ദു നടന്മാർ മുസ്ലീം സ്ത്രീകളെ വിവാഹം കഴിച്ചിട്ടുണ്ട്. ഇതുപോലുള്ള എന്തെങ്കിലും സത്യമാണെങ്കിൽ, ഞാൻ ഹിന്ദു ആചാരങ്ങൾ അനുസരിച്ച് വിവാഹം കഴിക്കില്ലായിരുന്നു- ഫർമാൻ കൂട്ടിച്ചേർത്തു.
വിവാഹശേഷം മാധ്യമങ്ങളോട് സംസാരിച്ച ഫർമാൻ തന്റെ വിവാഹ സർട്ടിഫിക്കറ്റ് കാണിച്ച് മൊണാലിസ പ്രായപൂർത്തിയായ ആളാണെന്ന് പറഞ്ഞു. "മൊണാലിസ പ്രായപൂർത്തിയായിട്ടില്ലെന്നും കുട്ടിയാണെന്നും അവകാശപ്പെടുന്ന നിരവധി റിപ്പോർട്ടുകൾ ഉണ്ട്, പക്ഷേ അത് ശരിയല്ല. ഞാൻ നിങ്ങളോട് പറയട്ടെ, മൊണാലിസ പ്രായപൂർത്തിയായ ആളാണ്. അവൾക്ക് 18 വയസ്സിനു മുകളിൽ പ്രായമുണ്ട്. വിവാഹ സർട്ടിഫിക്കറ്റിൽ അവളുടെ ജനനത്തീയതി എഴുതിയിട്ടുണ്ട്. ഇതിനുള്ള തെളിവ് വിവാഹ സർട്ടിഫിക്കറ്റിലും ആധാർ കാർഡിലും കാണാം" എന്ന് ഫർമാൻ പറഞ്ഞു.
ഞങ്ങൾ ഇവിടെ തന്നെ തുടരും. കേരളം നല്ലതാണ്. ഞങ്ങൾ ഇവിടെ തന്നെ തുടരാൻ പദ്ധതിയിടുന്നു. ഇവിടുത്തെ ആളുകൾ പരസ്പരം മനുഷ്യരായി കാണുന്നുവെന്നും മോണാലിസ പറയുന്നു.
ഇതേസമയം മൊണാലിസയെ വിവാഹം കഴിച്ച ഫർമാനെതിരെ ഫർമാന്റെ കുടുംബം രംഗത്തെത്തി. വിവാഹത്തിൽ ഫർമാന്റെ പിതാവ് സഫർ അലി പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചു. പെൺകുട്ടി ഹിന്ദുവാണന്നും തങ്ങളുടെ കുടുംബം മുസ്ലീം ജാട്ട് സമുദായത്തിൽ പെട്ടതാണെന്നും ഈ ബന്ധത്തിൽ തനിക്ക് അതൃപ്തിയുണ്ടെന്നും അദ്ദേഹം പറയുന്നു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സഫർ അലി ഈ വിവാഹത്തിൽ തനിക്ക് അതൃപ്തിയുണ്ടെന്ന് വ്യക്തമാക്കി . തന്റെ കുടുംബം മുസ്ലീം ജാട്ട് സമുദായത്തിൽ പെട്ടതാണെന്നും മോണാലിസ ഒരു ഹിന്ദുവാണെന്നും അതിനാൽ, ഈ ബന്ധം അദ്ദേഹം അംഗീകരിക്കുന്നില്ലന്നും അദ്ദേഹം പറഞ്ഞു.
‘എനിക്ക് ഈ വിവാഹത്തിൽ സന്തോഷമില്ല. അവൾ മറ്റൊരു മതത്തിൽ നിന്നുള്ളവളാണ്, ഞങ്ങൾ മുസ്ലീം ജാട്ടുകളാണ്. ഇത് കുടുംബത്തിന് പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാം’, ഫർമന്റെ പിതാവ് സഫർ അലി പറഞ്ഞു.
"ഫർമാൻ ഇടയ്ക്കിടെ ഗ്രാമം സന്ദർശിക്കുമായിരുന്നു, പക്ഷേ ഒരിക്കലും തന്റെ വിവാഹകാര്യം പറഞ്ഞിരുന്നില്ല . ഇത് അവന്റെ ആദ്യത്തെ തെറ്റാണ്. ഞങ്ങൾ അവനെ അംഗീകരിക്കുന്നില്ല." പിതാവ് കൂട്ടിച്ചേർത്തു.
'ഫർമാൻ ഒരു ക്ഷേത്രത്തിൽ വച്ച് വിവാഹിതനായത് മാധ്യമങ്ങളിലൂടെയാണ് ഞങ്ങൾ അറിഞ്ഞത്. മൊണാലിസയെ വിവാഹം കഴിക്കുമെന്ന് അദ്ദേഹം ഒരിക്കലും പറഞ്ഞിട്ടില്ല. മൊണാലിസ ഫർഹാനൊപ്പം സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെന്ന് മാത്രമേ ഞങ്ങൾക്കറിയൂ, പക്ഷേ ഈ സിനിമ ഫർമാന് നല്ലതല്ല. ഞങ്ങൾ അതിൽ സന്തുഷ്ടരല്ല," ഫാർമന്റെ സഹോദരൻ ഷമാദ് പറയുന്നു.
പ്രയാഗ് രാജിൽ കുംഭമേള നടക്കുന്ന സമയത്താണ് മൊണാലിസ വൈറലായത് . അന്ന് ദേശീയ മാധ്യമങ്ങൾ അടക്കം മൊണാലിസയെ കുറിച്ച് വാർത്തയും ചെയ്തിരുന്നു. ഇത് അനുസരിച്ച് മൊണാലിസയുടെ പ്രായം 2025 ൽ 16 ആയിരുന്നു. പ്രായപൂർത്തിയാകാത്ത മകൾ പ്രണയത്തിൽ അകപ്പെട്ടത് കൊണ്ടാകാം മാതാപിതാക്കൾ എതിർത്തതെന്നുമാണ് റിപ്പോർട്ടുകൾ .
സുരക്ഷാ ഭീഷണിയുണ്ടായിരുന്നതിനാലാണ് ഇരുവരും തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ അഭയം തേടിയത്. പൊലീസിന്‍റെയും രാഷ്ട്രീയ നേതാക്കളുടെയും സാന്നിധ്യത്തിലാണ് ചടങ്ങുകൾ നടന്നത്.