Image

മിടുക്കനായ മോന്‍.. എന്തിനാണ് നീ ഇത് ചെയ്തത് എന്റെ അപ്പൂസേ..; ഹരി മുരളിയുടെ മരണത്തില്‍ കണ്ണീരോടെ സീമ ജി നായര്‍

Published on 12 March, 2026
മിടുക്കനായ മോന്‍.. എന്തിനാണ് നീ ഇത് ചെയ്തത്  എന്റെ അപ്പൂസേ..; ഹരി മുരളിയുടെ മരണത്തില്‍ കണ്ണീരോടെ സീമ ജി നായര്‍

ബാലതാരമായി ശ്രദ്ധ നേടിയ നടന്‍ ഹരി മുരളിയുടെ മരണ വാര്‍ത്ത അറിഞ്ഞ ഷോക്കിലാണ് ആരാധകര്‍. 27 വയസ്സ് മാത്രമുള്ള ഹരി മുരളി സ്വയം ജീവനൊടുക്കുകയായിരുന്നു. വാര്‍ത്ത അറിഞ്ഞ നടുക്കത്തില്‍ സീമ ജി നായര്‍ പങ്കുവച്ച പോസ്റ്റ് വായിക്കുന്നവരെയും ഇമോഷണലാക്കുന്നതാണ്.

സീമ ജി നായരുടെ പോസ്റ്റ്;

പ്രശസ്ത നാടക - സീരിയല്‍ നടന്‍ പയ്യന്നൂര്‍ മുരളി ചേട്ടന്റെ മകന്‍ ഹരി മുരളി അന്തരിച്ചു. അപ്പൂസ്, ബാലതാരമായി എന്റെ കൂടെയും അവന്‍ അഭിനയിച്ചിട്ടുണ്ട്. മിടുക്കനായ മോന്‍.. എന്തിനാണ് നീ ഇത് ചെയ്തത്. ആദ്യം കേട്ടപ്പോള്‍ വിശ്വസിക്കാന്‍ മടിച്ചു. മുരളി ചേട്ടനെ വിളിച്ചപ്പോള്‍ സഹോദരിയാണ് ഫോണ്‍ എടുത്തത്. സത്യം ആണെന്ന് സ്ഥിരീകരിച്ചു, എന്തായിരുന്നെങ്കിലും പൊന്നുമോനെ ഇങ്ങനെ ചെയ്യരുതായിരുന്നു. എങ്ങനെ സഹിക്കും നിന്റെ അച്ഛനമ്മമാരും ബന്ധുക്കളും. എന്തോ മനസ്സ് പതറുന്നു.. മിടുക്കനല്ലായിരുന്നോ എന്റെ അപ്പൂസേ. നീ നിന്നെയും അച്ഛനെയും അമ്മയെയും അറിയുന്ന എത്ര പേര്‍ അങ്ങോട്ടുമിങ്ങോട്ടും വിളിക്കുന്നു.. ആര്‍ക്കും വിശ്വസിക്കാന്‍ ആവുന്നില്ലല്ലോ അപ്പൂസേ.. എന്നാണ് സീമ ജി നായരുടെ പോസ്റ്റ്.

നാല്‍പത്തിയഞ്ചോളം സീരിയലുകളും പതിനഞ്ചോളം സിനിമകളിലും ഹരി മുരളി അഭിനയിച്ചിട്ടുണ്ട്. കുട്ടിച്ചാത്തന്‍, കായം കുളം കൊച്ചുണ്ണി, രഹസ്യം, മാഗല്യം പോലുള്ള സീരിയലുകളിലെ അഭിനയം എല്ലാം ശ്രദ്ധ നേടി.

 രസികന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു ബിഗ് സ്‌ക്രീനിലേക്കുള്ള അരങ്ങേറ്റം. ദിലീപിന്റെ മരുമകനായുള്ള രംഗം ഇന്നും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. തുടര്‍ന്ന് അണ്ണന്‍ തമ്പി, മാടമ്പി പോലുള്ള നിരവധി സിനിമകളില്‍ അഭിനയിച്ചു. നാദിര്‍ഷ സംവിധാനം ചെയ്ത അമര്‍ അക്ബര്‍ അന്തോണിയാണ് ഏറ്റവുമൊടുവില്‍ അഭിനയിച്ച സിനിമ.

അത്രയും കുഞ്ഞു പ്രായത്തില്‍ ആ സ്റ്റാര്‍ഡം ഹാന്റില്‍ ചെയ്യാന്‍ കഴിയാത്തതിനാലാണ് അഭിനയം വിട്ടത് എന്ന് ഹരി മുരളി പറഞ്ഞിരുന്നു. തനിക്ക് ചെയ്യാന്‍ സാധിക്കുന്ന മികച്ച റോളുകള്‍ വന്നാല്‍ ചെയ്യാന്‍ തയ്യാറായി നില്‍ക്കവെയാണ് ഇങ്ങനെ ഒരു കാര്യം ഹരി മുരളി ചെയ്തത്.

കൊച്ചിയില്‍ ഗ്രാഫിക് ഡിസൈനറായി ജോലി ചെയ്തു വരികയായിരുന്നു ഹരി മുരളി. എഡിറ്റിങ്, എഴുത്ത്, അഭിനയം ഒക്കെയായിരുന്നു ഇഷ്ടം. ഇന്നലെ, മാര്‍ച്ച് 11 ന് ആണ് കൊച്ചിയില്‍ നിന്ന് ഹരി പയ്യന്നൂരിലെ വീട്ടിലെത്തിയത്. രാവിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. എന്തായിരുന്നു കാരണം എന്നുള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക