
ഇറാൻ യുദ്ധം സംബന്ധിച്ചു പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറയുന്നതെല്ലാം നുണയാണെന്നു സെനറ്റ് മൈനോറിറ്റി ലീഡർ ചക് ഷൂമർ (ഡെമോക്രാറ്റ്-ന്യൂ യോർക്ക്). "പറയുന്നതെല്ലാം പരസ്പര വിരുദ്ധം," ക്യാപിറ്റോളിൽ നയ വിശദീകരണ ലഞ്ച് കഴിഞ്ഞു മാധ്യമങ്ങളോട് അദ്ദേഹം പറഞ്ഞു.
"വ്യക്തമായൊരു യുദ്ധപദ്ധതി അവർക്കില്ല. ട്രംപ് പറയുന്നതെല്ലാം മണിക്കൂർ വച്ചു മാറിക്കൊണ്ടിരിക്കുന്നു. യുദ്ധം തീരാൻ പോകുന്നുവെന്ന് അദ്ദേഹം പറഞ്ഞതിനു പിന്നാലെയാണ് യുദ്ധം ശക്തമാക്കാൻ പോകുന്നുവെന്നു പെന്റഗൺ പറഞ്ഞത്.
"ഇന്നലെ ട്രംപ് പറഞ്ഞത്, നമ്മൾ വിചാരിച്ചതിലും നേരത്തെ വിജയം കണ്ടു, യുദ്ധം തീരാൻ പോകുന്നു എന്നാണ്. ഇന്നു രാവിലെ പീറ്റ് ഹേഗ്സേഥ് ക്യാമറയ്ക്കു മുന്നിൽ നിന്നു പറഞ്ഞത് ഏറ്റവും ശക്തമായ ആക്രമണത്തിന്റെ ദിവസമാണ് ഇതെന്നാണ്.
“യുഎസ് പ്രസിഡന്റ് സ്വയം ആരംഭിച്ച യുദ്ധത്തെപ്പറ്റി നഗ്നമായ നുണകളാണ് പ്രചരിപ്പിക്കുന്നത്. വ്യക്തമായ യുദ്ധ പദ്ധതിയില്ല എന്നിരിക്കെ അമേരിക്കൻ സൈനികർ അപകടത്തിലാണ്. ഇതൊരു യുദ്ധമാണെന്നത് മറക്കരുത്.”
കോൺഗ്രസിൽ വന്നു ജനങ്ങളോട് വിശദീകരണം നൽകണമെന്ന് ആവർത്തിച്ച് പറഞ്ഞിട്ടും ഭരണകൂടം കേൾക്കുന്നില്ലെന്നു ഷൂമർ പറഞ്ഞു.
ഹോംലാൻഡ് സെക്യൂരിറ്റി പ്രവർത്തനം പരിഷ്‌കരിക്കാതെ അവർക്കുള്ള ഫണ്ടിംഗ് നൽകില്ലെന്നു ഷൂമർ വ്യക്തമാക്കി. "ഞങ്ങൾ ലളിതമായ കാര്യങ്ങളാണ് ആവശ്യപ്പെടുന്നത്. ഐസ് നടത്തുന്ന പട്രോളിംഗ് നിർത്തുക, രഹസ്യ പോലിസിനെ പിൻവലിക്കുക, മുഖംമൂടികൾ നീക്കം ചെയ്യുക, ക്യാമറകൾ ധരിക്കുക."
ഈ വിഷയത്തിൽ ഡെമോക്രാറ്റുകൾ ചർച്ചയ്ക്കു തയാറായിട്ടില്ലെന്നു റിപ്പബ്ലിക്കൻ നേതാവ് ജോൺ തുണ് ചൂണ്ടിക്കാട്ടി. ഫണ്ടിംഗ് നിലച്ചതോടെ പല ഏജൻസികളും പ്രവർത്തിക്കുന്നില്ല.
Donald Trump’s a liar, says Schumer