Image

യുഎസിനു വേണ്ടി യുദ്ധം ചെയ്യാൻ ഗൾഫ് രാജ്യങ്ങളെ പ്രതീക്ഷിക്കേണ്ടെന്നു യു എ ഇ ശതകോടീശ്വരൻ (പിപിഎം)

Published on 11 March, 2026
 യുഎസിനു വേണ്ടി യുദ്ധം ചെയ്യാൻ ഗൾഫ് രാജ്യങ്ങളെ പ്രതീക്ഷിക്കേണ്ടെന്നു യു എ ഇ ശതകോടീശ്വരൻ (പിപിഎം)

മിഡിൽ ഈസ്റ്റ് യുദ്ധത്തിൽ അമേരിക്കയെയും ഇസ്രയേലിനെയും സഹായിക്കാൻ ഗൾഫ് രാജ്യങ്ങൾ രംഗത്തു വരാത്തതിനെ വിമർശിച്ച റിപ്പബ്ലിക്കൻ സെനറ്റർ ലിൻഡ്‌സെ ഗ്രെയമിനു ശക്തമായ മറുപടിയുമായി യു എ ഇയിലെ പ്രമുഖ  ശതകോടീശ്വരൻ അഹ്‌മദ്‌ അൽ ഹബ്ത്തൂർ.

ഗൾഫിലെ വരേണ്യ വർഗം ഈ യുദ്ധത്തിൽ ഏറെ അസ്വസ്ഥരാണ് എന്നതു ഹബ്ത്തൂർ വ്യക്തമാക്കുന്നത് ഇതാദ്യമല്ല. യൂറോപ്പിലും ആഫ്രിക്കയിലും മറ്റും ബിസിനസ് സ്ഥാപനങ്ങളുള്ള ഹബ്ത്തൂർ ഗ്രെയമിന് ഉടൻ മറുപടി നൽകിയത് ഗൾഫ് ബിസിനസ് സമൂഹത്തിന്റെ രോഷം കത്തിപ്പടരുന്നതിന്റെ തെളിവാണ്.  

സൗദി അറേബ്യ പോലുള്ള ഗൾഫ് രാജ്യങ്ങൾ സജീവമായി യുദ്ധത്തിന് ഇറങ്ങണം എന്നാണ് പ്രസിഡന്റ് ട്രംപിനോട് ഏറെ അടുപ്പമുള്ള ഗ്രെയം അഭിപ്രായപ്പെട്ടത്. ഗൾഫിനു സുരക്ഷ നൽകുന്നത് യുഎസ് ആണെന്നു വാദിച്ച സെനറ്റർ, ആ കടപ്പാട് മറന്നാൽ പ്രശ്നമാണെന്നു ഓർമിപ്പിച്ചു.

"സൗദി അറേബ്യക്ക് എതിരായ ആക്രമണങ്ങൾ മൂലം അവിടത്തെ യുഎസ് എംബസി ഒഴിപ്പിക്കയാണ്," ഗ്രെയം എക്‌സിൽ കുറിച്ചു. "സൗദി അറേബ്യ അവരുടെ മികച്ച സൈന്യത്തെ ഈ യുദ്ധത്തിന് ഇറക്കാൻ മടിക്കുന്നു എന്നാണു ഞാൻ മനസിലാക്കുന്നത്."

എന്തിനു സൗദിക്ക് സുരക്ഷ നൽകുന്നു

അപ്പോൾ പിന്നെ യുഎസ് എന്തിനു സൗദിക്ക് സുരക്ഷ നൽകുന്നു എന്നു അദ്ദേഹം ചോദിച്ചു.  

ഗൾഫ് രാജ്യങ്ങൾ യുദ്ധത്തിൽ പ്രവേശിക്കണം എന്ന ആവശ്യം ഹബ്ത്തൂർ തള്ളി. "ഞാൻ വ്യക്തമായി പറയാം, ഞങ്ങൾ എന്തുകൊണ്ട് ആക്രമിക്കപ്പെടുന്നു എന്നു ഞങ്ങൾക്കറിയാം. ഈ അപകടകരമായ ഏറ്റുമുട്ടലിലേക്കു മേഖലയെ ആരാണ് നയിച്ചതെന്നും ഞങ്ങൾക്കറിയാം. അവർ സഖ്യരാഷ്ട്രങ്ങൾ എന്നു വിളിക്കുന്ന ഞങ്ങളോടു അതേപ്പറ്റി അഭിപ്രായമൊന്നും ചോദിച്ചിട്ടില്ല."  

മേഖലയുടെ അഭിപ്രായം ആരാഞ്ഞില്ല

ബാഹ്യ ശക്തികൾ മിഡിൽ ഈസ്റ്റിനെ യുദ്ധത്തിലേക്കു വലിച്ചിഴച്ചത് മേഖലയുടെ അഭിപ്രായം ആരാഞ്ഞിട്ടല്ല. "യു എ എയും ജി സി സിയും ഭദ്രമായിരിക്കുന്നതിൽ ഞങ്ങൾ ദൈവത്തോട് നന്ദി പറയുന്നു. ഞങ്ങളെ രക്ഷിക്കാൻ എന്ന പേരിൽ മിഡിൽ ഈസ്റ്റിലേക്കു സൈന്യത്തെ അയച്ച ഒരാളെ ഞങ്ങൾക്ക് ആവശ്യമില്ല.

"അമേരിക്ക തിരക്കിട്ടു എടുത്ത തീരുമാനങ്ങൾ  മേഖലയെ യുദ്ധത്തിൽ മുക്കി."

യുഎസ് നയത്തെ വിമർശിക്കുന്നതു കൊണ്ടു താൻ ഇറാനെ പിന്തുണയ്ക്കുന്നു എന്നർഥമില്ലെന്നും ഹബ്ത്തൂർ വ്യക്തമാക്കി. "ഞങ്ങൾ ഇറാനെ വിശ്വസിക്കുന്നില്ല, അവർ ഉയർത്തുന്ന ഭീഷണി അറിയാം. പക്ഷെ പലരുടെ സൈന്യങ്ങളും മേഖലയിൽ യുദ്ധം ചെയ്യുന്നത് ഒരു വൃത്തികെട്ട കളിയാണ്. സുതാര്യത ഇല്ലാതെയാണ് കളിക്കുന്നതും. എല്ലാവര്ക്കും അവരുടെ താല്പര്യം മാത്രം, മിഡിൽ ഈസ്റ്റിന്റെ താല്പര്യം പരിഗണിക്കുന്നില്ല.

"അതു കൊണ്ടു തന്നെ പറയുകയാണ്, മറ്റുള്ളവരുടെ താല്പര്യത്തിനു വേണ്ടി ഈ യുദ്ധത്തിൽ പ്രവേശിക്കാൻ ഞങ്ങൾ തയ്യാറില്ല. നയതന്ത്രവും രാഷ്ട്രീയ പരിഹാരവും കൊണ്ടു തീരേണ്ട കാര്യത്തിനു യുദ്ധത്തിനു പോയവർക്കു വേണ്ടി ഞങ്ങളുടെ പ്രിയപ്പെട്ട പുത്രന്മാരെ ബലി കൊടുക്കാൻ ഞങ്ങൾ തയ്യാറില്ല. ഞങ്ങൾക്ക് അവരുടെ ജീവനേക്കാൾ മൂല്യമുളള യാതൊന്നും ഭൂമിയിലില്ല.

"ഡോണൾഡ്‌ ട്രംപും സെനറ്റർ ഗ്രെയമും അമേരിക്കൻ ജീവിതങ്ങൾ ഇസ്രായേലിനു വേണ്ടി ത്യജിക്കാൻ തയ്യാറാണെങ്കിൽ അത് അവരുടെ താത്പര്യം. ഞങ്ങളെ അതിനു പ്രതീക്ഷിക്കേണ്ട.

"നിങ്ങളുടെ സംരക്ഷണവും ഞങ്ങൾക്ക് ആവശ്യമില്ല. ഞങ്ങളിൽ നിന്ന് അകലം പാലിച്ചാൽ മാത്രം മതി."

അമേരിക്കയിൽ നിന്ന് ആയുധം വാങ്ങുന്നുണ്ടെങ്കിൽ അതിനു പണം തരുന്നുണ്ടെന്നു ഹബ്ത്തൂർ ചൂണ്ടിക്കാട്ടി. അതിനു ബില്യണുകൾ മുടക്കുന്നുണ്ട്, സൗജന്യമൊന്നുമല്ല.

UAE billionaire rejects Graham comments

 

 

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക