Image

അഞ്ചു വയസുകാരനെ പീഡിപ്പിക്കാന്‍ കാമുകന് കൂട്ടുനിന്നു; അമ്മയ്ക്ക് 60 വര്‍ഷം തടവ്

പി പി ചെറിയാന്‍ Published on 11 March, 2026
അഞ്ചു വയസുകാരനെ പീഡിപ്പിക്കാന്‍ കാമുകന് കൂട്ടുനിന്നു; അമ്മയ്ക്ക് 60 വര്‍ഷം തടവ്

ഫ്‌ലോറിഡ : സ്വന്തം മകനെ ക്രൂരമായ പീഡനത്തിന് ഇരയാക്കാന്‍ കാമുകന് ഒത്താശ ചെയ്തുകൊടുത്ത ഫ്‌ലോറിഡ സ്വദേശിനിയായ ടെയ്ലര്‍ ഷാഫറിന് (Taylor Schaefer) കോടതി 60 വര്‍ഷം തടവുശിക്ഷ വിധിച്ചു. 2023-ല്‍ നടന്ന അതിക്രൂരമായ ശിശു പീഡനക്കേസിലാണ് തിങ്കളാഴ്ച വൊളൂഷ്യ കൗണ്ടി കോടതിയുടെ ഈ വിധി.

അഞ്ചു വയസ്സുകാരനായ മകനെ പ്രതിയുടെ കാമുകന്‍ മാസങ്ങളോളം മര്‍ദ്ദിക്കുകയും പട്ടിണിക്കിടുകയും ചെയ്തിരുന്നു. കുട്ടിയെ നായയുടെ കൂട്ടില്‍ അടച്ചിടുകയും കൈകള്‍ മണിക്കൂറുകളോളം പിന്നില്‍ കെട്ടിയിടുകയും ചെയ്തിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തി.

കാമുകന്‍ കുട്ടിയെ മര്‍ദ്ദിക്കുമ്പോള്‍ ഈ അമ്മ വീട്ടില്‍ ഉണ്ടായിരുന്നുവെന്നും പീഡന ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ടതായും പോലീസ് പറഞ്ഞു. എന്നാല്‍ കുട്ടിക്ക് വൈദ്യസഹായം നല്‍കാനോ തടയാനോ ഇവര്‍ ശ്രമിച്ചില്ല.

കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ തലയോട്ടിയിലെ പൊട്ടല്‍ ഉള്‍പ്പെടെ 46-ഓളം മുറിവുകളും ആന്തരിക പരിക്കുകളും ഡോക്ടര്‍മാര്‍ കണ്ടെത്തി.

താന്‍ ഒന്നുമറിഞ്ഞില്ലെന്നായിരുന്നു ഷാഫര്‍ ആദ്യം പോലീസിനോട് പറഞ്ഞതെങ്കിലും, ഇവരുടെ ഫോണ്‍ സന്ദേശങ്ങളും വീഡിയോകളും പരിശോധിച്ചതോടെ പീഡന വിവരം അമ്മയ്ക്ക് കൃത്യമായി അറിയാമായിരുന്നു എന്ന് തെളിഞ്ഞു. കാമുകന്‍ ഷോണ്‍ സ്റ്റോണിനെതിരെയും  കര്‍ശനമായ നിയമനടപടികള്‍ തുടരുകയാണ്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക