
ഗൾഫ് രാജ്യങ്ങൾ ഒരിക്കലും ഇറാൻറെ ശത്രുക്കൾ ആയിരുന്നില്ലെന്ന് ഖത്തർ വിദേശകാര്യ സഹ മന്ത്രി മുഹമ്മദ് ബിൻ അബ്ദുൾ അസിസ് അൽ ഖുലൈഫി ബുധനാഴ്ച്ച അൽ ജസീറ ടെലിവിഷനോടു പറഞ്ഞു. ഇറാനും അമേരിക്കയും യുദ്ധം നിർത്തി ചർച്ചയ്ക്കു തിരിച്ചെത്തണം എന്നുദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു.
ഇറാൻ അയൽ രാജ്യങ്ങൾക്കു നേരെ നടത്തുന്ന ആക്രമണങ്ങൾ ആർക്കും ഗുണം ചെയ്യുന്നില്ലെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി.
ആക്രമണം വ്യാപിക്കുന്നതിൽ ഖത്തറിന് വലിയ ആശങ്കയുണ്ടെന്നു ഖുലൈഫി പറഞ്ഞു. സിവിലിയൻ ലക്ഷ്യങ്ങളിലും ആക്രമണം എത്തി. "ഇത് നിർഭാഗ്യകരമാണ്. ചർച്ചയല്ലാതെ ഈ പ്രശ്നങ്ങൾക്കൊന്നും പരിഹാരമില്ല."
ഖത്തറിന്റെ പരമാധികാരത്തിന്റെ മേലുള്ള ആക്രമണങ്ങളെ ശക്തമായി അപലപിക്കുന്നുവെന്നു മന്ത്രി പറഞ്ഞു. "സ്വയം പ്രതിരോധത്തിനു ഖത്തറിന് അവകാശമുണ്ടെന്ന് ഓർമിപ്പിക്കുന്നു."
ഇറാനും പാശ്ചാത്യ രാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങൾ തീർക്കാൻ മധ്യസ്ഥത വഹിച്ച ചരിത്രമാണ് ഖത്തറിനും ഒമാനും ഉള്ളത്. ആക്രമണങ്ങൾ തുടരുമ്പോൾ ഇരു രാജ്യങ്ങൾക്കും ആ പങ്കു വഹിക്കാനാവില്ല.
ഈ കാര്യങ്ങൾ ഏതാനും ദിവസം മുൻപ് ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്‌ദുൾ റഹ്‌മാൻ ബിൻ ജാസിം അൽ താനി ഇറാന്റെ നേതാക്കളോട് പറഞ്ഞിരുന്നുവെന്നും ഖുലൈഫി വെളിപ്പെടുത്തി.
അയൽ രാജ്യങ്ങൾ ശത്രുക്കളല്ല എന്ന കാര്യം ഇറാൻകാർ മനസിലാക്കുന്നില്ലെന്നു അദ്ദേഹം പറഞ്ഞു. "യുദ്ധം നിർത്താൻ ഞങ്ങൾ പ്രസിഡന്റ് ട്രംപിനോട് ആവശ്യപ്പെടുക വരെ ചെയ്തു."
Qatar seeks end to war, return to talks