Image

അമ്മയെ മര്‍ദ്ദിക്കുന്നത് കണ്ട 11-കാരന്‍ കാമുകനെ വെടിവെച്ചു കൊന്നു

പി പി ചെറിയാന്‍ Published on 10 March, 2026
അമ്മയെ മര്‍ദ്ദിക്കുന്നത് കണ്ട 11-കാരന്‍ കാമുകനെ വെടിവെച്ചു കൊന്നു

ഫിലാഡല്‍ഫിയ : അമേരിക്കയിലെ സൗത്ത് വെസ്റ്റ് ഫിലാഡല്‍ഫിയയില്‍ അമ്മയെ ശാരീരികമായി ഉപദ്രവിക്കുന്നത് കണ്ട 11 വയസ്സുകാരന്‍ അമ്മയുടെ കാമുകനെ വെടിവെച്ചു കൊന്നു. 30 വയസ്സുകാരനായ ജെയ്മീര്‍ ജോണ്‍സ് വാക്കര്‍ ആണ് കൊല്ലപ്പെട്ടത്. മാര്‍ച്ച് 5-ന് രാത്രിയായിരുന്നു സംഭവം.

വാക്കറും കാമുകിയും (കുട്ടിയുടെ അമ്മ) തമ്മില്‍ ഇവരുടെ നവജാത ശിശുവിനെ സന്ദര്‍ശിക്കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കം നിലനിന്നിരുന്നു. തര്‍ക്കം രൂക്ഷമായതോടെ വാക്കര്‍ യുവതിയെ മുറിക്കുള്ളിലിട്ട് മര്‍ദ്ദിക്കാന്‍ തുടങ്ങി.

അമ്മ ക്രൂരമായി മര്‍ദ്ദനമേല്‍ക്കുന്നത് കണ്ട കുട്ടി, അമ്മയുടെ പേരില്‍ ലൈസന്‍സുള്ള തോക്കെടുത്ത് വാക്കറുടെ മുഖത്തേക്ക് വെടിയുതിര്‍ക്കുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ ഇയാള്‍ മരിച്ചു.

വെടിവെപ്പിന് ശേഷം കുട്ടിയും അമ്മയും പോലീസുമായി പൂര്‍ണ്ണമായി സഹകരിച്ചു. അമ്മയെ രക്ഷിക്കാന്‍ വേണ്ടിയാണ് കുട്ടി ഇത് ചെയ്തതെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

കൊലപാതകത്തിന് ഉപയോഗിച്ച സെമി ഓട്ടോമാറ്റിക് പിസ്റ്റള്‍ പോലീസ് സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തു.

നിലവില്‍ കുട്ടിക്കെതിരെ കേസുകളൊന്നും ചാര്‍ജ് ചെയ്തിട്ടില്ല. ഈ പ്രായത്തില്‍ ഇത്തരമൊരു കടുത്ത തീരുമാനമെടുത്ത കുട്ടി അനുഭവിക്കുന്ന മാനസികാഘാതത്തെക്കുറിച്ച് അയല്‍വാസികള്‍ ആശങ്ക പ്രകടിപ്പിച്ചു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക