Image

പെന്‍സില്‍വേനിയയില്‍ ട്രാഫിക് പരിശോധനയ്ക്കിടെ സ്റ്റേറ്റ് ട്രൂപ്പര്‍ വെടിയേറ്റു മരിച്ചു

പി പി ചെറിയാന്‍ Published on 10 March, 2026
പെന്‍സില്‍വേനിയയില്‍ ട്രാഫിക് പരിശോധനയ്ക്കിടെ സ്റ്റേറ്റ് ട്രൂപ്പര്‍ വെടിയേറ്റു മരിച്ചു

പെന്‍സില്‍വേനിയ : അമേരിക്കയിലെ ചെസ്റ്റര്‍ കൗണ്ടിയില്‍ ട്രാഫിക് പരിശോധനയ്ക്കിടെ പെന്‍സില്‍വേനിയ സ്റ്റേറ്റ് പോലീസ് കോര്‍പ്പറല്‍ തിമോത്തി ഒക്കോണര്‍ (40) വെടിയേറ്റു മരിച്ചു. ഞായറാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. പ്രതിയായ ഡ്രൈവര്‍ പിന്നീട് സ്വയം വെടിവെച്ച് മരിച്ചു.

അപകടകരമായ രീതിയില്‍ വാഹനമോടിക്കുന്നു എന്ന പരാതിയെത്തുടര്‍ന്ന് വാഹനം തടഞ്ഞു നിര്‍ത്തി പരിശോധിക്കുമ്പോഴാണ് തിമോത്തിക്ക് നേരെ വെടിയുണ്ടയേറ്റത്. വാഹനത്തിലുണ്ടായിരുന്ന ജെസ്സി നഥാന്‍ എല്‍ക്‌സ് (32) എന്നയാളാണ് വെടിവെച്ചത്.

തിമോത്തിയെ വെടിവെച്ച ശേഷം ജെസ്സി വാഹനത്തില്‍ നിന്നിറങ്ങി അല്പം മാറി സ്വയം വെടിവെച്ച് മരിക്കുകയായിരുന്നു. ഇയാള്‍ക്ക് മുന്‍പ് ഗൗരവകരമായ ക്രിമിനല്‍ പശ്ചാത്തലമില്ലെന്ന് പോലീസ് അറിയിച്ചു.

15 വര്‍ഷമായി സര്‍വീസിലുള്ള തിമോത്തി ഒക്കോണര്‍ ഒരു യഥാര്‍ത്ഥ ഹീറോയാണെന്ന് ഗവര്‍ണര്‍ ജോഷ് ഷാപ്പിറോ അനുസ്മരിച്ചു. അദ്ദേഹത്തോടുള്ള ആദരസൂചകമായി തിങ്കളാഴ്ച ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടി.

ഭാര്യയും ഒരു കൊച്ചു മകളുമാണ് തിമോത്തിക്ക് ഉള്ളത്. 'എന്റെ മകന്‍ ധീരനായ സംരക്ഷകനായിരുന്നു' എന്ന് അദ്ദേഹത്തിന്റെ അമ്മ സമൂഹമാധ്യമത്തില്‍ കുറിച്ചു.

അപ്രതീക്ഷിതമായി നടന്ന ഈ ആക്രമണത്തിന്റെ ഞെട്ടലിലാണ് പ്രാദേശിക ഭരണകൂടവും സഹപ്രവര്‍ത്തകരും.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക