
ദുബൈയിലെ യുഎസ് കോൺസലേറ്റിനു സമീപം ചൊവാഴ്ച്ച വൈകി ഇറാൻ നടത്തിയ ആക്രമണത്തിൽ തീപിടിത്തമുണ്ടായി. കെട്ടിടത്തിനു കേടുപാടുകളില്ല, ആളപായവും ഇല്ല.
യുഎസ് കാര്യാലയങ്ങൾ ലക്ഷ്യമാക്കി ഇറാൻ ആക്രമണം തുടരുമ്പോൾ കുവൈറ്റിൽ 11 വയസുള്ള പെൺകുട്ടി ഡ്രോണുകളുടെ ചീളുകൾ തെറിച്ചു വീണു മരിച്ചു. കുട്ടി കുവൈറ്റി സ്വദേശി അല്ലെന്നും പ്രവാസി ആണെന്നും റിപ്പോർട്ടുണ്ട്.
ദുബൈയിൽ, ചൊവ്വാഴ്ച്ച രാത്രി ഉഗ്ര സ്ഫോടന ശബ്ദം കേട്ടതായി നഗര വാസികൾ രാജ്യാന്തര വാർത്താ ഏജൻസികളോട് പറഞ്ഞു. അതേ തുടർന്നാണ് തീപിടിത്തം ഉണ്ടായത്.
പോലീസ് പെട്ടെന്നു തന്നെ റോഡുകൾ അടച്ചു. അഗ്നിശമന സേന പാഞ്ഞെത്തി.
കോൺസലേറ്റിനു നേരെ ആക്രമണം ഉണ്ടായെന്നു യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാർക്കോ റുബിയോ സ്ഥിരീകരിച്ചു. എല്ലാ സ്റ്റാഫ് അംഗങ്ങളും സുരക്ഷിതരാണെന്നും അദ്ദേഹം പറഞ്ഞു.
"ചാൻസലറി ബിൽഡിംഗിനു തൊട്ടു പാർക്കിംഗ് ലോട്ടിലാണ് ഡ്രോൺ അടിച്ചത്. ഉടൻ തീപിടിത്തം ഉണ്ടായി."
ദുബായ് മീഡിയ ഓഫിസ് പറഞ്ഞു: "തീ പിടിത്തം നിയന്ത്രിച്ചെന്നു ദുബായ് അധികൃതർ അറിയിച്ചു. എമർജൻസി ടീമുകൾ ഉടൻ രംഗത്തെത്തി. ആർക്കും പരുക്കേറ്റിട്ടില്ല.
കപ്പലിൽ ആക്രമണം
യു എ ഇയിൽ ഫുജൈറ തീരത്തിനു സമീപം കപ്പലിൽ മിസൈലോ ഡ്രോണോ പതിച്ചെന്നു ബ്രിട്ടന്റെ സമുദ്ര സുരക്ഷാ ഏജൻസി യുകെഎംടിഓ റിപ്പോർട്ട് ചെയ്തു. ഫുജൈറയ്ക്കു 13 കിലോമീറ്റർ അകലെ ആയിരുന്നു കപ്പൽ.
ചെറിയ തോതിൽ കേടുപാടുകൾ ഉണ്ടായി, എന്നാൽ തീ പിടിത്തമോ ആളപായമോ ഉണ്ടായില്ല. കപ്പലിൽ വെള്ളം കയറിയിട്ടുമില്ല. എല്ലാ ക്രൂ അംഗങ്ങളും സുരക്ഷിതരാണ്.
ഒമാന് സമീപം മറ്റൊരു കപ്പൽ ആക്രമിക്കപ്പെട്ടെന്നും ഏജൻസി പറഞ്ഞു.
രാത്രി മുഴുവൻ ഇറാനിൽ ആക്രമണം
യുഎസ്-ഇസ്രയേൽ സൈന്യങ്ങൾ ചൊവാഴ്ച്ച രാത്രി തുടർച്ചയായി ഇറാനിൽ ആക്രമണം നടത്തിയെന്നു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇറാന്റെ സൈനിക, അടിസ്ഥാന സംവിധാനങ്ങൾ ലക്ഷ്യമാക്കി 2,000 ഇടത്തു ആക്രമിച്ചു എന്നാണ് സെന്റ്‌കോം നൽകുന്ന വിവരം.
മിസൈൽ ബാറ്ററികൾ, കമാൻഡ്-കൺട്രോൾ സെന്ററുകൾ, ആകാശ പ്രതിരോധം, നാവിക കേന്ദ്രങ്ങൾ എന്നിവയെല്ലാം ആക്രമിച്ചു. ഇറാന്റെ 11 കപ്പലുകൾ മുക്കി.
ടെഹ്‌റാന് പുറമെ ഇസ്ഫഹാൻ, ഖോം, ഉർമിയ നഗരങ്ങൾ ഉൾപ്പെടെ ഇറാന്റെ മറ്റു ഭാഗങ്ങളിലും ശക്തമായ ആക്രമണം ഉണ്ടായി.
തിരിച്ചടിയുടെ ഭാഗമായി ഇറാൻ വിപ്ലവ സേന ഹോർമുസ് കടലിടുക്ക് അടച്ചിട്ടു കപ്പലുകൾ തടഞ്ഞു. ഹോർമുസിലേക്കു കടക്കാൻ ശ്രമിച്ച 10 കപ്പലുകൾ തകർത്തെന്നു സേന പറഞ്ഞു.
ഇറാനിൽ 800 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ട്. മിനാബ് സ്കൂൾ ആക്രമിച്ചപ്പോൾ മരിച്ച 180 പെൺകുട്ടികൾ ഉൾപെടെയാണിത്.
ഇറാന്റെ സൈനിക പ്രഹര ശേഷി കുറഞ്ഞുവരികയാണെന്നു സെന്റ്‌കോം മേധാവി കൂപ്പർ പറഞ്ഞു.
US consulate hit in Dubai