Image

ഖമേനായിക്കു പകരം മകൻ മോജ്തുബ ഇറാൻ ആധ്യാത്മിക-രാഷ്ട്രീയ പരമാധികാരിയാവും (പിപിഎം)

Published on 04 March, 2026
ഖമേനായിക്കു പകരം മകൻ മോജ്തുബ ഇറാൻ ആധ്യാത്മിക-രാഷ്ട്രീയ പരമാധികാരിയാവും (പിപിഎം)

യുഎസ്-ഇസ്രയേൽ സംയുക്ത ആക്രമണത്തിൽ വധിക്കപ്പെട്ട ഇറാന്റെ പരമാധികാരി ആയത്തൊള്ള അലി ഖമേനായിക്കു പകരം ആ സ്ഥാനത്തേക്ക് അദ്ദേഹത്തിന്റെ രണ്ടാമത്തെ മകൻ മോജ്തുബ ഹൊസെയ്‌നി ഖമേനായിയെ തിരഞ്ഞെടുത്തു. ഈ തിരഞ്ഞെടുപ്പിനു പുണ്യനഗരമായ ഖോമിൽ ഇറാന്റെ അസംബ്ലി ഓഫ് എക്സ്പെർട്സ് യോഗം  ചേരുമ്പോൾ ആ കെട്ടിടം അടിച്ചു തകർത്തെന്നു ഇസ്രയേൽ ചൊവാഴ്ച്ച അവകാശപ്പെട്ടെങ്കിലും ഇറാൻ അതു നിഷേധിച്ച ശേഷമാണു ഈ അറിയിപ്പുണ്ടായത്.

ഖമേനായിയുടെ ഭാര്യയും മകളും പേരക്കുട്ടിയും ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ ശനിയാഴ്ച്ച ഉണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഖമേനായി ജനിച്ചു വളർന്ന മാഷാദിൽ ബുധനാഴ്ച്ച സംസ്കാരം നടത്തും.

ഇറാൻ എന്ന പുരാതന പേർഷ്യൻ മണ്ണിൽ, അധികാരം എന്നത് എപ്പോഴും വാൾമുനയിൽ നിൽക്കുന്ന ഒന്നാണ്. ആ അധികാര ഇടനാഴികളിലെ ഏറ്റവും നിഗൂഢമായ നിഴലായിരുന്നു  മോജ്തുബ  ഖമനേയി.

1969-ൽ മാഷാദിലെ വിശുദ്ധ നഗരത്തിൽ ജനിച്ച  മോജ്തുബ, മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും വലിയൊരു പാരമ്പര്യത്തിലേക്കാണ് ഉണർന്നത്. പിതാവ് പരമോന്നത നേതാവായതോടെ അദ്ദേഹത്തിന്റെ ജീവിതം പൂർണ്ണമായും മാറിമറിഞ്ഞു. ഖോമിൽ സെമിനാരികളിലെ മതപഠനം കഴിഞ്ഞു ഇറാൻ-ഇറാഖ് യുദ്ധക്കളത്തിലെ അനുഭവങ്ങളും അദ്ദേഹത്തെ കർക്കശക്കാരനായ ഒരു വ്യക്തിയാക്കി മാറ്റി.

രാഷ്ട്രീയത്തിന്റെ തിരക്കുകൾക്കിടയിലും, 2004-ൽ അദ്ദേഹം ഗോലാം അലി ഹദാദ്-അദലിന്റെ മകൾ സഹാറയെ വിവാഹം കഴിച്ചു. അധികാരത്തിന്റെ ഉന്നതിയിലുള്ള രണ്ട് കുടുംബങ്ങളുടെ ഒന്നിക്കലായിരുന്നു അത്. ഈ ബന്ധത്തിൽ അവർക്ക് മൂന്ന് കുട്ടികൾ പിറന്നു. അധികാരം കുടുംബത്തിൽ തന്നെ നിലനിർത്താനുള്ള ഒരു നീക്കമായി പലരും ഇതിനെ കണ്ടു.

ഔദ്യോഗിക പദവികൾ ഒന്നുമില്ലെങ്കിലും,  മോജ്തുബ  പിതാവിന്റെ ഓഫീസിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായിരുന്നു. വിപ്ലവ സേന എന്നറിയപ്പെടുന്ന ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർസിലെ (IRGC) ഉന്നതരുമായുള്ള അദ്ദേഹത്തിന്റെ ചങ്ങാത്തം അറിയപ്പെട്ടിരുന്നു. 2009-ലെ തിരഞ്ഞെടുപ്പിനെത്തുടർന്നുണ്ടായ പ്രക്ഷോഭങ്ങൾ അടിച്ചമർത്തുന്നതിൽ അദ്ദേഹം നിർണ്ണായക പങ്ക് വഹിച്ചു. ഈ ഇടപെടലുകൾ അദ്ദേഹത്തെ അമേരിക്കയുടെ ഉപരോധപ്പട്ടികയിൽ എത്തിച്ചു.

മോജ്തുബ  പിൻഗാമിയാകണമെന്ന് പല സൈനിക നേതാക്കളും ആഗ്രഹിച്ചെങ്കിലും, ഖമനേയിക്ക് അതിൽ അതൃപ്തിയുണ്ടായിരുന്നു. "കുടുംബവാഴ്ച" എന്ന പേരുദോഷം തന്റെ ഭരണത്തെ ബാധിക്കുമെന്ന് അദ്ദേഹം ഭയപ്പെട്ടു. ഇത് പിതാവും മകനും തമ്മിലുള്ള ബന്ധത്തിൽ ഒരു അകൽച്ചയുണ്ടാക്കി.

ഖമനേയിയുടെ മരണത്തോടെ കാര്യങ്ങൾ മാറിമറിഞ്ഞു.  മോജ്തുബയെ നേതാവാക്കാൻ ഒരു വിഭാഗം ശ്രമിക്കുമ്പോൾ, ഭരണഘടനാപരമായ തടസ്സങ്ങളും എതിർപ്പുകളും ശക്തമായിരുന്നു.

Khameini's son to replace him

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക