Image

അന്തസ്സും ആത്മാഭിമാനവും വ്യക്തിത്വവും പുരുഷനും ഉണ്ട് ; വിവാഹബന്ധം നിലനില്‍ക്കെ കാമുകനില്‍ പിറന്ന കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റിലെ പിതാവിന്റെ പേരുമാറ്റാന്‍ അനുവദിച്ച് കോടതി

Published on 03 March, 2026
അന്തസ്സും ആത്മാഭിമാനവും വ്യക്തിത്വവും പുരുഷനും ഉണ്ട് ; വിവാഹബന്ധം നിലനില്‍ക്കെ കാമുകനില്‍ പിറന്ന കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റിലെ പിതാവിന്റെ പേരുമാറ്റാന്‍ അനുവദിച്ച് കോടതി

കൊച്ചി: വിവാഹബന്ധം നിലനില്‍ക്കെ കാമുകനില്‍ പിറന്ന കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റിലെ പിതാവിന്റെ പേരുമാറ്റാന്‍ അനുവദിക്കണമെന്ന യുവതിയുടെ ആവശ്യം അനുവദിച്ച് ഹൈക്കോടതി. അന്തസ്സും ആത്മാഭിമാനവും വ്യക്തിത്വവും സ്ത്രീക്ക് മാത്രമല്ല പുരുഷനും ഉണ്ടെന്ന്, ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ നിരീക്ഷിച്ചു. തൃശ്ശൂര്‍ സ്വദേശിയായ യുവതിയും രണ്ടാം ഭര്‍ത്താവുമായിരുന്നു ഹര്‍ജിക്കാര്‍.

ആദ്യ വിവാഹബന്ധം നിലനില്‍ക്കെ 2017 ല്‍ പിറന്ന പെണ്‍കുഞ്ഞിന്റെ ജനന സര്‍ട്ടിഫിക്കറ്റില്‍ ആദ്യ ഭര്‍ത്താവിന്റെ പേരായിരുന്നു പിതാവിന്റെ സ്ഥാനത്ത് രേഖപ്പെടുത്തിയത്. ആറുവര്‍ഷത്തോളം കുട്ടിയുടെ പിതാവ് താനാണെന്നാണ് ആദ്യഭര്‍ത്താവ് കരുതിയത്. വൈവാഹിക ജീവിതത്തിലെ അസ്വാരസ്യത്തെത്തുടര്‍ന്ന് 2023-ല്‍ ഉഭയസമ്മതപ്രകാരം ഇരുവരും വിവാഹമോചിതരായി. തുടര്‍ന്ന് യുവതി കാമുകനെ വിവാഹം കഴിച്ചു.

ആദ്യ ആഭര്‍ത്താവിനെ അറിയിക്കാതെ കുട്ടിയുടെ ജനനസര്‍ട്ടിഫിക്കറ്റിലെ പേരുവെട്ടി രണ്ടാം ഭര്‍ത്താവിന്റെ പേര് ചേര്‍ക്കണമെന്ന ആവശ്യവുമായാണ് യുവതി ഹര്‍ജി നല്‍കിയത്. ആദ്യ ഭര്‍ത്താവിനെയും കക്ഷിയാക്കാന്‍ കോടതി നിര്‍ദേശിച്ചു. എന്നാല്‍, ആറുവര്‍ഷത്തോളം തന്റെ കുട്ടിയാണെന്നു കരുതിയ കുഞ്ഞിന്റെ ജനന സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പേരുമാറ്റാന്‍ എതിര്‍പ്പില്ലെന്ന് ആദ്യ ഭര്‍ത്താവും അറിയിച്ചു. ആദ്യ ഭര്‍ത്താവിന്റെ മാന്യമായ സമീപനവും കുട്ടിയുടെ ഭാവിയും കരുതിയാണ് പേരില്‍ മാറ്റം വരുത്താന്‍ അനുമതി നല്‍കുന്നതെന്ന് കോടതി വ്യക്തമാക്കി. ദാമ്പത്യ വിശ്വാസ്യതയ്ക്ക് വലിയ സാമൂഹികമൂല്യമുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നതുപോലുള്ള സാഹചര്യം പുരുഷന്റെ പൗരുഷത്വത്തെയും അന്തസ്സിനെയും പരിഹസിക്കുന്നതാണെന്നും കോടതി പറഞ്ഞു. ജനന സര്‍ട്ടിഫിക്കറ്റില്‍ പിതാവിന്റെ പേരുമാറ്റാന്‍ ഡിഎന്‍എ പരിശോധന അടക്കമുള്ള നടപടികള്‍ ആവശ്യമാണ്. അല്ലെങ്കില്‍ കോടതിയുടെ ഉത്തരവ് വേണം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക