Image

ശൈത്യ കൊടുംകാറ്റിൽ നോർത്ത്ഈസ്റ്റ് വിറകൊള്ളും; പ്രതീക്ഷിച്ചതിലും രൂക്ഷമാവാൻ സാധ്യത (പിപിഎം)

Published on 22 February, 2026
 ശൈത്യ കൊടുംകാറ്റിൽ നോർത്ത്ഈസ്റ്റ് വിറകൊള്ളും;  പ്രതീക്ഷിച്ചതിലും രൂക്ഷമാവാൻ സാധ്യത (പിപിഎം)

യുഎസ് ഈസ്റ്റ് കോസ്റ്റിൽ ഞായറാഴ്ച്ച പ്രതീക്ഷിക്കുന്ന അതിശക്തമായ മഞ്ഞുകാറ്റിൽ ന്യൂ യോർക്ക് സിറ്റി മുതൽ ബോസ്റ്റൺ വരെയുള്ള മേഖലകളിൽ 24 ഇഞ്ചു വരെ ഉയരത്തിൽ മഞ്ഞു മൂടുമെന്നു കാലാവസ്ഥാ നിരീക്ഷകർ. നേരത്തെ പ്രവചിച്ചിരുന്നതിനേക്കാൾ ഗുരുതരമായ പ്രതിസന്ധിയാണ് എത്തുന്നതെന്നു ശനിയാഴ്ച്ച നാഷണൽ വെതർ സർവീസ് നൽകിയ അറിയിപ്പുകൾ സൂചിപ്പിക്കുന്നു.

'ബോംബ് സൈക്ലോൺ' എന്നു വിശേഷിപ്പിക്കുന്ന കൊടുംകാറ്റ് ഇന്റെർസ്റ്റേറ്റ് 95 ഇടനാഴിയിലൂടെ അലറിയടിക്കുമ്പോൾ പ്രമുഖ നോർത്ത്ഈസ്റ്റ് നഗരങ്ങൾ വിറകൊള്ളുമെന്നാണ് പ്രവചനം.

കൊടുംകാറ്റിന്റെ താക്കീത് ന്യൂ യോർക്ക് സിറ്റി, ലോംഗ് ഐലൻഡ്, ന്യൂ ജേഴ്‌സി, കണക്റ്റിക്കറ്റ്, മാസച്യുസെറ്റ്സ് എന്നിവിടങ്ങളിൽ നൽകിക്കഴിഞ്ഞു. കിഴക്കൻ മാസച്യുസെറ്റ്സിലും ന്യൂ യോർക്ക്, ന്യൂ ജേഴ്‌സിയിലും പ്രളയ സാധ്യത കാണുന്നു.  

രണ്ടടി വരെ ഉയരത്തിൽ നിറയാവുന്ന മഞ്ഞാണ് മറ്റൊരു ഭീഷണി.

മില്യൺ കണക്കിന് ആളുകൾക്കു സാധാരണ ജീവിതം അസാധ്യമാക്കുന്ന കാലാവസ്ഥ സമീപകാലത്തെ ഏറ്റവും രൂക്ഷമായതാണ്. യാത്രകൾ ഒഴിവാക്കാനാണ് അധികൃതർ ജനങ്ങൾക്ക് നൽകുന്ന പ്രധാന നിർദേശം.

വടക്കു കിഴക്കു നിന്നുള്ള അതിശക്തമായ കൊടുംകാറ്റാണ്‌ (nor'easter) വരുന്നതെന്നു അക്കുവെതർ പറയുന്നു. 'ന്യൂ യോർക്ക് പോസ്റ്റ്' റിപ്പോർട്ട് അനുസരിച്ചു ഡെലവെയർ മുതൽ മെരിലാൻഡും ന്യൂ യോർക്കും ബോസ്റ്റണും ഉൾപ്പെടെയുള്ള മേഖലകളെ അത് ബാധിക്കുമ്പോൾ 30 മില്യണിലധികം ആളുകൾ ദുരിതം നേരിടും.  

ഞായറാഴ്ച്ച രാവിലെ 6 മുതൽ ജാഗ്രതാ നിർദേശം നിലവിൽ വരും. തിങ്കളാഴ്ചയിലേക്കു നീളുന്ന കൊടുംകാറ്റിനു മണിക്കൂറിൽ 60 മൈൽ വേഗത ഉണ്ടാവാം. പല ഭാഗത്തും മണിക്കൂറിൽ മൂന്നിഞ്ചു വരെ മഞ്ഞു വീഴും.  

തീരങ്ങളിൽ വെള്ളപ്പൊക്കം പ്രതീക്ഷിക്കാം. വൈദ്യുതി നഷ്ടവും അനിവാര്യമാണ്.

1,700ലധികം ഫ്ലൈറ്റുകൾ റദ്ദാക്കിയതായി ശനിയാഴ്ച്ച ജെ എഫ് കെ, ല ഗാർഡിയ, നുവാർക്ക്, ബോസ്റ്റൺ ലോഗൻ വിമാനത്താവളങ്ങൾ അറിയിച്ചു.

അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

ന്യൂ യോർക്ക് സിറ്റിക്കു ഗവർണർ കാത്തി ഹോക്കൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ലോംഗ് ഐലൻഡ്, സതേൺ വെസ്റ്റ്ചെസ്റ്റർ കൗണ്ടി എന്നീ ഭാഗങ്ങളെയും ഉൾപെടുത്തുന്നതാണീ പ്രഖ്യാപനം.

ഞായറാഴ്ച്ച രാവിലെ 6 മുതൽ തിങ്കളാഴ്ച്ച വൈകിട്ട് 6 വരെ ജാഗ്രതാ താക്കീതു നൽകിയ മേയർ സോഹ്രാൻ മാംദാനി, സുരക്ഷ ഉറപ്പാക്കാൻ ജനങ്ങളോട് അഭ്യർഥിച്ചു.

ന്യൂ ജേഴ്സിയിൽ ഗവർണർ മൈക്കി ഷെറിൽ 21 കൗണ്ടികളിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. "ന്യൂ ജേഴ്സിയിൽ ജീവിക്കുന്നവർ മുൻകരുതൽ എടുക്കണമെന്നു ഞാൻ അഭ്യർത്ഥിക്കുന്നു. യാത്രകൾ ഒഴിവാക്കുക, എല്ലാ സുരക്ഷാ മുൻകരുതലുകളും എടുക്കുക."

ഞായറാഴ്ച്ച താപനില 30നു ചുറ്റും ആയിരിക്കുമെന്നു അക്കുവെതർ പറയുന്നു. തിങ്കളാഴ്ച്ച അല്പം കൂടി ചൂട് ഉണ്ടാവാം.

മഞ്ഞുരുകി തീരാൻ ഒരാഴ്ച്ച വരെ സമയമെടുക്കും എന്നാണ് വിലയിരുത്തൽ.

'Bomb cyclone' in Northeast could be more severe than predicted  

 

 

 ശൈത്യ കൊടുംകാറ്റിൽ നോർത്ത്ഈസ്റ്റ് വിറകൊള്ളും;  പ്രതീക്ഷിച്ചതിലും രൂക്ഷമാവാൻ സാധ്യത (പിപിഎം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക