
പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭരണത്തിൽ അമേരിക്കൻ രാഷ്ട്രീയം വെറും കോമാളിത്തരമായി മാറിയെന്നു മുൻ പ്രസിഡന്റ് ബരാക്ക് ഒബാമ വിമർശിച്ചു. ശനിയാഴ്ച്ച ബ്രയാൻ ടെയ്‌ലർ കോഹന്റെ 'No Lie' പോഡ്‌കാസ്റ്റിലാണ് ആദ്യമായി ഇത്രയും തുറന്നടിച്ച വിമർശനം ഒബാമ ഉയർത്തിയത്.
ഒബാമയെയും ഭാര്യ മിഷേൽ ഒബാമയെയും കുരങ്ങുകളായി ചിത്രീകരിക്കുന്ന വീഡിയോ ട്രംപ് തന്റെ സോഷ്യൽ മീഡിയ 'ട്രൂത് സോഷ്യലി'ൽ പോസ്റ്റ് ചെയ്‌തതിനെ കുറിച്ച് ആദ്യമായി മുൻ പ്രസിഡന്റ് പ്രതികരിച്ചു. "ഇതൊക്കെ ചെയ്യാൻ ആളുകൾക്കു നാണമില്ലാതായി എന്നതാണ് ഖേദകരം. പ്രസിഡന്റ് പദവിക്കു മാന്യതയും പവിത്രതയും ഉണ്ടെന്നു നമ്മൾ വിശ്വസിച്ചിരുന്നു, ഇല്ലേ? അത് നഷ്ടമായിരിക്കുന്നു."
ഇത്തരം പെരുമാറ്റം റിപ്പബ്ലിക്കൻ പാർട്ടിക്ക് ഇടക്കാല തിരഞ്ഞെടുപ്പിൽ പ്രശ്നമുണ്ടാക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അടുത്തിടെ വൈറ്റ് ഹൗസിൽ നിന്നു വരുന്ന ശബ്ദഘോഷം ജനങ്ങളെ വളരെ അസ്വസ്ഥരാക്കുന്നുണ്ടെന്നും ഒബാമ പറഞ്ഞു. മിനിയപോളിസിൽ ഫെഡറൽ ഏജന്റുമാർ വെടിവച്ചു കൊന്ന രണ്ടു പൗരന്മാരെ 'ആഭ്യന്തര ഭീകരർ' എന്നു വിശേഷിപ്പിച്ചത് വൈറ്റ് ഹൗസ് ശ്രദ്ധ തിരിക്കാൻ ഉപയോഗിക്കുന്ന ഭാഷയുടെ ഉദാഹരണമായി ഒബാമ ചൂണ്ടിക്കാട്ടി.
"ഒട്ടു മിക്ക പൗരന്മാരും ഇപ്പോഴും മാന്യതയിലും മര്യാദയിലും കാരുണ്യത്തിലും വിശ്വസിക്കുന്നു. സോഷ്യൽ മീഡിയയിലും ടെലിവിഷനിലും നമ്മൾ കാണുന്നത് കോമാളിത്തരമാണ്."
റിപ്പബ്ലിക്കൻ പാർട്ടി അവർക്കു ഇഷ്ടപ്പെട്ട കാര്യങ്ങൾ ചെയ്യുക മാത്രമാണ് എന്ന വാദം ഒബാമ തള്ളി. "അവർ എന്താണ് ചെയ്തത്? ഐസിനും അവരുടെ കുടിയേറ്റ അജണ്ടയ്ക്കും വേണ്ടി വൻ തോതിൽ പണമിറക്കി. സമ്പന്നർക്കു നികുതി കുറച്ചു. ഇപ്പോൾ നിലവിലുള്ള കുറെ നിയമങ്ങളും ചട്ടങ്ങളും ഇല്ലാതാക്കാൻ ശ്രമിക്കുകയാണ്. അത് എത്ര എളുപ്പം.
"നമ്മുടെ ജോലിയിൽ ഉയർന്നു വരുന്ന വെല്ലുവിളികൾ നേരിടാൻ നമ്മൾ തയ്യാറായിരിക്കണം."
ഡെമോക്രാറ്റുകൾ വേണ്ടത്ര ശക്തിയായി പ്രതികരിക്കുന്നില്ല എന്ന ആക്ഷേപം ശ്രദ്ധയിൽ പെടുത്തിയപ്പോൾ ഒബാമ പറഞ്ഞു: "എനിക്ക് തോന്നുന്നത് നമ്മൾ ചിലപ്പോൾ ഡെമോക്രാറ്റുകളെ ആവശ്യമില്ലാതെ വിമർശിക്കുന്നു എന്നാണ്. ഞാൻ യുഎസ് പ്രസിഡന്റ് ആയിരുന്നപ്പോൾ എനിക്ക് വോട്ട് ചെയ്യാത്ത സംസ്ഥാനങ്ങളിലേക്ക് പട്ടാളത്തെ അയക്കാമായിരുന്നു, ഗവർണറെ വിരട്ടാമായിരുന്നു, ഫണ്ടിംഗ് തടയാമായിരുന്നു. എന്നാൽ ജനാധിപത്യം അങ്ങിനെയാണ് പ്രവർത്തിക്കുക എന്നു ഞാൻ കരുതുന്നില്ല."
Obama calls Trump-era politics a 'clown show'